EncyclopediaHistory

മാച്ചു പിക്‌ച്ചു

കൊളംബിയൻ കാലഘട്ടത്തിനു മുൻപുണ്ടായിരുന്ന ഇൻകൻ സാമ്രാജ്യത്തിൽപ്പെട്ട ഒരു പ്രദേശമാണ്‌ മാച്ചു പിക്ച്ചു. പെറുവിലെ കുസ്കോ നഗരത്തിൽ നിന്നും 80 കി.മീറ്റർ അകലെയുള്ള ഉറുബാംബ താഴ്വരയുടെ മുകളിൽ ഒരു പർവ്വതശിഖരത്തിൽ 2,430 മീറ്റർ (8,000 അടി) ഉയരത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. ഇതിനു സമീപത്തുകൂടി ഉറുബാംബ നദി ഒഴുകുന്നുണ്ട്, ആമസോൺ നദിയുടെ ഒരു കൈവഴിയാണ്‌ ഉറുബാംബ. ഇൻകൻ സമ്രാജ്യത്തിൽപ്പെട്ട പ്രശസ്തമായ പ്രദേശമാണ്‌ മാച്ചു പിക്ച്ചു, “ഇൻകകളുടെ നഷ്ടപ്പെട്ട നഗരം” എന്ന് ഇതിനെ വിളിക്കുന്നു. 1460 ന്‌ അടുത്താണ്‌ ഇത് നിർമ്മിക്കപ്പെട്ടത്, ശേഷം നൂറുവർഷത്തിനകം സ്പാനിഷുകാർ ഇൻകൻ സാമ്രാജ്യത്തിൽ നടത്തിയ കൈയേറ്റത്തോടെ ഇൻകകളുടെ ഔദ്യോഗിക പ്രദേശമെന്ന പരിഗണന നൽകാതെ ശേഷം കൈയൊഴിയപ്പെടുകയും ചെയ്തു. പ്രദേശികമായി അറിയുന്ന പ്രദേശമായിരുന്നെങ്കിലും നൂറ്റാണ്ടുകളോളം ഈ മേഖല പുറം ലോകത്താൽ ശ്രദ്ധിക്കപ്പെടാതെ കിടന്നു. അമേരിക്കൻ ചരിത്രകാരനായിരുന്ന ഹിറാം ബിങ്ങ്ഹാം ആണ്‌ 1911 ഇതിനെ പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. അന്നുമുതൽ ഈ പ്രദേശം വിനോദ സഞ്ചാരികളേയും ചരിത്രകാരൻമാരേയും ആകർഷിക്കുന്ന മേഖലയായി മാറി. 1867 ൽ തന്നെ ജർമ്മൻ വ്യാപാരിയായ ഓഗസ്റ്റോ ബേൺസ് ഈ സ്ഥലം കണ്ടെത്തിയിരുന്നു എന്നാണ്‌ അടുത്തകാലത്തെ വെളിപ്പെടുത്തലുകൾ നൽകുന്ന സൂചന. അതുപോലെ ബ്രിട്ടീഷ് ക്രിസ്തുമത പ്രചാകരനായ തോമസ് പേയ്നെ, ജർമ്മൻ എൻജിനീയറായ ജെ.എം. വോൻ ഹാസെൽ എന്നിവർ ഹിറാമിനേക്കാൾ മുൻപ് 1874 ൽ തന്നെ ഇവിടെ എത്തിചേർന്നു എന്നതിന്‌ ചില തെളിവുകൾ ലഭിച്ചിട്ടുമുണ്ട്.1981 ൽ പെറു ഇതിനെ സം‌രക്ഷിത ചരിത്രസ്മാരകമായി പ്രഖ്യാപിച്ചു, 1983 ൽ യുനെസ്കൊ ഇതിനെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുണ്ടായി. സ്പാനിഷ് അധിനിവേശ കാലത്ത് ഇത് നശിപ്പികപ്പെടാതെ കിടക്കുകയാണുണ്ടായത്, ഇപ്പോൾ ഇതിനെ പ്രാധാന്യമർഹിക്കുന്ന സാംസ്കാരികമായ സം‌രക്ഷിത മേഖലയായി കരുതിപ്പോരുന്നു.മിനുസപ്പെടുത്തിയ കൽമതിലുകൾ ഉപയോഗിച്ചുള്ള പഴയ ഇൻകൻ കാല രീതിയിലാണ്‌ മാച്ചു പിക്ച്ചു നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന കെട്ടിടങ്ങൾ ഇൻതിഹൊതാന, സൂര്യക്ഷേത്രം, മൂന്ന് ജനാലകളുടെ അറ എന്നിവയാണ്‌. ഇവയെല്ലാം മാച്ചു പിക്ച്ചുവിന്റെ പരിപാവന ജില്ല എന്ന് പുരാവസ്തു വിദഗ്ദ്ധന്മാർക്കിടയിൽ അറിയപ്പെടുന്ന സ്ഥലത്താണുള്ളത്. 2007 സെപ്റ്റംബറിൽ പെറുവും യാലെ സർവ്വകലാശാലയും തമ്മിൽ ഒരു കരാറിലേർപ്പെടുകയുണ്ടായി, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഹിറാം ബിങ്ങ്ഹാം ഇവിടെ നിന്നും കടത്തികൊണ്ട് പോയ പുരാവസ്തുക്കൾ തിരിച്ചേൽപ്പിക്കുന്നതിനെ കുറിച്ചാണ്‌ ഈ കരാർ. 2003 ലെ കണക്ക് പ്രകാരം ആ വർഷം 400,000 സഞ്ചാരികൾ ഇവിടം വന്നുപോകുകയുണ്ടായി, ഇത്തരത്തിലുള്ള സന്ദർശകരുടെ പ്രവാഹം ഈ പ്രദേശത്തിന്റെ നിലനില്പിന്‌ ഹാനികരമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ചരിത്രം
1460 ൽ ഇൻകൻ സാമ്രാജ്യം അതിന്റെ ഉന്നതികളിലെത്തിയ കാലത്താണ്‌ മാച്ചു പിക്ച്ചുവിന്റെ നിർമ്മാണം നടന്നത്. നിർമ്മാണ ശേഷം നൂറ് വർഷത്തിനകം തന്നെ ഉപേക്ഷിക്കപ്പെടുകയുണ്ടായി. സ്പാനിഷുകാർ ഈ മേഖലയിൽ അധിനിവേശത്തിനെത്തുന്നതിനു മുൻപ് തന്നെ പടർന്നുപിടിച്ച വസൂരി ബാധയെ തുടർന്ന് ഇവിടത്തുകാർ പൂർണ്ണമായും നശിച്ചു എന്നാണ്‌ കരുതപ്പെടുന്നത്, സ്പാനിഷുകാർക്ക് വിദൂര കേന്ദ്രമായ മാച്ചു പിക്ച്ചുവിനെ കുറിച്ച് അറിയാമായിരുന്നു എന്നതിന്‌ രേഖകളൊന്നും ഇല്ല.