യഹൂദമതം
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതങ്ങളിലൊന്നാണ് ജൂതമതം അഥവാ യഹൂദമതം. മൂന്ന് പ്രമുഖ അബ്രഹാമിക മതങ്ങളിൽ ഒന്നുമാണത്. ദൈവം ഏകനാണെന്നും,യഹൂദർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധജനമാണെന്നുമുള്ള വിശ്വാസമാണ് യഹൂദധാർമ്മികതയുടെ കാതൽ. യഹോവ (YHWH) എന്ന ചതുരക്ഷരി (Tetragrammaton) ഇവരുടെ പൂജ്യമായ ദൈവനാമമാണ്. തെക്കൻ മെസപ്പൊട്ടോമിയയിലെ കൽദായരുടെ ഉറിൽ നിന്ന് (Ur of the Chaldees) ഹാരാൻ വഴി, ദൈവികമായ തെരഞ്ഞെടുപ്പിലൂടെ വാഗ്ദത്തഭൂമിയായ ഇസ്രായേലിലെത്തിയവനും “എല്ലാ വിശ്വാസികളുടേയും പിതാവുമായ” അബ്രഹാമിന്റെ ധാർമ്മികപാരമ്പര്യത്തിൽ പെട്ടവരായി യഹൂദർ സ്വയം കണക്കാക്കുന്നു. അബ്രഹാമിന്റെ പേരക്കിടാവായ യാക്കോബിന്റെ പന്ത്രണ്ടു മക്കളിൽ ഒരാളായ “യഹൂദ”-യുടെ പേരിലാണ് ഈ മതം ഇന്നറിയപ്പെടുന്നത്. ‘യഹൂദ’ എന്ന പേരാകട്ടെ ‘യഹോവ’ എന്ന ദൈവനാമവുമായും ബന്ധപ്പെട്ടിരിക്കുന്നു.
എബ്രായബൈബിൾ അനുസരിച്ച് ഈജിപ്തിൽ അടിമകളാക്കപ്പെട്ട യാക്കോബിന്റെ സന്തതികൾ മോശയുടെ നേതൃത്വത്തിൽ വിമോചിതരായി വാഗ്ദത്തഭൂമിയിൽ മടങ്ങിയെത്തി. 450 വർഷത്തെ അടിമത്തത്തിനു ശേഷമുള്ള ഈ വിമോചനവും, മരുഭൂമിയിലൂടെയുള്ള മടക്കയാത്രയും യഹൂദവിശ്വാസ പാരമ്പര്യത്തിലെ കേന്ദ്രസംഭവങ്ങളിൽ പെടുന്നു. 40 വർഷം ദീർഘിച്ച മടക്കയാത്രയുടെ തുടക്കത്തിൽ വിമോചകനായ മോശയ്ക്ക്, സീനായ് മലമുകളിൽ വച്ച് ദൈവം, നിയമസാരാംശമായ പത്ത് കല്പനകൾ സ്വന്തം വിരൽ കൊണ്ട് കൽപലകകളിൽ എഴുതി നൽകിയതായി യഹൂദർ കരുതുന്നു.
ഫേബ്രായ ബൈബിൾ അഥവാ തനക്ക് ആണ് യഹൂദമതസ്ഥരുടെ വിശുദ്ധഗ്രന്ഥം. തനക്കിന്റെ മൂന്നു ഖണ്ഡങ്ങളിൽ എറ്റവും പ്രധാനം ആദ്യഖണ്ഡവും നിയമസമാഹാരവുമായ ‘തോറ’ തോറ ആണ്. പിൽക്കാലത്തു മുഖ്യധാരയായി മാറിയ റാബൈനിക യഹൂദത, ദൈവദത്തമായ അലിഖിതനിയമങ്ങളുടേയും അവയുടെ വ്യാഖ്യാനങ്ങളുടേയും രേഖ എന്ന നിലയിൽ പിൽക്കാലരചനയായ താൽമുദിനേയും തോറയ്ക്കൊപ്പം മാനിക്കുന്നു.