കിമ്മും ദക്ഷിണ കൊറിയയും
ദക്ഷിണ കൊറിയയില്‍ കുഴപ്പങ്ങളുണ്ടാക്കി അവരെ കീഴ്പ്പെടുത്താം, അതായിരുന്നു കിമ്മിന്റെ കണക്കുകൂട്ടല്‍. ഈ ഉദേശ്യത്തോടെ 1968-ല്‍ പാര്‍ക്ക് ചങ്ങ് ഹീയെ വധിക്കാനായി ഒരു കൊറിയ ദക്ഷിണ കൊറിയയിലേക്കഴച്ചു പക്ഷേ അവര്‍ പിടിക്കപ്പെട്ടു. വടക്കന്‍ കൊറിയയാണ് തങ്ങളെ അയച്ചതെന്ന് പിടിക്കപ്പെട്ടവര്‍ വെളിപ്പെടുത്തുകയും ചെയ്തു!
ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിച്ചു. പാര്‍ക്കിനെതിരെ കലാപം നടത്താന്‍ കിം തെക്കന്‍ കൊറിയക്കാരോട് ആഹ്വാനം നടത്തി, ജപ്പാനുമായി കൂട്ടുചേരാന്‍ ശ്രമിക്കുന്ന പാര്‍ക്ക് ചങ്ങ് ഹീയെ ജനങ്ങള്‍ ഉടന്‍ പുറത്താക്കുമെന്നായിരുന്നു കിമ്മിന്റെ കണക്കുകൂട്ടല്‍.
പക്ഷെ അവിടെവിടെയായി ചില എതിര്‍പ്പുകള്‍ ഉയര്‍ന്നതല്ലാതെ കിം പ്രതീക്ഷിച്ചതുപോലെ വലിയ പ്രക്ഷോഭമൊന്നും തെക്കന്‍ കൊറിയയിലുണ്ടായില്ല.ഏകാധിപതിയാണെങ്കിലും പാര്‍ക്കിന്‍റെ ഭരണത്തില്‍ തെക്കന്‍ കൊറിയയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നുമുണ്ടായിരുന്നു.
ലോകമെങ്ങും യുദ്ധത്തിനെതിരെ ചിന്തിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ശത്രുതയിലായിരുന്ന അമേരിക്കയും സോവിയറ്റ് യൂണിയനും വരെ ചര്‍ച്ചകള്‍ നടത്തിത്തുടങ്ങിയ സമയം അപ്പോഴും കൊറിയന്‍ ഏകീകരണം എന്ന സ്വപ്നവുമായി കിം കരുക്കള്‍ നീക്കിക്കൊണ്ടിരുന്നു. മറ്റു രാജ്യങ്ങളോട് ഏതെങ്കിലും തരത്തില്‍ ഉടമ്പടിയുണ്ടാക്കാന്‍ അദ്ദേഹം താല്പര്യപ്പെട്ടില്ല, വടക്കന്‍ കൊറിയയും തെക്കന്‍ കൊറിയയും രണ്ടു രാജ്യങ്ങളായി ഐക്യരാഷ്ട്രസംഘടനയില്‍ ചേരുന്നതിനോടും കിം വിയോജിച്ചു.
1974-ല്‍ ഉത്തര കൊറിയയില്‍നിന്ന് ഒരു ഗറില്ലാ സംഘം വീണ്ടും തെക്കന്‍ കൊറിയയിലെത്തി, പാര്‍ക്ക് ചങ്ങ് ഹീ പങ്കെടുത്ത പരിപാടിയിലേക്ക് അവര്‍ വെടിയുതിര്‍ത്തു. പാര്‍ക്കിന്‍റെ ഭാര്യയടക്കം പലരും മരിച്ചെങ്കിലും അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെട്ടു. പാര്‍ക്കിനെ വധിച്ചാലുടന്‍ അധികാരം പിടിച്ചെടുക്കാന്‍ കുറെ സൈനികരേയും തയാറാക്കി നിര്‍ത്തിയിരുന്നു. പക്ഷെ ഒന്നും നടന്നില്ല.
കിം ഇതിനിടെ തന്‍റെ കുറെ ആശയങ്ങള്‍ കൂടി ചേര്‍ത്ത് ഉത്തര കൊറിയയുടെ ഭരണഘടന പൊളിച്ചെഴുതി. ജ്യൂച് എന്നാണ് ഈ ഭരണഘടനയ്ക്ക് പേര് നല്‍കിയത്. കിം ചോദ്യം ചെയ്യപ്പെടാതെ നേതാവായി മാറിക്കഴിഞ്ഞിരുന്നു.വിപ്ലവകാരിയില്‍ നിന്ന് ഏകാധിപതിയിലേക്കുള്ള മാറ്റമായിരുന്നു അത്.