മാള അരവിന്ദൻ
മലയാള സിനിമ – നാടക അഭിനേതാവായിരുന്നു മാള അരവിന്ദൻ. പ്രധാനമായും ഹാസ്യ വേഷങ്ങളായിരുന്നു സിനിമയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.
ജീവിതരേഖ
എറണാകുളം ജില്ലയിൽ വടവുകോട് എന്ന സ്ഥലത്ത് എക്‌സൈസ് ഉദ്യോഗസ്ഥനായ താനാട്ട് അയ്യപ്പന്റേയും സ്കൂൾ അധ്യാപികയായ പൊന്നമ്മയുടെയും മൂത്ത മകനായിട്ടാണ് അരവിന്ദൻ ജനിച്ചത്. ചെറുപ്പകാലത്ത് തബലിസ്റ്റ് ആയിരുന്ന അരവിന്ദൻ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആദ്യം നാടകങ്ങളിൽ അണിയറയിൽ തബലിസ്റ്റ് ആയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനെ നഷ്ടപ്പെട്ട ശേഷം സംഗീതാധ്യാപികയായ മാതാവിന്റെ ഒപ്പം മാളയിലെ വടമയിൽ വന്നു താമസമാക്കിയ അരവിന്ദൻ പിന്നീട് മാള അരവിന്ദൻ എന്ന പേരിൽ പ്രശസ്തനാവുകയായിരുന്നു.