ActressEncyclopediaFilm Spot

കൽപ്പന

മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു കൽപ്പന എന്നറിയപ്പെടുന്ന കൽപ്പന രഞ്ജനി (ജനനം: ഒക്ടോബർ 5, 1965 – മരണം: ജനുവരി 25, 2016). മലയാളചലച്ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളാണ് കൽപ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചു. 2016 ജനുവരി 25 ന് അന്തരിച്ചു.

പ്രവർത്തന മേഖല

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983-ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാളചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് ചിലർ കൽപ്പനയെ വിശേഷിപ്പിക്കുന്നത്. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുടുംബം

നാടകപ്രവർത്തകരായ ചവറ വി. പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി ജനിച്ച കൽപ്പന ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1983-ൽ ചലച്ചിത്രസംവിധായകനായ അനിൽ കുമാറിനെ വിവാഹം കഴിക്കുകയും 2012-ൽ വിവാഹമോചനം നേടുകയും ചെയ്തു. പ്രമുഖ നടികളായ ഉർവശ്ശി, കലാരഞ്ജിനി എന്നിവർ സഹോദരിമാരാണ്. കമൽ റോയ്, പ്രിൻസ് എന്നിവർ സഹോദരന്മാരാണ്.