CountryEncyclopedia

ലാഹോർ

പാകിസ്താന്റെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനവും കറാച്ചിക്ക് പിന്നിലായി പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ് ലാഹോർ. ശക്തമായ മുഗൾ പൈതൃകമുള്ള ഈ നഗരത്തെ “മുഗളന്മാരുടെ പൂന്തോട്ടം” എന്ന് വിശേഷിപ്പിക്കാറുണ്ട്. പാകിസ്താന്റെ സാംസ്കാരിക ഹൃദയമായും ഇതിനെ കണക്കാക്കുന്നു. പാകിസ്താൻ-ഇന്ത്യ അതിർത്തിക്കടുത്തായി രാവി നദിയുടെ തീരത്താണ് ലാഹോർ സ്ഥിതി ചെയ്യുന്നത്. ബാദ്ഷാഹി പള്ളി, ലാഹോർ കോട്ട, ഷാലിമാർ പൂന്തോട്ടം, ജഹാംഗീറിന്റെയും നൂർ-ജഹാന്റെയും ശവകുടീരങ്ങൾ തുടങ്ങിയവയാണ് നഗരത്തിലെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങൾ. ബ്രിട്ടീഷ് കോളനികാഴ്ചയുടെ കാലത്ത് സൃഷ്ടിക്കപ്പെട്ട ഇൻഡോ-ഗോഥിക് ശൈലിയിലുള്ള കെട്ടിടങ്ങളും ഇവിടെയുണ്ട്.

ഇവിടുത്തെ ദേശ ഭാഷയും ഏറ്റവും സംസാരിക്കപ്പെടുന്ന ഭാഷയും പഞ്ചാബിയാണ്. എന്നാൽ പാകിസ്താന്റെ രൂപീകരണത്തിനുശേഷം രാഷ്ട്രഭാഷയായ ഉർദു കൂടുതൽ പ്രചാരം നേടി. 2006-ലെ കനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ ഏകദേശം 1 കോടിയാണ്. ഇത് ലാഹോറിനെ പാകിസ്താനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ നഗരവും ലോകത്തിലെ ഏറ്റവും വലിയ 26-ആം നഗരവുമാക്കുന്നു.

ചരിത്രം

ലാഹോർ നഗരം ഒന്നോ രണ്ടോ നൂറ്റാണ്ടിലാണ് സ്ഥാപിക്കപ്പെട്ടത്. ഏഴാം നൂറ്റാണ്ടോടെ സമ്പൽസമൃദ്ധവും പ്രധാനപ്പെട്ടതുമായ നഗരമായി വികസിച്ചു. മുസ്ലീം ആധിപത്യത്തോടെയാണ് നഗരം സുപ്രസിദ്ധമായി മാറിയത്. ഡെൽഹിക്കും ആഗ്രക്കുമൊപ്പം മുഗൾ കിരീടത്തിലെ മൂന്ന് നഗരരത്നങ്ങളിലൊന്നായിരുന്നു ലാഹോർ.

പതിനാറാം നൂറ്റാണ്ടിന്റെ അവസാനം മുഗൾ ചക്രവർത്തി അക്ബർ ലാഹോറിൽ കോട്ടയും നഗരമതിലും പണിതു. പന്ത്രണ്ട് കവാടങ്ങൾ ഇതിനുണ്ട്. നഗരമതിൽ പിൽക്കാലത്ത് രഞ്ജിത് സിങ് പുതുക്കിപ്പണിയുകയും ചെയ്തു. 1634-ൽ പണിത വസീർ ഖാൻ മോസ്ക്, ഇത് സൈദ് മുഹമ്മദ് ഇഷാഖ് എന്ന പഴയകാലവിശുദ്ധന്റെ ശവകുടീരത്തിന്റെ സ്ഥാനത്ത് പണിതതാണ്. 1674-ൽ ഔറംഗസേബ് ആണ് ലാഹോറിലെ ജമാ മസ്ജിദ് (ബാദ്ശാഹി പള്ളി) പണിതത്. ജഹാംഗീർ ശവകുടീരം, ഷാലിമാർ പൂന്തോട്ടം, ലാഹോർ കോട്ടയും കൊട്ടാരവും തുടങ്ങിയവ ഇവിടത്തെ മറ്റു ചരിത്രസ്മാരകങ്ങളാണ്. ഇവ ലാഹോർ നഗരത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് രാവി നദിക്കഭിമുഖമായുള്ള ഒരു ഉയർന്ന മൈതാനത്തിൽ നിലകൊള്ളുന്നു.