ജോണ്‍ ടെയ്ലര്‍
വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ പ്രസിഡന്‍റ് മരിച്ചതിനാല്‍ അമേരിക്കന്‍ പ്രസിഡന്റാക്കപ്പെട്ട ആദ്യത്തെയാള്‍, പ്രസിഡന്റായിരിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍, ഇംപീച്ച്മെന്‍റ് ഭീഷണി നേരിട്ട ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്‍റ് അമേരിക്കയുടെ പത്താമത്തെ പ്രസിഡന്‍റ് ജോണ്‍ടെയ്ലറുടെ റെക്കോര്‍ഡുകളാണ് ഇതെല്ലാം.
1790 മാര്‍ച്ച് 29-നാണ് ജോണ്‍ ടെയ്ലറുടെ ജനനം. പിതാവിന്‍റെ പേരും ജോണ്‍ ടെയ്ലര്‍ എന്നായിരുന്നു. മാതാവ്, മേരി ആര്‍മിസ്റ്റട് . പഠനത്തില്‍ മികവു പുലര്‍ത്തിയ ടെയ്ലര്‍ ഇംഗ്ലീഷ് സാഹിത്യവും ചരിത്രവും ധനതത്വശാസ്ത്രവും നിയമവു പഠിച്ചു.
1816 മുതല്‍ 1821-വരെ യു.എസ് പ്രതിനിധി സഭാംഗമായിരുന്ന വെര്‍ജീനിയ ഗവര്‍ണര്‍, യു.എസ് സെനറ്റര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. വില്യം ഹെന്‍റി ഹാരിസണ്‍ അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ ജോണ്‍ടെയ്ലര്‍ വൈസ് പ്രസിഡന്റായി.
പ്രസിഡന്‍റ് ഹാരിസണ്‍ രോഗം വന്ന് മരണാസന്നനായി കിടക്കുകയാണ് എന്ന് ടെയ്ലര്‍ക്ക് അറിയില്ലായിരുന്നത്രെ.1841 ഏപ്രില്‍ 5-നു രാവിലെ ചീഫ് ക്ലാര്‍ക്ക് പ്രസിഡന്റിന്റെ മരണ വാര്‍ത്ത അറിയിച്ചത്. പിറ്റേന്നു ടെയ്ലര്‍ പ്രസിഡന്റായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വിഗ് പാര്‍ട്ടിയുടെ പ്രതിനിധിയായാണ് ടെയ്ലര്‍ വൈസ് പ്രസിഡന്റായത്. പക്ഷെ പ്രസിഡന്‍റ് പദവിയില്‍ എത്തിയതോടെ പാര്‍ട്ടി നയങ്ങള്‍ അദ്ദേഹം കാറ്റില്‍ പറത്തി. പാര്‍ട്ടി കൊണ്ട് വന്ന പ്രമേയങ്ങളെല്ലാം തള്ളിക്കളയുന്നത് പതിവാക്കി. പാര്‍ട്ടിപ്രവര്‍ത്തകര്‍ സഹികെട്ട് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം കൊണ്ടു വരികയും ചെയ്തു. ടെയ്ലറുടെ മന്ത്രിസഭയില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന വെബ്സറ്റര്‍ ഒഴികെ എല്ലാവരും രാജി സമര്‍പ്പിച്ചു.
പക്ഷെ ജോണ്‍ ടെയ്ലര്‍ കുലുങ്ങിയില്ല. ധൈര്യമായി ഇംപീച്ച്മെന്‍റ് പ്രമേയഭീഷണിയെ നേരിട്ടു. ടെയ്ലര്‍ക്കെതിരെയുള്ള ഇംപീച്ച്മെന്‍റ് പ്രമേയഭീഷണി വിലപ്പോയില്ല. പക്ഷെ പിന്നീട് പാര്‍ട്ടിയുമായി ചില ഒത്തുതീര്‍പ്പുകള്‍ അദ്ദേഹം ഉണ്ടാക്കി. 1845 മാര്‍ച്ച് 4-നു പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു. 1862 ജനുവരി 18-ന് അന്തരിച്ചു.