വാലില്‍ സിംഹമുള്ള കുരങ്ങന്‍
കറുകറുത്ത ദേഹം, മുഖത്തിന് ചുറ്റും സട പോലെ നരച്ച നീളന്‍ രോമം, വണ്ണം കുറഞ്ഞൊരു വാല്, വാലിനറ്റത്ത് ഒരു രോമക്കെട്ട്!
ലോകത്തില്‍ പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന സിംഹവാലന്‍ കുരങ്ങുകളുടെ ഏകദേശ രൂപമാണിത്. സിംഹത്തിന്റെ വാല്‍ പോലത്തെ വാലുള്ളതു കൊണ്ടാണ് ഇവയ്ക്ക് ഇങ്ങനെയൊരു പേര് കിട്ടിയത്. കേരളത്തിലെ പശ്ചിമ ഘട്ട മലനിരകളിലും നീലഗിരി കുന്നുകളിലെ ഇടതൂര്‍ന്ന നിത്യഹരിതവനങ്ങളിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ഇക്കൂട്ടര്‍ പെട്ടെന്നാണ് പ്രശസ്തര്‍ ആയത്.
1970 –കളില്‍ സൈലന്റ് വാലി വനപ്രദേശത്തെ കുന്തിപ്പുഴയില്‍ വൈദ്യുതിയുല്പാദനത്തിനായി ഒരു അണക്കെട്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അണക്കെട്ട് വന്നാല്‍ ഏറെ വനഭൂമി വെള്ളത്തിനടിയില്‍ ആകുമെന്നും അത്യപൂര്‍വ്വമായ ജീവജാലങ്ങള്‍ നശിക്കുമെന്നും പറഞ്ഞ് പ്രകൃതി സ്നേഹികള്‍ രംഗത്തെത്തി. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ ഇതോടെ നശിക്കുമെന്നും വാദം ഉയര്‍ന്നു. ഒടുവില്‍ അണക്കെട്ട് നിര്‍മാണം ഉപേക്ഷിച്ചു. അതോടെ സിംഹവാലന്‍ കുരങ്ങുകള്‍ കേരളമാകെ പരിചിതരാവുകയും ചെയ്തു. പിന്നീട് സൈലന്റ് വാലിയെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചു.
ഉയര്‍ന്ന മരങ്ങളില്‍ ചെറുകൂട്ടങ്ങളായി കഴിയുന്ന സിംഹവാലന്‍ കുരങ്ങുകളെ അടുത്ത കാലത്തായി കര്‍ണാടകയിലെ വനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.ഒരു മരത്തില്‍ നിന്നും നിലത്തിറങ്ങിയ ശേഷം മാത്രം അടുത്ത മരത്തിലേക്ക് കയറാനാണ് ഇവയ്ക്ക് താല്പര്യം.