രാജാവും ഭരണവും
ഭൂട്ടാനില്‍ രാഷ്ട്രത്തലവനായ രാജാവ് തന്നെയാണ് സര്‍ക്കാറിന്റെ തലവന്‍. രാജാവിനെ ഭരണത്തില്‍ സഹായിക്കുന്നതിനായി ഒരു ക്യാബിനറ്റുമുണ്ട്. മന്ത്രിമാര്‍, പോലീസിന്റെയും പട്ടാളത്തിന്റെയും മേധാവികള്‍,മറ്റു പ്രത്യേക പ്രതിനിധികള്‍ മുതലായവര്‍ ഉള്‍പ്പെടുന്നതാണ് കാബിനറ്റ്.
നിയമനിര്‍മ്മാണം, സര്‍ക്കാരിലെ ഉയര്‍ന്ന നിയമനങ്ങളെ അംഗീകരിക്കല്‍, ദേശീയപ്രാധാന്യമുള്ള വിഷയങ്ങളിലുള്ള വിദഗ്ദഉപദേശം എന്നീ ചുമതലകള്‍ നാഷണല്‍ അസംബ്ലി അഥവാ ഷോഗ്ഡുവിനാണ്. നാഷണല്‍ അസംബ്ലിയില്‍ 154 അംഗങ്ങളുണ്ട്. ഇവരില്‍ 105 പേര്‍ ഭൂട്ടാന്റെ 20 പ്രവിശ്യകളിലുള്ള ജനങ്ങളുടെ പ്രതിനിധികളായ ‘ചിമി’കളാണ്.37 പേര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. കൂടാതെ ലാമകളുടെ 12 പ്രതിനിധികളും അസംബ്ലിയില്‍ ഉണ്ടാകും. പ്രവിശ്യകളുടെ പ്രതിനിധികളെ തിരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തുന്നത്. 25 വയസു പൂര്‍ത്തിയായ ഏതൊരു ഭൂട്ടാന്‍ പൗരനും നാഷണല്‍ അസംബ്ലിയിലേക്ക് മത്സരിക്കാം.
രാജഭരണം നിലനില്‍ക്കുന്ന പല രാജ്യങ്ങളിലും ഇല്ലാത്ത അധികാരം ഭൂട്ടാനിലെ നാഷണല്‍ അസംബ്ലിക്കുണ്ട്. അസംബ്ലി പാസാക്കുന്ന മൂന്നില്‍ രണ്ടു ഭൂരിപക്ഷമുള്ള അവിശ്വാസപ്രമേയത്തിലൂടെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ സാധിക്കും. അസംബ്ലിയുടെ തീരുമാനങ്ങള്‍ക്ക് രാജാവിന്റെ അംഗീകാരവും ഭൂട്ടാനില്‍ ആവശ്യമില്ല. അസംബ്ലി പാസാക്കുന്ന പ്രമേയങ്ങളോ നിയമങ്ങളെയോ ഇല്ലാതാക്കാനുള്ള അധികാരവും രാജാവിനില്ല.