കെ. കരുണാകരൻ
പൊതുപ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ അഥവാ കണ്ണോത്ത് കരുണാകരൻ മാരാർ (ജനനം: 5 ജൂലൈ 1918; മരണം: 23 ഡിസംബർ 2010 ) നാലു തവണ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 2007-ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. 2010 ഡിസംബർ 23-ന് നിര്യാതനായി.
ജീവിതരേഖ
1918 ജൂലൈ 5-ന് മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. കുഞ്ഞിരാമമാരാർ, ബാലകൃഷ്ണമാരാർ, ദാമോദരമാരാർ (അപ്പുണ്ണിമാരാർ) എന്നിവർ സഹോദരന്മാരും ദേവകി സഹോദരിയുമായിരുന്നു. അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ്. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മാരാർ എന്ന ജാതിപ്പേര് ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
വടകര ലോവർ പ്രൈമറി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്, പിന്നീട് അണ്ടല്ലൂരിലും ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ പാസായിയെങ്കിലും ചെറുപ്പത്തിലെ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്നു.
സ്വകാര്യ ജീവിതം
അമ്മാവൻ രാഘവമാരാരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ൽ തന്റെ 36-ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കേ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്. ജ്യോതി മുരളീധരൻ, ഡോ. വേണുഗോപാൽ എന്നിവരാണ് മരുമക്കൾ. ഐശ്വര്യ, കരുൺ, ശബരീഷ്, അരുൺ എന്നിവരാണ് പേരമക്കൾ.
1992 ജൂലായ് 3-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് തലകീഴ് മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
മരണം
വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന് വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്. 2010 ഒക്ടോബർ 21 മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. മരണസമയത്ത് 92 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്തിച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന് ശവകുടീരമൊരുക്കിയത്.