കെർമാൻഷാ
കെർമാൻഷാ എന്നുകൂടി അറിയപ്പെടുന്ന ഇറാന്റെ പടിഞ്ഞാറൻ ഭാഗത്ത്, ടെഹ്‌റാനിൽ നിന്ന് ഏകദേശം 525 കിലോമീറ്റർ (326 മൈൽ) അകലെയായി സ്ഥിതി ചെയ്യുന്ന കെർമാൻഷാ പ്രവിശ്യയുടെ തലസ്ഥാന നഗരമാണ്. 2016 ലെ കനേഷുമാരി അനുസരിച്ച്, ഈ നഗരത്തിലെ ജനസംഖ്യ 946,681 ആയിരുന്നു (2021 കണക്കാക്കുന്നത് 1,047,000). ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും തെക്കൻ കുർദിഷ്, പേർഷ്യൻ ഭാഷകളിൽ ദ്വിഭാഷക്കാരും ഇറാനിലെ ഏറ്റവും വലിയ കുർദിഷ് ഭാഷ സംസാരിക്കുന്നതുമായ ഒരു നഗരമാണ്. കെർമാൻഷായിലെ ഭൂരിഭാഗം നിവാസികളും ഷിയ മുസ്ലീങ്ങളാണെങ്കിലും സുന്നി മുസ്ലീങ്ങളും ക്രിസ്ത്യാനികളും യാർസാനിസത്തിന്റെ അനുയായികളും ഇവിടെ അധിവസിക്കുന്നു.
പൗരാണികത, ആകർഷകമായ ഭൂപ്രകൃതി, അതിസമ്പന്നമായ സംസ്കാരം, നിയോലിത്തിക്ക് കാലഘട്ടത്തിലെ ഗ്രാമങ്ങൾ എന്നിവയാൽ കെർമാൻഷാ നഗരം ചരിത്രാതീത സംസ്കാരങ്ങളുടെ തൊട്ടിലുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പുരാവസ്തു പര്യവേക്ഷണങ്ങലും ഉത്ഖനനങ്ങളും അനുസരിച്ച്, ലോവർ പാലിയോലിത്തിക്ക് കാലഘട്ടം മുതൽക്കുതന്നെ ചരിത്രാതീത ജനതയുടെ അധിവാസകേന്ദ്രമായിരുന്ന കെർമാൻഷാ പ്രദേശം കൂടാതെ പ്ലീസ്റ്റോസീൻ കാലഘട്ടത്തിന്റെ അവസാനം വരെയും പിൽക്കാല പാലിയോലിത്തിക്ക് കാലഘട്ടങ്ങളിലും ഇതേനിലയിൽ തുടർന്നു. ലോവർ പാലിയോലിത്തിക്ക് കാലത്തെ തെളിവുകളിൽ നഗരത്തിന്റെ കിഴക്ക് ഗാകിയ പ്രദേശത്ത് കണ്ടെത്തിയ കൈമഴു പോലെയുള്ള ചില വസ്തുക്കളും ഉൾക്കൊള്ളുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ കണ്ടത്തിയിട്ടുള്ള മധ്യ പാലിയോലിത്തിക്ക് അവശിഷ്ടങ്ങളിൽ പ്രത്യേകിച്ച് നഗരത്തിന്റെ വടക്കൻ പരിസരത്ത് ടാങ്-ഇ കെനെഷ്ത്, ടാങ്-ഇ മലവേർഡ്, ടാക്-ഇ ബോസ്താനിന് സമീപത്തുനിന്നുള്ളവയും ഉൾപ്പെടുന്നു.
ഈ കാലഘട്ടത്തിൽ കെർമാൻഷാ മേഖലയിൽ നിയാണ്ടർത്താൽ മനുഷ്യനും നിലനിന്നിരുന്നു. ഈ ആദ്യകാല മനുഷ്യന്റെ അസ്ഥികൂടാവശിഷ്ടങ്ങൾ ഇറാനിൽ നിന്ന് കണ്ടെത്തിയത് കെർമാൻഷാ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മൂന്ന് ഗുഹകളിലും ശിലാസങ്കേതങ്ങളിൽനിന്നുമാണ്. ഈ പ്രദേശത്തെ അറിയപ്പെടുന്ന പാലിയോലിത്തിക്ക് ഗുഹകൾ വാർവാസി, ഖ്വോബെഹ്, മലവേർഡ്, ഡോ-അഷ്കാഫ്റ്റ് ഗുഹ എന്നിവയാണ്. 8,000-നും 10,000-ത്തിനും വർഷങ്ങൾക്ക് മുമ്പ് ഏഷ്യാബ്, ഖസാഞ്ചി, സരബ്, ചിയാ ജാനി, ഗഞ്ച്-ദാരേ എന്നിവയുൾപ്പെടെയുള്ള മനുഷ്യവാസ കേന്ദ്രങ്ങൾ ആദ്യമായി സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു ഈ പ്രദേശം.
ഇന്നത്തെ ഹർസിൻ നഗരത്തിനടുത്തുള്ള ഗഞ്ച്-ദാരെയിൽ ഇറാനുമായി ബന്ധപ്പെട്ട ആദ്യ മൺപാത്ര നിർമ്മാണവും ഇതേ സമയത്താണ്. 2009 മെയ് മാസത്തിൽ, ഹമദാൻ സർവ്വകലാശാലയും യൂണിവേഴ്സിറ്റി കോളജ്, ലണ്ടനും ചേർന്ന് നടത്തിയ ഒരു ഗവേഷണത്തെ അടിസ്ഥാനമാക്കി, ഇറാന്റെ സാംസ്കാരിക പൈതൃക, ടൂറിസം ഓർഗനൈസേഷന്റെ പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ തലവൻ, 9800 B.P. മുതലുള്ള പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും പ്രാചീനമായ ചരിത്രാതീത ഗ്രാമങ്ങളിലൊന്നാണ് കെർമാൻഷായുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സഹ്നെയിൽ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. പിൽക്കാല ഗ്രാമീണ അധിനിവേശങ്ങളുടെയും ആദ്യകാല വെങ്കലയുഗത്തിന്റെയും അവശിഷ്ടങ്ങൾ നഗരത്തിലെ തന്നെ നിരവധി മൺകുന്നുകളിൽ കാണപ്പെടുന്നു. നഗരത്തിൽ ചോഘ കബൗദ്, ചോഘ ഗോലാൻ, മൊറാദ് ഹാസൽ, തപ്പ ഗവ്രി എന്നിങ്ങനെ 4 പുരാവസ്തു കുന്നുകൾ ഉണ്ട്.