CountryEncyclopedia

കാഠ്മണ്ഡു

നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു. മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 മീറ്റർ (4,600 അടി) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 3,949,486 ആണ്.

പദോൽപ്പത്തി

ദർബാർ ചത്വരത്തിലെ “കാഷ്ഠമണ്ഡപം” എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിലിൽ തീർത്ത മണ്ഡപം. കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി ഒട്ടും ഉപയോഗിച്ചിട്ടില്ല.

ഭൂമിശാസ്ത്രം

കാഠ്മണ്ഡു താഴ്വരയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് കഠ്മണ്ഡു നഗരം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് 50.7 കി.m2 ആണ്. സമുദ്രനിരപ്പിൽനിന്നും ശരാശരി 1,400 മീറ്റർ (4,600 അടി) ഉയരത്തിലാണ് ഈ നഗരം ഉള്ളത്.

കാഠ്മണ്ഡു നഗരപ്രദേശത്തിന്റെ ഉപഗ്രഹചിത്രം (നഗരഭാഗം മധ്യത്തിൽ ചാരനിറത്തിൽ). ചുറ്റും പച്ച നിറത്തിൽ കാണപ്പെടുന്നത് മലഞ്ചെരുവുകളും വനമേഖലകളുമാണ്

എട്ട് പുഴകൾ കാഠ്മണ്ഡുവിലൂടെ ഒഴുകുന്നുണ്ട്, ഇതിൽ ഏറ്റവും പ്രധാനപെട്ടത് ഭാഗ്മതി നദിയാണ്. മറ്റുള്ളവ ഇതിന്റെ കൈവഴികളും. ബിഷ്ണുമതി, ധോബി ഖോല, മനോഹര ഖോല, ഹനുമന്ത് ഖോല, തുകുഛ ഖോല എന്നി കൈവഴികളാണ് അവയിൽ പ്രധാനപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 1,500–3,000 മീറ്റർ (4,900–9,800 അടി) ഉയരത്തിലാണ് ഈ നദികളുടെയെല്ലാം ഉദ്ഭവ സ്ഥാനം.

കാഠ്മണ്ഡുവും അതിന്റെ താഴ്വരയും ഇലപൊഴിയും മഴക്കാട് മേഖലയിലണ് പെടുന്നത് (ഉയരം 1,200–2,100 മീറ്റർ (3,900–6,900 അടി). നേപ്പാളിലെ അഞ്ച് സസ്യവൈവിധ്യ മേഖലകളിൽ ഒന്നാണ് ഇത്. ഓക്ക്, എലം, ബീച്ച്, മാപ്പിൾ എന്നി മരങ്ങൾ ഈ മേഖലയിൽ കണ്ടുവരുന്നു. കൂടാതെ ഉയർന്നമേഖലകളിൽ സ്തൂപാകൃതിയിലുള്ള മരങ്ങളും കാണപ്പെടുന്നു.