കുടംപുളി
കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, കൊടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു . പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 12 മീറ്ററോളം ഉയരത്തിൽ വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു. കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.