EncyclopediaHistory

കമല ഹാരിസ്

അമേരിക്കൻ ഐക്യ നാടുകളുടെ 49 മത് ഉപരാഷ്ട്രപതി ആണ് കമല ദേവി ഹാരിസ്. 1964 ഒക്ടോബർ 20 ന്നു ആണ് അവർ ജനിച്ചത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും, ആദ്യ കറുത്ത വർഗത്തിൽ പെട്ടവളും, ആദ്യ ഇന്ത്യൻ വംശജയുമാണ് കമല. ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗം ആയ അവർ ഈ സ്ഥാനത്ത് എത്തുന്നതിനു മുൻപ് 2011-17 കാലഘട്ടത്തില് കാലിഫോർണിയ സംസ്ഥാനത്തിന്റെ അറ്റോർണി ജനറൽ ആയും, 2017-21 കാലത്ത് ആ സംസ്ഥാനത്തെ അമേരിക്കൻ സെനറ്റിൽ പ്രതിനിധീകരിക്കുകയും ആയിരുന്നു. 2021 ജനുവരി 20 ന് ജോ ബൈഡൻ പ്രസിഡണ്ട് ആയി സത്യപ്രതിജ്ഞ ചെയ്തതോടെ ആണ് അവർ അമേരിക്കയുടെ വൈസ് പ്രസിഡൻ്റ് ആയത്. നിലവിലിരുന്ന പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡൻറ് ആയിരുന്ന മൈക്ക് പെൻസിനെയും 2020 നവംബറിൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി ആണ് ജോ ബൈഡനും – കമല ഹാരിസും പ്രസിഡഡും വൈസ് പ്രസിഡഡും ആയത്.

ഇന്ത്യയിൽ നിന്നു വന്ന ശ്യാമള ഗോപാലനും ജമൈക്കയിൽ നിന്നു വന്ന ഡൊണാൾഡ് ഹാരിസ് നും കാലിഫോർണിയയിലെ ഓക്ലാൻഡിൽ വെച്ച് ജനിച്ച ആദ്യ മകൾ ആണ് കമല. ഹോവാർഡ് സർവകലാശാലയിൽ നിന്നു ബിരുദവും കാലിഫോർണിയ സർവകലാശാലയിലെ “ഹാസറ്റിങ് കോളേജ് ഓഫ് ലോ” യിൽ നിന്നും നിയമവും പഠിച്ചു. 2003 ൽ സാൻഫ്രാൻസിസ്കോ ഡിസ്ട്രിക്ട് അറ്റോർണി ആയി തിരഞ്ഞെടുക്കപ്പെട്ടു. 2010 ൽ ആദ്യമായി കാലിഫോർണിയ സംസ്ഥാനത്തെ അറ്റോർണി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2014 ൽ വീണ്ടും അതേ സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ടു. 2017ൽ ആദ്യമായി അമേരിക്കൻ കോൺഗ്രസിൻ്റെ ഉപരിസഭ ആയ സെനെറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ സ്ഥാനത്ത് എത്തുന്ന രണ്ടാമത്തെ മാത്രം കറുത്ത വർഗക്കാരി ആയിരുന്നു കമല, ആദ്യത്തെ ഇന്ത്യൻ വംശജയും.

സെനറ്റർ ആയിരുന്നപ്പോ വിവിധ പുരോഗമനാത്മക പരിഷ്കാരങ്ങൾക്കു വേണ്ടി അവർ ശ്രമിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ നിയമ പരിഷ്കാരം, നികുതി പരിഷ്കരണം, കുടിയേറ്റ നിയമ പരിഷ്കരണം, തോക്ക് കൈവശം വെക്കാൻ ഉള്ള നിയമത്തിന്റെ പരിഷ്കാരം, തുടങ്ങിയവയിൽ കമലയുടെ പ്രവർത്തനം കാണാം. ഡൊണാൾഡ് ട്രംപ് പ്രസിഡൻറ് ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രതിനിധികളെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയയിൽ അവരെ കമല കർശന ചോദ്യം ചെയ്യലിന് വിധേയമാക്കുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു.

2020 ലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന്റെ മുന്നോടി ആയുള്ള ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ ജോ ബൈഡന് എതിരെ കമല മൽസരിച്ചിരുന്നു. എന്നാൽ പിന്നീട് അതികം ജന പിന്തുണ നേടാനാകാതെ സ്ഥാനാർഥിത്വം പിൻവലിച്ച് ബൈഡന് പിന്തുണ പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റിൽ ബൈഡൻ കമലയെ വൈസ് പ്രസിഡൻറ് സ്ഥാനാർഥി ആയി പ്രഖ്യാപിച്ചു.

അമേരിക്കയിലെ അഭിഭാഷകൻ ആയ ഡഗ് എമഹോഫിനെ 2013 ൽ ആണ് കമല ആദ്യം കാണുന്നത്. കുറച്ചുകാലത്തെ പ്രണയത്തിന് ഒടുവിൽ 2014 ഓഗസ്റ്റ് 24 ന്നു അവർ വിവാഹിതരായി. എമഹോഫിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കൾ കമലയെ മൊമല എന്നാണ് വിളിക്കുന്നത്. ഡഗ് എമഹോഫ് അമേരിക്കയുടെ ആദ്യത്തെ സെക്കൻഡ് ജെൻറിൽമാൻ ആണ്

മായ ഹാരിസ് ആണ് കമലയുടെ ഇളയ സഹോദരി. അവരും അഭിഭാഷക ആണ്.