CountryEncyclopedia

ലാഹിജാൻ

ലാഹിജാൻ (പേർഷ്യൻ: لاهیجان, ഗിലാക്കി ഭാഷയിൽ Lāyjon എന്നും അറിയപ്പെടുന്നു) ഇറാനിലെ ഗിലാൻ പ്രവിശ്യയിലെ ലാഹിജാൻ കൗണ്ടിയുടെ തലസ്ഥാനവും കാസ്പിയൻ കടലിനടുത്തുള്ള ഒരു നഗരവുമാണ്. 2016 ലെ കനേഷുമാരി പ്രകാരം, 58,378 കുടുംബങ്ങളിലായി 167,544 ആണ് ഈ നഗരത്തിലെ ജനസംഖ്യ.

പരമ്പരാഗതവും ആധുനികവുമായ വാസ്തുവിദ്യയുടെ ഒരു സങ്കലനമാണ് ലഹിജാൻ നഗരം. ഇറാനിയൻ-യൂറോപ്യൻ നഗര ഘടനയുള്ള ഈ നഗരം അൽബോർസ് മലനിരകളുടെ വടക്കൻ ചരിവിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ സംസ്കാരവും അനുകൂലമായ കാലാവസ്ഥയും ലാഹിജാനെ വടക്കൻ ഇറാനിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു. സെപിഡ്/സെഫീഡ്-റഡ് (വൈറ്റ് റിവർ) ഉൾപ്പെടെ ഗിലാനിലെ വലിയ നദികൾ അവശേഷിക്കുന്ന എക്കൽ അവശിഷ്ടങ്ങൾക്കുമേലാണ് നഗരം അടിസ്ഥാനപരമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചരിത്രപരമായി, പ്രമുഖ ഭരണാധികാരികളുടെ കാലത്ത് ഈ നഗരം കിഴക്കൻ ഗിലാനിലെ ഒരു പ്രധാന വ്യാപാര കേന്ദ്രവും ഒപ്പം തലസ്ഥാനവുമായിരുന്നു. ഇറാന്റെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളിൽ ഇസ്ലാമിക ലോകത്തെ ഒരു ടൂറിസം കേന്ദ്രം കൂടിയായി ലാഹിജാൻ അറിയപ്പെട്ടിരുന്നു.

ചരിത്രം

പുരാതന കാലത്ത്, ഗിലാൻ പ്രദേശം ‘കാസ്പിയൻ’, ‘ഗോൾഹ’ (പൂക്കൾ) എന്നീ ഉപമേഖലകൾക്കിടയിൽ വിഭജിക്കപ്പെട്ടു. നിലവിലെ അവസ്ഥയിലേക്ക് അഥവാ ഇറാന്റെ പ്രവിശ്യാ വിഭജനത്തിന് മുമ്പുള്ള കാലത്ത് ഗിലാൻ സെഫീഡ്-റഡ് നദിയ്ക്ക് കിഴക്കും പടിഞ്ഞാറും ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. നദിയുടെ കിഴക്ക് ഭാഗം ബീഹ്പിഷ് എന്നും പടിഞ്ഞാറ് ഭാഗം ബീഹ്പാസ് എന്നും വിളിക്കപ്പെട്ടിരുന്നു. ചില കാലങ്ങളിൽ ലാഹിജാൻ ബീഹ്പിഷിന്റെ തലസ്ഥാനമായി മാറിയിരുന്നു. ഇറാനിലെ പ്രധാന പട്ട് ഉൽപാദന കേന്ദ്രങ്ങളിലൊന്നായിരുന്ന ഈ പ്രദേശം, കൂടാതെ മുഹമ്മദ് മിർസ രാജകുമാരൻ തേയിലത്തോട്ടം സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ പ്രദേശവുമാണിത്.

ലാഹിജന്റെ അടിത്തറ ‘ലാഹിജ് എബ്‌നെ സാം’ ആണെന്ന് പറയപ്പെടുന്നു. ഹിജ്റ 705-ൽ മംഗോളിയൻ ഭരണാധികാരി ഓൾജൈറ്റോ ലഹിജാൻ നഗരത്തെ കീഴടക്കി. തുടർന്ന് അമീർ തീമൂർ ഈ പ്രദേശം ആക്രമിച്ചു. ഒടുവിൽ, ഷാ അബ്ബാസ് ഒന്നാമൻ ‘ഖാൻ അഹമ്മദിനെ’ പരാജയപ്പെടുത്തുകയും അതിനുശേഷം സഫാവിദ് ഗവർണർമാർ ഈ നഗരം ഭരിക്കുകയും ചെയ്തു. 703-ൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത്, 850-ലെ അഗ്നിബാധ, 1725 ജൂണിൽ റഷ്യൻ സൈന്യത്തിൻറെ ലാഹിജാൻ അധിനിവേശം തുടങ്ങി ഈ നഗരത്തിന്റെ ചരിത്രത്തിലെ ചില സുപ്രദാന സംഭവങ്ങൾ ഉൾപ്പെടുന്നു. ജംഗിൾ മൂവ്‌മെന്റിന്റെ പ്രധാന താവളങ്ങളിലൊന്നായിരുന്നു ലാഹിജാൻ നഗരം.