EncyclopediaOceans

ലാപ്‌ടേവ് കടൽ

ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ലാപ്‌ടേവ് കടൽ. സൈബീരിയയുടെ വടക്കൻ തീരം, ടൈമീർ ഉപദ്വീപ്, സെവർനയ സെംല്യ, ന്യൂ സൈബീരിയൻ ദ്വീപ് സമൂഹം എന്നിവയ്ക്കിടയിലായി ഇതു സ്ഥിതി ചെയ്യുന്നു. ഈ കടലിന്റെ വടക്കേ അതിർത്തി ആർട്ടിക് കേപ് മുതൽ 79°വടക്ക്, 139° കിഴക്കായി സ്ഥിതിചെയ്യുന്ന ബിന്ദുവിലൂടെ അനിസി കേപ്പ് വരെയാണ്. ഇതിന്റെ പടിഞ്ഞാറായി കാര കടലും കിഴക്കായി കിഴക്കൻ സൈബീരിയൻ കടലും സ്ഥിതി ചെയ്യുന്നു.

റഷ്യൻ പര്യവേക്ഷകരായിരുന്ന ദിമിത്രി ലാപ്‌ടേവ്, ഖരിടൻ ലാപ്‌ടേവ് എന്നിവരുടെ പേരിൽ നിന്നുമാണ് ലാപ്‌ടേവ് കടൽ എന്ന പേർ ഉരുത്തിരിഞ്ഞു വന്നത്. നേരത്തെ അഡോൾഫ് എറിക് നോർഡെൻസ്കിയോൾഡ് എന്ന പര്യവേക്ഷകന്റെ ബഹുമാനാർഥം നോർഡെൻസ്കിയോൾഡ് കടൽ എന്നും അതിനു മുമ്പേ മറ്റു പല പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. വർഷത്തിൽ ഒൻപത് മാസവും മഞ്ഞുറഞ്ഞുകിടക്കുന്ന ഈ കടലിനു താഴ്ന്ന ലവണതയാണുള്ളത്. പല പ്രദേശങ്ങളിലും അൻപത് മീറ്ററിൽ താഴെ മാത്രം ആഴമുള്ള ഈ കടലിന്റെ സമീപത്ത് മനുഷ്യവാസവും സസ്യജീവജാലങ്ങളും വളരെ കുറവായാണ് കാണപ്പെടുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പേതന്നെ ഈ കടലിന്റെ തീരങ്ങളിലായി യൂക്കാഗ്രിസ്(Yukaghirs) വംശജർ താമസിച്ചു വന്നിരുന്നു, പിൽക്കാലത്ത് താമസമുറപ്പിച്ച ഇവെൻസ് (Evens) ഇവെങ്ക്സ് (Evenks) എന്നിവരും മത്സ്യബന്ധനം, വേട്ടയാടൽ, റെയിൻഡിയർ വളർത്തൽ എന്നിവയിൽ ഏർപ്പെട്ടിരുന്നു. പിന്നീട് യാകുടുകൾ(Yakuts) റഷ്യൻ വംശജർ എന്നിവരും ഇവിടെ താമസമുറപ്പിച്ചു.