ലാൽ
തെന്നിന്ത്യൻ ചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് ലാൽ. എറണാകുളം സ്വദേശിയാണ്.മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ലാൽ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ സിദ്ദിഖുമൊത്ത് ചലച്ചിത്രസംവിധാന രംഗത്തെത്തിയ ഈ കൂട്ടുകെട്ടിന്റെ എല്ലാ ചിത്രങ്ങളും വൻവിജയങ്ങളായിരുന്നു. തുടർന്ന് നിർമ്മാണരംഗത്തും അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച ലാൽ പടിപടിയായി വളർന്ന് ഇന്ന് മലയാളചലച്ചിത്രരംഗത്തെ മുൻനിര വ്യവസായികളിൽ ഒരാളാണ്. അഭിനേതാവ് എന്ന നിലയിൽ തമിഴ് സിനിമയിലും സജീവസാന്നിധ്യമറിയിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്രസംഘടനകളിൽ അംഗത്വമുള്ള അപൂർവം ചിലരിൽ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.
പശ്ചാത്തലം
കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ലാലിന്റെ വരവ്. പിതാവ് പോൾ കൊച്ചിൻ കലാഭവനിലെ തബല അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത് തബല പഠിക്കുന്നതിന് അവിടെ ചേർന്നു. പോൾ-ഫിലോമിന ദമ്പതികളുടെ നാലുമക്കളിൽ മൂത്തവനാണ് മൈക്കിൾ എന്ന ലാൽ. കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ് പരേഡ് എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു.