EncyclopediaHistoryIndiaKerala

കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍

കുട്ട്യാലി മരയ്ക്കാരുടെ പുത്രനായ മുഹമ്മദ്‌ മരയ്ക്കാര്‍ കൊച്ചിയിലെ കച്ചവട പ്രമാണിയായിരുന്നു. മുഹമ്മദ്‌ മരയ്ക്കാര്‍ക്ക് കൊച്ചിയിലുണ്ടായിരുന്ന വ്യാപാരശാലകളും കപ്പലുകളും പോര്‍ച്ചുഗീസുകാര്‍ കൊള്ള ചെയ്ത് നശിപ്പിച്ചു. ശല്യം രൂക്ഷമായാപ്പോള്‍ മരയ്ക്കാര്‍ വ്യാപാരകേന്ദ്രം പൊന്നാനിയിലേക്ക് മാറ്റി.
പോര്‍ച്ചുഗീസുകാര്‍ വിടാന്‍ ഒരുക്കമായിരുന്നില്ല. അവര്‍ പൊന്നാനിയിലും ശല്യത്തിനെത്തി. വ്യാപാരം നടത്താന്‍ നിവൃത്തിയില്ലാതെ സഹികെട്ട മുഹമ്മദ്‌ മരയ്ക്കാര്‍ ഒടുവില്‍ ഒന്നു തീരുമാനിച്ചു. കച്ചവടം നിര്‍ത്തിവച്ച് പോര്‍ച്ചുഗീസുകാര്‍ക്കെതിരേ യുദ്ധത്തിനിറങ്ങുക! ചില യുവാക്കളെയും കൂട്ടി അദ്ദേഹം സാമൂതിരിയെ കാണാനെത്തി.
അക്രമികളായ പോര്‍ച്ചുഗീസുകാരെ നമ്മുടെ തീരത്തുനിന്ന് ഓടിക്കാനായി ജീവന്‍ ത്യജിച്ചും പോരാടാന്‍ താനും അനുചരന്മാരും തയാറാണ്. മുഹമ്മദ്‌ മരയ്ക്കാര്‍ പ്രതിജ്ഞ ചെയ്തു. പോര്‍ച്ചുഗീസുകാരെ തുരത്താതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് അവര്‍ ഉറപ്പിച്ചു.
സന്തുഷ്ടനായ സാമൂതിരി മുഹമ്മദ്‌ മരയ്ക്കാരെ തന്‍റെ കപ്പല്‍പ്പടയുടെ നേതാവാക്കി. അദ്ദേഹത്തിനു ഒരു സ്ഥാനപ്പേരും നല്‍കി. കുഞ്ഞാലി സാമൂതിരിയുടെ അനുമതിയോടെ മുഹമ്മദ് മരയ്ക്കാര്‍ അനുയായികളെയും ആയുധങ്ങളെയും ഒളിപ്പോരിനു തയ്യാറാക്കി.