EncyclopediaIndiaKerala

കൊല്ലം ജില്ല

കേരളത്തിലെ തെക്കുഭാഗത്തുള്ള ജില്ലയാണ് കൊല്ലം. ആംഗലേയ ഭാഷയിൽ മുൻപ് ക്വയിലോൺ (Quilon) എന്നു വിളിച്ചു വന്നിരുന്നെങ്കിലും സർക്കാർ ഉത്തരവു പ്രകാരം ഇപ്പോൾ ആംഗലേയത്തിലും കൊല്ലം (Kollam) എന്ന് തന്നെ വിളിയ്ക്കുന്നു. തെക്ക് തിരുവനന്തപുരം ജില്ലയും, വടക്ക് പത്തനംതിട്ട ജില്ല യും ആലപ്പുഴയും, കിഴക്ക് തമിഴ് നാടും, പടിഞ്ഞാറ് അറബിക്കടലും ആണ്‌ കൊല്ലത്തിന്റെ അതിരുകൾ. കശുവണ്ടി സംസ്കരണവും കയർ നിർമ്മാണവും ആണ് ജില്ലയിലെ പ്രധാന വ്യവസായങ്ങൾ.
കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടി കായൽ ആണ്. ഇന്ത്യയിലെ പ്രശസ്തമായ ഇംഗ്ളീഷ് വാരിക ‘ഇന്ത്യ ടുഡെ’, കൊല്ലം ജില്ലയെ, ഇന്ത്യയിലെ എറ്റവും മികച്ച ജില്ലയായി തിരഞ്ഞടുക്കുകയുണ്ടായി. നിയമ പരിപാലനവും, സാമൂഹിക സൗഹാർദ്ദവും മാനദണ്ഡമാക്കി ആയിരുന്നു, ഈ തിരഞ്ഞെടുപ്പ്‍. ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള രണ്ടാമത്തെ വിളക്കുമാടം സ്ഥിതിചെയ്യുന്നത് ഈ ജില്ലയിലെ തങ്കശേരിയിൽ ആണ്. തെന്മല, ജടായുപ്പാറ, പരവൂർ, പാലരുവി വെള്ളച്ചാട്ടം, പുനലൂർ, മൺറോത്തുരുത്ത് തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
തിരുവിതാംകൂർ രാജ്യം നിലനിന്നിരുന്നപ്പോൾ, അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു. കൊല്ലത്തിനും പുനലൂരിനും മദ്ധ്യേ നിർമ്മിച്ച മീറ്റർ ഗേജ് ലൈൻ ആയിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാത. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്ക്, റോഡ് (NH-47, NH-208, NH-101), റെയിൽ ബന്ധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നപ്പോൾ 1949 ജൂലായ് 1-നാണു കൊല്ലം, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാർത്തികപ്പള്ളി,മാവേലിക്കര ,തിരുവല്ല, അമ്പലപ്പുഴ, ചേർത്തല എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.1956 ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ ചെങ്കോട്ട താലൂക്ക് തമിഴ്നാടിനോട് കൂട്ടിചേർക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂർ താലൂക്കായി രൂപം കൊണ്ടു, പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേർത്തു. 1957 ൽ ആലപ്പുഴ ജില്ല നിലവിൽ വന്നപ്പോൾ കാർത്തികപ്പള്ളി,അമ്പലപ്പുഴ, ചേർത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂർ താലൂക്കുകൾ ആലപ്പുഴയോട് ചേർത്തു. 1982-ൽ പത്തനംതിട്ടയും കുന്നത്തൂറ് താലൂക്കിലെ ചില പ്രദേശങ്ങളും ചേർത്ത് പത്തനംതിട്ട ജില്ല നിലവിൽ വന്നു.
ചരിത്രം
ക്രിസ്തുവർഷം 9ആം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലോ മറ്റ്‌ ചരിത്രകാരമാരുടെ ഗ്രന്ഥങ്ങളിലോ കൊല്ലത്തേക്കുറിച്ചുള്ള പരാമർശങ്ങളില്ല. ക്രിസ്തുവർഷം 851ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ്‌ കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്‌. കൊല്ലവർഷം 24ആം ആണ്ടിലുണ്ടായ തരിസാപ്പള്ളി ശാസനത്തിലാണ്‌ കരക്കോണിക്കൊല്ലം എന്ന് കൊല്ലം പട്ടണത്തെപ്പറ്റിയുള്ള സംശയാതീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു.
ഇവിടുത്തെ സന്മാർഗ്ഗ നിലവാരവും വ്യാപാരികളുടെ സത്യസന്ധതയും വളരെ മികച്ചതാണന്നും മദ്യപാനമോ വ്യഭിചാരമോ ഇല്ലാത്ത നാടാണെന്നും അബുസൈദ്‌ (ക്രി വ 950), ബഞ്ചമിൻ (ക്രി വ 1153-73) എന്നിവർ എഴുതിയിരിക്കുന്നു. കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ്‌ കൊല്ലമെന്ന് അബുൽ ഫിദാ (ക്രി വ 1273 1331) എഴുതിയിട്ടുണ്ട്‌.
വേണാട്‌ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം.