EncyclopediaWild Life

അരണകള്‍

പല്ലി, ഓന്ത് വിഭാഗത്തില്‍പ്പെട്ട മറ്റൊരു ഉരഗവര്‍ഗമാണ് അരണകള്‍.സ്കിങ്ക് എന്ന് പൊതുവേ അറിയപ്പെടുന്ന ഇവ അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പ്രത്യേകിച്ച് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും ഈസ്റ്റ്‌ ഇന്‍ഡീസ് പ്രദേശങ്ങളിലുമാണ് ഇവ ധാരാളമുള്ളത്. പൊതുവേ മണ്ണിലും ചപ്പുചവറുകള്‍ക്കിടയിലും മാളങ്ങളിലുമായി ഒതുങ്ങിക്കഴിയുന്ന നിരുപദ്രവകാരികളാണിവ. എന്നാല്‍ സോളമന്‍ ദ്വീപുകളിലെ ജയന്റ് സ്കിങ്ക് അഥവാ കൊറൂസിയ സെബ്രേറ്റ് എന്ന അരണ ഒരു മരംകേറിയാണ്. അരണകളുടെ ദേഹം പൊതുവേ ഇരുണ്ട തവിട്ടുനിറമോ,മങ്ങിയ പച്ച നിറമോ കലര്‍ന്നതും ചെതുമ്പലുകള്‍ നിറഞ്ഞതുമാണ്. പാമ്പിനോട് സാമ്യമുള്ള തലയും മത്സ്യത്തോട് സാമ്യമുള്ള ദേഹമൊക്കെ ചേരുമ്പോള്‍ ഇവയോട് ഒട്ടൊക്കെ അറപ്പും ഭയവുമാണ് മനുഷ്യനുള്ളത്. അതിനാല്‍ അരണകളെ കൊടിയ വിഷമുള്ള ജീവികളായി കരുതുന്നുമുണ്ട്. ;അരണ കടിച്ചാല്‍ ഉടനെ മരണം’ എന്നുപോലും നമ്മുടെ നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ.എന്നാല്‍ അരണ കടിച്ചു ആരും ഇതുവരെ മരിച്ചതായി കേട്ടിട്ടില്ല.
അരണയുടെ മറവി യും പേര് കേട്ടതാണ്.ഒരാളെ കടിക്കാനായി ഓടിയടുക്കുന്ന അരണ പകുതിക്കുവച്ച് അത് മറന്നു പോകുന്നുവെന്ന് പലരും കരുതുന്നു. ബുദ്ധി അല്പം കുറഞ്ഞവരെ അരണയുടെ ബുദ്ധി എന്ന് കളിയാക്കാറുമുണ്ട്. ചെറുതായിപ്പോലും ചലിക്കുന്ന ഒരു വസ്തുവിനെ കണ്ടാല്‍ അങ്ങോട്ട്‌തിരിഞ്ഞു അതിവേഗം ഓടിയെടുക്കുന്നതും ഇടയ്ക്ക് നിന്ന് പോകുന്നതും അരണയുടെ ഒരു പൊതു സ്വഭാവമാണ്. ഇത് മറവികൊണ്ടാണെന്ന് കരുതേണ്ടതില്ല.
പൊതുവേ മങ്ങിയ നിറമാണെങ്കിലും ചിലയിനം അരണകള്‍ക്ക് വര്‍ണശബളമായ ദേഹമാണ്.പടിഞ്ഞാറന്‍ ആഫ്രിക്കയിലെ റയോപ്പ അരണകള്‍ ദേശത്ത് കടും ചുവപ്പ് പാടുകളുള്ളവയാണ്.പോളിനേഷ്യയില്‍ കാണുന്ന ലൈഗോസോമ ഇനത്തിലെ അരണയ്ക്ക് നീല വാലാണ്.നമ്മുടെ നാട്ടിലും ചിലയിടങ്ങളില്‍ ഈയിനത്തില്‍പെട്ട അരണകളെ കാണാം. കടുംചുവപ്പ് നിറമാണ്‌ ഇവയുടെ വാലിന്. ‘മബുയ’ ഇനത്തില്‍ പെട്ടവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കാണാറുള്ളു അരണകള്‍.
പല്ലികലുടെത് പോലെ ശത്രുക്കള്‍ക്ക് മുന്നില്‍ വാല് മുറിച്ചിട്ട് ഓടിമറയുന്ന സ്വഭാവം അരണയ്ക്കുണ്ട്. കടും നിറത്തില്‍ പിടയുന്ന വാല് ശത്രുവിന്റെ ശ്രദ്ധതിരിക്കാന്‍ സഹയിക്കുന്നു.
പൊതുവേ മുട്ടയിടുന്നവരാണെങ്കിലും കുഞ്ഞുങ്ങളെ പ്രസവിക്കുന്നവരും അരണകള്‍ക്കിടയിലുണ്ട്.