മനം കവരും ലക്ഷദ്വീപ്
ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് ലക്ഷദ്വീപ്.
തൂവെള്ള മണല്‍ത്തരികള്‍ നിറഞ്ഞ വൃത്തിയുള്ള കടല്‍ത്തീരം. നീലത്തടാകം പോലെ ശാന്തമായ ആഴം കുറഞ്ഞ ഇളനീര് പോലെ തെളിഞ്ഞ സമുദ്രം.തീരത്തെങ്ങും തണല്വിരിച്ചുനില്ക്കുന്ന ഇടതൂര്‍ന്ന തെങ്ങിന്തോപ്പുകള്. വിജനമായ മണല്‍പ്പരപ്പിന്റെ സ്വകാര്യത. തെളിഞ്ഞ വെള്ളത്തിനു താഴെ കടല്‍ത്തട്ടില്‍ സമുദ്രത്തിലെ പൂന്തോട്ടം പോലെ വര്‍ണങ്ങള്‍ വാരിവിതറി പവിഴപ്പുറ്റുകള്‍, പൂവുകള്‍ക്ക് ചുറ്റും പൂമ്പാറ്റകള്‍ പോലെ പവിഴപ്പുറ്റുകള്‍ക്കിടയില്‍ നീന്തിത്തുടിക്കുന്ന വര്ണമത്സ്യങ്ങള്. അപൂര്‍വങ്ങളായ കടല്‍പ്പക്ഷികള്‍, നിഷ്കളങ്കരായ നാട്ടുകാര്‍, ഇതെല്ലാം കൂടിച്ചേര്‍ന്ന , വിനോദസഞ്ചാരികളുടെ സ്വപ്നതീരമാണ് ലക്ഷദ്വീപുകള്‍. സ്വവൈര്യമായി സൂര്യസ്നാനം നടത്തുന്നതിനും സുരക്ഷിതമായി സാഹസിക കടല്വിനോദങ്ങളില് ഏര്‍പ്പെടുന്നതിനും ഇത്രയും അനുയോജ്യമായ സ്ഥലം അപൂര്‍വമാണ്. സ്വര്ഗത്തുണ്ടുകള് ചിതറിക്കിടക്കുന്നതുപോലുള്ള ഈ സുന്ദരതീരം തേടി ധാരാളം സഞ്ചാരികള്‍ എത്തുന്നു. ഇന്ത്യാ ഗവണ്മെന്റിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ്. ദ്വീപിലെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.
ലക്ഷദ്വീപ് സമൂഹത്തിലെ കവരത്തി, കല്പേനി, മിനിക്കോയി, കടമത്ത്, അഗത്തി, ബംഗാരം ദ്വീപുകളാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. ഒക്ടോബര്‍ മുതല്‍ മേയ് പകുതിവരെയാണ് ലക്ഷദ്വീപുകള്‍ സന്ദര്‍ശിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയം മെയ് പകുതിയോടെ കാലവര്‍ഷം ആരംഭിക്കും. ദ്വീപിലെ റിസോര്‍ട്ടുകള്‍ വര്‍ഷം മുഴുവനും സഞ്ചാരികളെ സ്വീകരിക്കുമെങ്കിലും കവരത്തി, കടമത്ത്, മിനിക്കോയി ദ്വീപുകളില്‍ കാലവര്‍ഷക്കാലത്ത് എത്തിച്ചേരുക ദുഷ്കരമായിരിക്കും. എന്നാല്‍ അഗത്തി, ബംഗാരം ദ്വീപുകളില്‍ കാലവര്‍ഷക്കാലത്തും ഏറെക്കുറെ പ്രശാന്തമായ കാലാവസ്ഥയാണ്. മഴക്കാലത്ത് അഗത്തിയില്‍നിന്ന് ഹെലികോപ്ടര്‍ മാര്‍ഗമാണ് ബംഗാരത്ത് എത്താനാവുക വര്‍ഷം മുഴുവന്‍ ലക്ഷദ്വീപിലേക്ക് വിമാനസര്‍വീസ് ഉണ്ടായിരിക്കും. എന്നാല്‍ മഴക്കാലത്ത് കപ്പലില്‍ ദ്വീപുനിവാസികള്ക്ക്മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി.
ലക്ഷദ്വീപസമൂഹം ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്ത്യക്കാര്‍ ദ്വീപുകളിലേക്ക് പോകുന്നതിനു മുന്‍പായി അധികൃതരുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. കൊച്ചിയില്‍ നിന്നും കോഴിക്കോട് നിന്നും കപ്പല്‍ സര്‍വീസുകളുണ്ട്. പതിനാറു മുതല്‍ പതിനെട്ടു മണിക്കൂര്‍ വരെയാണ് യാത്രാസമയം.