Encyclopedia

കിസിൽ കും

കിസിൽ കും അല്ലെങ്കിൽ ക്വിസിൽക്വും ലോകത്തിലെ പതിനാറാമത്തെ വലിയ മരുഭൂമിയാണ്. ടർക്കിക് ഭാഷയിൽ ഇതിന്റെ പേരിന്റെ അർത്ഥം ചുവന്ന മണൽ എന്നാണ്. മദ്ധ്യേഷ്യയിലെ ദവോബ് എന്ന പ്രദേശത്തിൽ അമു ദാരിയ, സിർ ദാരിയ എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശം ചരിത്രപരമായി ട്രാൻസോക്സാനിയ അല്ലെങ്കിൽ സോഗ്ദിയാന എന്ന് അറിയപ്പെട്ടു. ഇപ്പോൾ ഈ മരുഭൂമി കസാഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഭാഗികമായി തുർക്‌മെനിസ്ഥാൻ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

ഭൂമിശാസ്ത്രം

സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണിത്. താഴ്വാരങ്ങളും ഉയർന്ന പ്രദേശങ്ങളും നിറഞ്ഞ മരുഭൂമിയാണിത്. മിക്ക പ്രദേശങ്ങളിലും മണൽക്കൂനകൾ നിറഞ്ഞിരിക്കുന്നു. ചിലയിടങ്ങളിൽ മരുപ്പച്ചകളും കാണാനാകും. ഇവയിലും ഇതിലൂടെ ഒഴുകുന്ന നദികളുടെ തീരങ്ങളിലും കൃഷിഭൂമികളുണ്ട്. മേയ് മുതൽ സെപ്റ്റംബർ വരെയുള്ള വേനൽക്കാലത്ത് താപനില അതിയായി വർദ്ധിക്കും. ഉൾപ്രദേശത്തുള്ള ഒരു പട്ടണമായ കെർക്കി അമു ദാര്യാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്നു.