ലാന്‍സ് നായിക് കരം സിങ്
ജീവിച്ചിരിക്കുമ്പോള്‍ തന്നെ പരമവീരചക്രം നേടാനായ വ്യക്തിയാണ് ലാന്‍സ് നായിക് കരം സിങ്.
1915 സെപ്റ്റംബര്‍ 15 ന് പഞ്ചാബിലെ ബര്‍നാലയിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. മുതിര്‍ന്നപ്പോള്‍ സിക്ക് റെജിമെന്റിന്റെ അംഗമായി. രണ്ടാം ലോകമഹായുദ്ധ കാലത്തെ സേവനങ്ങള്‍ക്ക് 1944 മാര്‍ച്ച് 14 ന് അദ്ദേഹത്തിന് മിലിട്ടറി മെഡല്‍ ലഭിച്ചു. 1947-48 കാലത്തെ കശ്മീര്‍ സൈനിക നടപടിയിലെ പോരാട്ടമാണ് കരം സിംഗിനെ പരമവീരചക്രത്തിന് അര്‍ഹനാക്കിയത്.
കാശ്മീരിലെ തിത്വാള്‍ മേഖലയ്ക്ക് വേണ്ടിയുള്ള പാക് ഇന്ത്യന്‍ പോരാട്ടം കരം സിങ്ങിന്റെ പോരട്ടമികവിന് വേദിയായി. 1948 മേയ് 23 ന് തിത്വാള്‍ ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തിരുന്നു. ആയുധങ്ങളും വെടി കോപ്പുകളും കിഷന്‍ ഗംഗാനദിയില്‍ അകപ്പെട്ടുപോയതിനെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ സൈനികര്‍ ആകെ പരിഭ്രാന്തരായി. എന്നാല്‍ സമനില വീണ്ടെടുത്ത അവര്‍ നഷ്ട്ടപ്പെട്ടു പോയ തിത്വാള്‍ തിരിച്ചു പിടിക്കാന്‍ ശ്രമമാരംഭിച്ചു.
പാക്കിസ്ഥാന്റെ അതിശക്തമായ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യന്‍ സേനയ്ക്ക് കിഷന്‍ ഗംഗാനദിയുടെ മറുകരയിലേക്ക് പിന്തിരിയേണ്ടി വന്നു. എങ്കിലും തിത്വാള്‍ വിട്ടുകൊടുത്തില്ല. തിത്വാളിനു വേണ്ടിയുള്ള പാക്സേനയുടെ പോരാട്ടം മാസങ്ങളോളം നീണ്ടു. ഇത്തരമൊരു പോരാട്ടത്തിലാണ് 1948 ജൂലൈ 18 ന് കമ്പനി ഹവില്‍ദാര്‍ മേജര്‍ പീരു സിങ് ഷെഖാവത്ത് വീരമൃത്യു വരിച്ചത്.
ഒക്ടോബര്‍ 13 ന് പാക്സേന വീണ്ടും ആക്രമണം അഴിച്ചുവിട്ടു. തിത്വാളിനു തെക്കുള്ള റിച്ച്മര്‍ ഗലി തിരികെ പിടിക്കുകയും കിഴക്കുവഷത്തുകൂടി നാസ്താച്ചറിലെത്തി ഇന്ത്യന്‍ സേനയെ വളഞ്ഞാക്രമിക്കുകയും ആയിരുന്നു അവരുടെ ലക്ഷ്യം. ഈ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.എങ്കിലും അന്ന് രാത്രി ഇന്ത്യന്‍ സേനയ്ക്ക് പക്സേനയില്‍ നിന്നും കനത്ത പീരങ്കിയാക്രമണം അഭിമുഖീകരിക്കേണ്ടി വന്നു. ഇന്ത്യന്‍ സേനയുടെ ഒരു ബങ്കര്‍ പോലും സുരക്ഷിതമായി അവശേഷിക്കാത്ത വിധം മാരകമായിരുന്നു ഈ ആക്രമണം.
റിച്ച്മര്‍ ഗാലിയില്‍ മുന്‍ നിരയിലുള്ള ഔട്ട്‌പോസ്റ്റിലായിരുന്നു ലാന്‍സ് നായിക് കരംസിങ്. ശത്രു ആക്രമണത്തെത്തുടര്‍ന്ന് കരംസിങ്ങിന് കാമാന്‍ഡറുമായുള്ള ആശയവിനിമയ സംവിധാനം വിച്ഛേദിക്കപെട്ടു. തങ്ങളുടെ അവസ്ഥമേലധികാരികളെ അറിയിക്കാനോ കൂടുതല്‍ സഹായം ആവശ്യപ്പെടാനോ അദ്ദേഹത്തിന് കഴിയാത്ത അവസ്ഥയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.
എങ്കിലും ഇതൊന്നും വകവയ്ക്കാതെ കര്‍മനിരതനായ കരം സിങ് പരിക്കേറ്റ രണ്ടു സഹപ്രവര്‍ത്തകരെ ബങ്കറില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. പ്രധാനകമ്പനിയോടു ചേര്‍ന്ന് മുന്‍ നിരയില്‍ പോരാടുകയും ചെയ്തു.
എട്ടുതവണ ഔട്ട് പോസ്റ്റിനു നേരെ ആക്രമണമുണ്ടായെങ്കിലും കരം സിങ്ങിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം ഫലപ്രദമായി ചെറുത്തു നിന്നു. ജീവന്‍ പോലും അപകടപ്പെടുത്തികൊണ്ട് അദ്ദേഹം ബങ്കറുകളില്‍ നിന്ന് ബാങ്കറുകളിലേക്ക് ഇഴഞ്ഞു ചെന്ന് സഹപ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. ഗ്രനേഡ് ഉപയോഗിച്ച് ശത്രുക്കള്‍ക്ക് നേരെയുള്ള ആക്രമണവും അദ്ദേഹം തുടര്‍ന്നു. രണ്ടു തവണ മുറിവേറ്റിട്ടും അദ്ദേഹം മുന്‍ നിരയില്‍ നിന്നു പിന്മാറിയില്ല.
അവിടെയുള്ള ഇന്ത്യന്‍ സൈനികരെ അപേക്ഷിച്ചു എണ്ണത്തിലും ആയുധത്തിലും ശക്തരായിരുന്നു പാക്സേന. ഇന്ത്യന്‍ ആക്രമണം വക വയ്ക്കാതെ അവര്‍ മുന്നേറ്റം തുടര്‍ന്നു. രണ്ടു പാക് സൈനികര്‍ ഔട്ട്‌പോസ്റ്റിനു തൊട്ടടുത്തെത്തി. ആക്രോശിച്ചു കൊണ്ട് ട്രഞ്ചില്‍ നിന്ന് ചാടിയിറങ്ങിയ കരം സിങ് രണ്ടു പേരെയും ബയണറ്റുകൊണ്ട് കുത്തിവീഴ്ത്തി. അതുകണ്ട് ആത്മവീര്യം തകര്‍ന്ന ശത്രുക്കള്‍ കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്തിരിഞ്ഞു.
ശത്രുക്കളുടെ പേടി സ്വപ്നവും സഹപ്രവര്‍ത്തകരുടെ പ്രചോദനവുമായിരുന്നു കരം സിങ്. അദ്ദേഹത്തിന് പരമവീരചക്രം ലഭിച്ചതും അതുകൊണ്ട് തന്നെ.