ഖോയ്
ഖോയ് (Persian and Azerbaijani: خوی; കുർദിഷ്: خۆی;Armenian: Հեր; റൊമാനൈസ് ചെയ്തത് Khoi), ഇറാനിലെ പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ ഖോയ് കൗണ്ടിയുടെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2012 ലെ കനേഷുമാരി പ്രകാരം നഗര ജനസംഖ്യ 200,985 ആയിരുന്നു.
പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ഉർമിയയുടെ വടക്കുഭാഗത്തും ടെഹ്‌റാനിൽ നിന്ന് ഏകദേശം 807 കിലോമീറ്റർ വടക്കുപടിഞ്ഞാറായുമാണ് ഖോയ് നഗരം സ്ഥിതിചെയ്യുന്നത്. പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ കൃഷിയെ അടിസ്ഥാനമാക്കിയുള്ളതാണ്. പഴങ്ങൾ, ധാന്യങ്ങൾ, മരത്തടി എന്നിവയുടെ ഉത്പാദനമാണ് ഇതിൽ മുഖ്യം. ഇറാനിലെ സൺഫ്ലവർ നഗരം എന്നാണ് ഖോയിയുടെ വിളിപ്പേര്. 2006 ലെ സെൻസസ് പ്രകാരം, 178,708 ജനസംഖ്യയുണ്ടായിരുന്ന നഗരത്തിൽ 2012 ലെ ഒരു കണക്കെടുപ്പിൽ ജനസംഖ്യ 200,985 ആയിരുന്നു. ഖോയിയിൽ കൂടുതലായും അധിവസിക്കുന്നത് അസർബൈജാൻ, കുർദ് വംശത്തിലുള്ളവരാണ്. ഷിയാ ഇസ്ലാം, സുന്നി ഇസ്ലാം എന്നിവരടങ്ങി യതാണ് ഇവിടുത്തെ പ്രധാന മതവിഭാഗങ്ങൾ. മധ്യകാലഘട്ടം മുതൽ അധിനിവേശ ചരിത്രമുള്ള ഇത് ഒരു പ്രധാന ക്രിസ്ത്യൻ കേന്ദ്രമെന്ന നിലയിലും ഒരു നീണ്ട ചരിത്രം പങ്കിടുന്നു.
ചരിത്രം
പുരാതന കാലത്ത് ഉപ്പ് ഖനികളുടെ പേരിൽ അറിയപ്പെട്ടിരുന്ന ഖോയ് നഗരം സിൽക്ക് റൂട്ടിന്റെ ഒരു പ്രധാന ഇടവഴിയായി ഇത് മാറുന്നതിന് കാരണമായി. 3000 വർഷങ്ങൾക്ക് മുമ്പ്, ഇപ്പോൾ ഖോയ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഒരു നഗരം നിലനിന്നിരുന്നുവെങ്കിലും അതിന്റെ പേര് ഖോയ് എന്നായി മാറിയത് പതിനാലാം നൂറ്റാണ്ടിൽ മാത്രമാണ്. ബിസി 714-ൽ, സർഗോൺ II ഉറാർട്ടുവിനെതിരായ ഒരു സൈനിക നടപടിയിൽ ഖോയ് നഗരത്തിൻറെ ഭാഗമായ പ്രദേശത്തുകൂടി കടന്നുപോയി. ഗ്രേറ്റർ അർമേനിയയുടെ ഭരണകാലത്ത് ഈ നഗരം നോർ-ഷിറകാൻ പ്രവിശ്യയുടെ (അഷ്കർ) ഭാഗമായിരുന്നു. AD എട്ടാം നൂറ്റാണ്ടിൽ ഖോയിയെ “അഷ്‌ഖരത്‌സ്യൂയ്‌റ്റ്‌സ്” എന്ന തൻറെ ഗ്രന്ഥത്തിൽ അനനിയ ഷിരാകാറ്റ്‌സിയും പരാമർശിച്ചിരുന്നു.
പാർത്തിയൻ കാലഘട്ടത്തിൽ, വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പാർത്തിയൻ സാമ്രാജ്യത്തിലേയ്ക്കുള്ള ഒരു കവാടമായിരുന്നു ഖോയ് നഗരം. ബിസി 37-നടുത്ത്, മാർക്ക് ആന്റണി, നിരവധി റോമൻ-പാർത്ഥിയൻ യുദ്ധങ്ങളിൽ ഒന്നിനെ നയിച്ചുകൊണ്ട് ഖോയ്‌ക്കും മാറണ്ടിനും ഇടയിൽ സ്ഥിതിചെയ്തിരുന്ന സമതല പ്രദേശത്തുകൂടി കടന്നുപോയിരുന്നു.
നഗരത്തിലെ പ്രധാന ചരിത്ര നിർമ്മിതികളിലൊന്ന് സർപ്പ് സർക്കിസ് ദേവാലയമാണ്. ഇതിൻറെ നിർമ്മാണ കാലഘട്ടം 332 അല്ലെങ്കിൽ 333 എഡി ആയിരിക്കാമെന്ന് പ്രാചീന അർമേനിയൻ രേഖകൾ കാണിക്കുന്നു. നഗരത്തിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും പള്ളികൾ കാണപ്പെടുന്നതിനാൽ നഗരത്തിൽ എല്ലായ്പ്പോഴും ജനസംഖ്യയുടെ ഗണ്യമായ ഒരു ഭാഗം അർമേനിയക്കാർ ഉൾക്കൊള്ളു ന്നുണ്ടായിരിക്കാമെന്ന് റിപ്പോർട്ട് ചെയ്പ്പെടുന്നു.
1210-ൽ, സക്കറിയയുടെയും ഇവാൻ മഖാർഗ്രഡ്സെലിയുടെയും നേതൃത്വത്തിൽ മഹാനായ താമർ അയച്ച ജോർജ്ജിയ രാജ്യത്തിന്റെ സൈന്യം നഗരത്തെ കീഴടക്കി. 1208-ൽ ജോർജിയൻ നിയന്ത്രണത്തിലുള്ള ആനി നഗരത്തെ കൊള്ളയടിക്കുകയും 12,000 ക്രിസ്ത്യാനികൾ മരിക്കുകയും ചെയ്തതിനുള്ള പ്രതികാരമായിരുന്നു ഇത്. 1220 കളുടെ അവസാനത്തിൽ നഗരം കീഴടക്കിയ ശേഷം ജലാൽ അൽ-ദിൻ മംഗ്‌ബുർണിയുടെ ഭാര്യ മാലികയാണ് നഗരം ഭരിച്ചത്.