മലപ്പുറം
ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ഒരു നഗരമാണ് മലപ്പുറം. മലപ്പുറം ജില്ലയുടെ ആസ്ഥാന നഗരമാണ്. കോഴിക്കോടും പാലക്കാടുമാണ് അയൽ ജില്ലകൾ. 33.61 ചതുരശ്ര കിലോമീറ്ററാണ് (12.98 ചതുരശ്ര മൈൽ) മലപ്പുറം നഗരത്തിന്റെ വിസ്തീർണം. മലപ്പുറം ജില്ലയുടെ ഭരണസിരാകേന്ദ്രമായി പ്രവർത്തിക്കുന്നത് 1970-ൽ രൂപീകൃതമായ ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ മലപ്പുറം മുനിസിപ്പാലിറ്റിയാണ്. 40 വാർഡുകളായി വിഭജിച്ചിരിക്കുന്ന നഗരത്തിൻറെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 2083 ആളുകളാണ്. 2011-ലെ സെൻസസ് അനുസരിച്ചു 1,698,645 ജനസംഖ്യയുള്ള മലപ്പുറം അർബൻ സമൂഹമാണ് കേരളത്തിലെ ഏറ്റവും വലിയ നാലാമത്തെ അർബൻ സമൂഹം. കോഴിക്കോട് നഗരത്തിൽനിന്നും 54 കിലോമീറ്ററും പാലക്കാട് നഗരത്തിൽനിന്നും 90 കിലോമീറ്ററും കോയമ്പത്തൂർ നഗരത്തിൽനിന്നും 140 കിലോമീറ്റർ അകലെയുമാണ് മലപ്പുറം നഗരം.
ചരിത്രം
യൂറോപ്യന്മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു ഒരുകാലത്ത് മലപ്പുറം. മദ്രാസ് സ്പെഷ്യൽ പോലീസ് പിന്നീട് കേരള പിറവിയോടെ മലബാർ സ്പെഷ്യൽ പോലീസ് ആസ്ഥാനമായി മാറി.ടിപ്പുസുൽത്താൻ പണിത കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ ഉണ്ടായിരുന്നെങ്കിലും വികസനവും ദുരുപയോഗവും കാരണം ഇപ്പോൾ അത് ഇവിടെ നിലനിൽക്കുന്നില്ല.
പ്രാചീനകാലം മുതലേ സൈനിക ആസ്ഥാനമാണ് മലപ്പുറം, എന്നാൽ മലപ്പുറം നഗരത്തിൻറെ പ്രാചീനകാലത്തെ കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. അതേസമയം ഊരകം, മേൽമുറി, പൊന്മള, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ കാണപ്പെട്ട ഫലകങ്ങളിൽനിന്നും ഗുഹാ ലിഖിതങ്ങളിൽനിന്നും ചില ചരിത്ര അടയാളങ്ങൾ ലഭ്യമാണ്. സ്ഥലപേരുകളായ വലിയങ്ങാടി,കൂട്ടിലങ്ങാടി, പള്ളിപ്പുറം തുടങ്ങിയവ മലപ്പുറം നഗരത്തിൻറെ ജൈന – ബുദ്ധമത ചരിത്രത്തെ സൂചിപ്പിക്കുന്നു. മലപ്പുറം നഗരത്തിലെ ഊരകം കുന്നിലെ സമുദ്ര നിരപ്പിൽനിന്നും 2000 അടി മുകളിൽ സ്ഥിതിചെയ്യുന്ന 1500 വർഷം പഴക്കമുള്ള ജൈന അമ്പലം ഇതിനു തെളിവാകുന്നു.
അനവധി ഭരണകർത്താക്കൾക്കു കീഴിൽ ചിതറിക്കിടന്ന മലപ്പുറം നഗരം സാമൂതിരി പടയോട്ടക്കാലത്ത് ഒരേ ഭരണത്തിനു കീഴിൽ വന്നു, അവരുടെ സൈനിക ആസ്ഥാനവുമായി. കോട്ടപ്പടി മൈതാനം ഒരുകാലത്ത് സാമൂതിരി സൈനികരുടെ പരിശീലന സ്ഥലമായിരുന്നു. മൈസൂർ രാജാവായ ഹൈദർ അലി കീഴടക്കുന്നതുവരെ 800 വർഷം സാമൂതിരിമാർ മലപ്പുറം ഭരിച്ചു.
ഇസ്ലാമിക പഠനത്തിൻറെയും വേദ പഠനത്തിൻറെയും കേന്ദ്രമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്നു മലപ്പുറം. ബ്രിട്ടീഷ് ഭരണകാലത്ത് പോരാട്ടങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു മലപ്പുറം, മാപ്പിള ലഹള എന്ന പേരിൽ പ്രശസ്തമാണ്. പൂക്കോട്ടൂർ, ആനക്കയം തുടങ്ങിയ സ്ഥലങ്ങൾ ഇതിൻറെ പേരിൽ പ്രശസ്തമാണ്. ബ്രിട്ടീഷ് സൈന്യത്തിൻറെ ആസ്ഥാനമായിരുന്ന പെരുമ്പറമ്പ് എന്ന മലപ്പുറം നഗരസഭയുടെ ഭാഗമായ സ്ഥലം പിന്നീട് മലബാർ വിപ്ലവത്തിനുശേഷം രൂപീകരിച്ച മലബാർ സ്പെഷ്യൽ പൊലീസിൻറെ (എംഎസ്പി) ആസ്ഥാനമായി.