CountryEncyclopediaHistory

ലിബിയ

ലിബിയ,ആഫ്രിക്കാ വൻ‌കരയുടെ വടക്ക് മധ്യധരണ്യാഴിയോടു ചേർന്നു കിടക്കുന്ന തീരദേശ രാഷ്ട്രമാണ്. ആഫ്രിക്കയിലെ നാലാമത്തെയും ലോകത്തിൽ പതിനേഴാമത്തെയും വലിയ രാഷ്ട്രമായ ലിബിയ മെഡിറ്ററേനിയൻ കടലുമായി ഏറ്റവും കൂടുതൽ തീരം പങ്കിടുന്ന രാജ്യമാണ്.
കിഴക്ക് ഈജിപ്ത്, തെക്കുകിഴക്ക് സുഡാൻ, തെക്ക് ചാഡ്, നൈജർ, പടിഞ്ഞാറ്‌ അൽജീറിയ, ടുണീഷ്യ എന്നിവയാണ് ലിബിയയുടെ അയൽരാജ്യങ്ങൾ. രാജ്യത്തിന്റെ തൊണ്ണൂറു ശതമാനത്തോളം മരുഭൂമി ആയതിനാൽ ജനസാന്ദ്രത വളരെക്കുറവാണ്. ട്രിപ്പോളിയാണു തലസ്ഥാനം.
നൈൽ നദിയുടെ പടിഞ്ഞാറുള്ള ലിബു എന്ന ബെർബേറിയൻ ജനവിഭാഗത്തിൽ നിന്നാണ് ലിബിയ എന്ന പേരു ലഭിച്ചത്. ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൺ എന്നിവയുടെ കോളനിയായിരുന്ന ലിബിയ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെ സ്വതന്ത്രമായ ആദ്യ രാജ്യമാണ്.
ഭരണകേന്ദ്രങ്ങൾ
ചരിത്രപരമായി ലിബിയൻ പ്രദേശം മൂന്ന് പ്രവിശ്യകളായി തരം തിരിച്ചിരിക്കുന്നു. വടക്ക്പടിഞ്ഞാറ് ട്രിപ്പോളിറ്റാനിയ, കിഴക്ക് സൈറെനിക്ക, തെക്ക്പടിഞ്ഞാറ് ഫെസൻ എന്നിവയാണവ. ഇറ്റാലോ-തുർക്കിഷ് യുദ്ധാന്തരം ഈ പ്രവിശ്യകൾ ഒന്നായി. 1934-ൽ ഇറ്റലി ലിബിയയെ അഞ്ചായി തിരിച്ചു. ട്രിപ്പോളി, മിസ്രാത്താ, ബെന്ഗാസി, ബായ്ദാ എന്നീ നാല് പ്രവിശ്യകളും ലിബിയൻ മരൂഭൂമിയും ഉൾപ്പെടുന്നവയായിരുന്നു അത്.
സ്വാതന്ത്ര്യാനന്തരം ലിബിയയെ മൂന്ന് ഗവർണ്ണറേറ്റുകളായി (മുഹാഫസാ) വിഭജിച്ചു. 1963-ൽ പത്ത് ഗവർണ്ണറേറ്റുകളായി.