EncyclopediaWild Life

കരടിയെ പോലെ കോവാല!

വീതിയുള്ള വലിയ മുഖം തലയ്ക്കിരുവശത്തും ഉരുണ്ട വലിയ ചെവികള്‍. കണ്ടാല്‍ കരടിയെപ്പോലെ തന്നെ. പക്ഷെ കാഴ്ചയില്‍ മാത്രമേ കോവാലാ എന്ന ഈ സഞ്ചിമൃഗത്തിനു കരടിയോടു സാമ്യമുള്ളൂ. ആയുഷ്കാലം മുഴുവന്‍ യൂക്കാലിപ്റ്റസ് മരങ്ങളില്‍ വസിക്കുന്ന പാവത്താന്മാരാണ് കോവാലകള്‍. യൂക്കാലിപ്റ്റസ് മരത്തിന്‍റെ ഇല മാത്രമെ കഴിക്കൂ. നാല് മണിക്കൂര്‍ തുടര്‍ച്ചയായി ശാപ്പാടടിക്കാനും അങ്ങനെ അരക്കിലോ ഇല വരെ ഒരു ദിവസം അകത്താക്കാനും ഇവര്‍ക്കാവും യൂക്കാലിപ്റ്റസിന്‍റെ ഇല മാത്രം തിന്നുന്നതിന്ന് അവയ്ക്ക് യൂക്കാലിതൈലത്തിന്റെ മണവുമുണ്ട്. നാരുകള്‍ കൂടുതലുള്ള ഇലകള്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഇരു കവിളിലും സഞ്ചിപോലൊരു സംവിധാനവും നീളം കൂടിയ കുടലും വലിയ ആമാശയവും അവ്യ്ക്കുമുണ്ട്. ദഹനത്തെ സഹായിക്കാന്‍ ചിലപ്പോഴവ മണ്ണും ചരലുമൊക്കെ ശാപ്പിടുകയും ചെയ്യും അങ്ങനെ മണ്ണും ചരലും തിന്നാനോ മറ്റ് മരങ്ങളിലേക്ക് കയറാനോ മാത്രമേ കോവാലാകള്‍ താഴെയിറങ്ങൂ.

  ഒറ്റയ്ക്ക് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന കൂട്ടരാണിവ. ആണ്‍കോവാലകള്‍ തങ്ങളുടെ പ്രദേശത്തിന്റെ അതിര്‍ത്തി പ്രത്യേക മണം പ്രയോഗിച്ച് അടയാളപ്പെടുത്തിയിരിക്കും.മറ്റ് ആണുങ്ങള്‍ അതിനകത്ത് കടന്നാല്‍ അവ വല്ലാത്ത ശബ്ദമുണ്ടാക്കുകയും പിന്നീട് കടുത്ത ആക്രമണം തന്നെ നടത്തുകയും ചെയ്യും. ആണുങ്ങളുടെ അതിര്‍ത്തികളില്‍ ചിലപ്പോള്‍ പെണ്ണുങ്ങള്‍ കടന്നു ചെല്ലാറുണ്ട്‌. അത് അവര്‍ പ്രശ്നമാക്കാറില്ല. എന്ന് മാത്രമല്ല പെണ്ണുങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ ആണുങ്ങള്‍ തയ്യാറാകുകയും ചെയ്യും.

  മുഖമുള്‍പ്പെടെ ശരീരം മുഴുവനും നരച്ച മൃദുവായ രോമങ്ങള്‍ ഇവയ്ക്കുമുണ്ട്,ചാരനിറവും തവിട്ടുനിറവും കലര്‍ന്നതാണ് ഉടല്‍.60 മുതല്‍ 85 സെന്റിമീറ്റര്‍ വരെ ഭാരവും ഉണ്ടാകും. കോവാലകള്‍ക്ക്. വാലിനു രണ്ടു സെന്റിമീറ്ററെ നീളമുണ്ടാകൂ. മരത്തില്‍ നന്നായി പിടിച്ചിരിക്കാന്‍ തള്ളവിരലുകളും മറ്റു മൂന്നു വിരലുകളും ഓരോ കൈയിലും അവയ്ക്കുണ്ട്. അതില്‍ മൂര്‍ച്ചയുള്ള കൂര്‍ത്ത നഖങ്ങളും കാണപ്പെടുന്നു.

  വര്‍ഷത്തില്‍ ഒരു പ്രാവശ്യം ഒരു കുഞ്ഞേ പെണ്‍കോവാലയ്ക്ക് ഉണ്ടാകൂ. വളരെ അപൂര്‍വമായി മാത്രം ചിലപ്പോള്‍ രണ്ടു കുഞ്ഞുങ്ങളേയും കണ്ടു വരുന്നു. ജനിച്ചയുടനെ അമ്മയുടെ സഞ്ചിയിലെത്തുന്ന അവ അവിടെ ഏഴുമാസം വരെ കഴിയും. അതിനുശേഷം വളര്‍ച്ച പൂര്‍ത്തിയാകും വരെ അമ്മയുടെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുകയും ചെയ്യും.

   രണ്ടു വയസാകണം കോവാലക്കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്താന്‍. സാധാരണ നിലയില്‍ കോവാലകളുടെ പരമാവധി ആയുസ് ഇരുപതു വര്‍ഷമാണ്‌.

  ഓസ്ട്രേലിയയിലെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലാണ് കോവാലകളെ കൂടുതലായി കണ്ടുവരുന്നത്. ഓസ്ട്രേലിയയുടെ തീരപ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. യൂക്കാലിപ്റ്റസ് മരങ്ങള്‍ ധാരാളമായി വളരുന്ന കാടുകളാണ് കോവാലകളുടെ പ്രധാന താവളം.

  രോമത്തിനു വേണ്ടി വന്‍തോതില്‍ വേട്ടയാടപ്പെട്ടതിനാല്‍ ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും കോവാലകളുടെ എണ്ണം വളരെ കുറഞ്ഞു ഇടയ്ക്കിടെ ഉണ്ടാകുന്ന കാട്ടുതീ അവയുടെ താമസസ്ഥലങ്ങള്‍ നശിക്കാനിടയാക്കി, ഇക്കാരണങ്ങളെല്ലാം കോവാലയം വംശനാശത്തിന്‍റെ വക്കോളമെത്തിച്ചു.