EncyclopediaWild Life

കിവി

ന്യൂസിലാന്റ് ദ്വീപുകളിൽ കണ്ടുവരുന്ന പറക്കാൻ കഴിവില്ലാത്ത പക്ഷിയാണ് കിവി. ന്യൂസിലാന്റിന്റെ ദേശീയ ചിഹ്നവും കിവിയാണ്. ഈ പക്ഷികളുടെ പരിണാമ പ്രക്രിയ‍ ഏറെ പഠനവിധേയമായമായിട്ടുണ്ട്. ഭൂമിശാസ്ത്ര പരമായ കാരണങ്ങളാൽ ലക്ഷക്കണക്കിന് വർഷങ്ങളായി ഒറ്റപ്പെട്ടു കിടന്നതും, ഭീഷണിയായി മറ്റുജന്തുക്കൾ ഇല്ലാതിരുന്നതും ഇവയുടെ പരിണാമത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആൺ കിളികൾ ഉണ്ടാക്കുന്ന ശബ്ദത്തിൽ നിന്നാണ് കിവി എന്ന പേരുണ്ടായത്.
പ്രത്യേകതകൾ
കോഴിയോളം വലിപ്പം വരുന്ന ഈ പക്ഷികൾക്ക് ആകർഷകമായ നിറമൊന്നുമില്ല. തൂവലുകൾ രോമം പോലെ തോന്നിക്കുന്നവയാണ്‌. വാൽ തീരെയില്ല. ചുണ്ടിനു താഴെയുള്ള തൂവൽരോമങ്ങൾ ഇവയുടെ സ്പർശനാവയവങ്ങളായി പ്രവർത്തിക്കുന്നു. ആൺകിളികളും പെൺകിളികളും കാഴ്ചയിൽ കാര്യമായ വ്യത്യാസമില്ല. ആൺകിളികൾ കിവി എന്ന രീതിയിലുള്ള ശബ്ദം ഉണ്ടാക്കുമ്പോൾ പെൺകിളികൾ കുർകുർ എന്ന മട്ടിലാണ് ശബ്ദമുണ്ടാക്കുക. കിവി പക്ഷികൾ രാത്രിയിലാണ് ഇരതേടുക. ഇരയെ പ്രധാനമായും മണത്താണ് തിരിച്ചറിയുക. ഇത്തരത്തിൽ ഇരതേടുന്ന പക്ഷികൾ അപൂർവ്വമാണ്. ഇതിനായി ചുണ്ടിന്റെ അഗ്രത്തായി നാസാദ്വാരങ്ങൾ കാണപ്പെടുന്നു. പുഴുക്കൾ, പ്രാണികൾ, ചെറുപഴങ്ങൾ മുതലായവയെ ഇവ ഭക്ഷണമാക്കുന്നു.
പ്രത്യുത്പാദനം
കിവി
പ്രത്യുത്പാദനകാലത്ത് മാത്രമേ കിവികൾ ഇണകളായി സഞ്ചരിക്കാറുള്ളു. കൂടുകെട്ടാനായി ഏറെ സമയമൊന്നും കിവികൾ എടുക്കാറില്ല. മൺപൊത്തുകളിലും വേരുകൾക്കിടയിലും പുല്ലും തൂവലുകളും വെച്ച് കൂടുണ്ടാക്കുന്നു. ഒന്നോ രണ്ടോ മുട്ടകളാണിടുക. ശരാശരി 13 സെ.മീ നീളവും 9 സെ.മീ വ്യാസവുമുള്ള മുട്ടകൾക്ക് 450 ഗ്രാം വരെ ഭാരമുണ്ടാകും. ആൺപക്ഷിയാണ് അടയിരിക്കുക. വിരിയുമ്പോൾ തന്നെ തൂവൽക്കുപ്പായമുണ്ടാകുന്ന കിവി കുഞ്ഞുങ്ങൾ ഒരാഴ്ചക്കുള്ളിൽ തന്നെ സ്വയം ഇരതേടാൻ തുടങ്ങും. കുഞ്ഞുങ്ങൾ പ്രായപൂർത്തിയാകാൻ ആറ് വർഷത്തോളമെടുക്കും. കോളനിവത്കരണകാലത്ത് വംശനാശഭീഷണിയുണ്ടായിരുന്നെങ്കിലും ഇന്ന് സർക്കാർ സഹായത്തോടെ ഭീഷണികൾ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.