കമല സുരയ്യ
ഒരു ഇന്ത്യൻ ഇംഗ്ലീഷ് – മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ .മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പല വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. 1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്‍റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രായപ്പെടുന്നു.
ജീവിതരേഖ
1934 മാർച്ച് 31ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് (നിലവിൽ തൃശൂർ ജില്ല) നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു . അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിന്‍റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.സുലോചന നാലപ്പാട്ട് സഹോദരിയാണ്.
കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കട്ടയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസുമായി നടന്നു. പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പ്രായമായിരുന്നു.മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ.
1999ൽ ഇസ്ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി[9]. ഇസ്ലാമിൽ നിന്ന് പുനർ വിവാഹിതയാകുവാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു. അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. 2009 മേയ് 31-നു് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്.
രാഷ്ട്രീയം
രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. 1984ൽ ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുകയും ചെയ്തു .എന്നാൽ പരാജയപ്പെടുകയുണ്ടായി.
ആദരം
പുന്നയൂർക്കുളത്തുള്ള സാഹിത്യ അക്കാദമിയുടെ കമല സുരയ്യ സ്മാരക സമുച്ചയത്തിലേക്കുള്ള കവാടം
ഗൂഗിൾ 2018 ഫെബ്രുവരി 1ന് മാധവിക്കുട്ടിയോടുള്ള ആദരവായി ഗൂഗിൾ ഡൂഡിൾ അവതരിപ്പിച്ചു.
ചലച്ചിത്രം
മാധവിക്കുട്ടിയുടെ കൃതികൾക്ക് പലരും ചലച്ചിത്ര ഭാഷ്യം രചിച്ചിട്ടുണ്ട്.ദൂരദർശന് വേണ്ടി ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ബാല്യകാല സ്മരണകളും ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ വേനലിന്റെ ഒഴിവും ടെലി സീരീയലുകളായി ഇറങ്ങിയിട്ടുണ്ട്. 2018ൽ ആമി എന്ന പേരിൽ കമലിന്റെ സംവിധാനത്തിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി.മഞ്ജു വാര്യർ ആണ് ചിത്രത്തിൽ മാധവിക്കുട്ടിയെ അവതരിപ്പിച്ചത്.