കോഴിക്കോട്
ഇന്ത്യയിലെ കേരളത്തിലെ മലബാർ തീരത്തോട് ചേർന്നുള്ള ഒരു നഗരമാണ് കോഴിക്കോട്. കാലിക്കറ്റ് എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിലെ മൂന്നാമത്തെ വലിയ നഗരവും കോഴിക്കോട് ജില്ലയുടെ ആസ്ഥാനവുമാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയുടെ തലസ്ഥാനമായിരുന്നു. കേരളത്തിലെയും ഇന്ത്യയിലെ തന്നെയും പുരാതന തുറമുഖ നഗരമാണ്. പരമ്പരാഗത പ്രാചീനകാലത്തും മധ്യകാലഘട്ടത്തിലും വ്യാപാരത്തിന്റെ ആസ്ഥാനമെന്ന നിലയിൽ കോഴിക്കോട് നഗരം “സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം” എന്നറിയപ്പെട്ടിരുന്നു. അറബികളും തുർക്കുകളും ഈജിപ്തുകാരും ചൈനക്കാരും തുടങ്ങിയ വിദേശീയർ ഇവിടെ വ്യാപാരം നടത്തിയിരുന്നു. കോഴിക്കോട് എന്നറിയപ്പെടുന്ന സ്വതന്ത്ര നാട്ടുരാജ്യങ്ങളുടെ തലസ്ഥാനവും മുൻ മലബാർ ജില്ലയുടെ തലസ്ഥാനവുമായിരുന്നു. സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്.
1957 ജനുവരി 1-നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്. 2009 ജനുവരിയിൽ ‘വിശപ്പ് രഹിത കോഴിക്കോട്’ പദ്ധതി ആരംഭിച്ചു. അതിനെ തുടർന്ന് കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യത്തെ വിശപ്പ് രഹിത നഗരമായി.
ചരിത്രം
കോഴിക്കോടിന്റെ ചരിത്രം
ഏറെ സമ്പന്നമായ ചരിത്രമാണ് കോഴിക്കോടിനുള്ളത്. 1122 ഏ.ഡി. വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴിൽ ഇവിടം ഒരു പട്ടണമായി വളർന്നു. അവർ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാർ സാമൂതിരി അന്നറിയപ്പെടാൻ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.
മികച്ച തുറമുഖം എന്ന നിലയിൽ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികൾ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ചൈനീസ് സഞ്ചാരികൾ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലായിരുന്നു. പിന്നീട് 1498ൽ പോർച്ചുഗീസ് നാവികനായ വാസ്കോഡഗാമ പട്ടണത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള കാപ്പാട് കടൽത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തിൽ സ്ഥാനം നേടി.
പിന്നീട് പോർച്ചുഗീസുകാർ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാൽ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാൻ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മർദ്ദങ്ങളുടെ ഫലമായി ചില പ്രദേശങ്ങളിൽ വാണിജ്യം നടത്താൻ പോർച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു.
1766ൽ മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. അതിനുശേഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായി ഇതുമാറി. 1956ൽ കേരളം രൂപം കൊള്ളുന്നതു വരെ ഇതു മദ്രാസ് പ്രെസിഡൻസിയുടെ കീഴിലായിരുന്നു.