CountryEncyclopedia

ജിദ്ദ

സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് ചെങ്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ജിദ്ദ (അറബി: جدّة). മക്ക പ്രവിശ്യയിലെ ഏറ്റവും വലിയ നഗരവും റിയാദിനു ശേഷം രാജ്യത്തെ ഏറ്റവും വലിയ പട്ടണവുമാണ് ജിദ്ദ. സാധ്യമെങ്കിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട നഗരമെന്ന് മുസ്ലിംകൾ വിശ്വസിക്കുന്ന മക്ക, മദീന എന്നീ പുണ്യ നഗരങ്ങളിലേക്കുള്ള പ്രവേശന കവാടം ആണ് ജിദ്ദ. സൗദിയുടെ വാണിജ്യ തലസ്ഥാനവും മധ്യപൂർവ്വ ദേശത്തെ ഒരു സമ്പന്ന നഗരവുമാണ്‌ ജിദ്ദ. ചെങ്കടലിന്റെ റാണി എന്ന അപര നാമത്തിൽ അറിയപ്പെടുന്ന ജിദ്ദയുടെ കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കിംഗ്‌ ഫഹദ് ജലധാര പട്ടണത്തിലെ ഒരു പ്രധാന ആകർഷണമാണ്‌. 110 കിലോമീറ്ററോളം നീളത്തിൽ വിനോധത്തിനുതകുന്ന രീതിയിൽ നിർമിച്ച ജിദ്ദ ബീച്ചിനോടനുബന്ധിച്ച് മനോഹരമായ നിരവധി പാർക്കുകളും, മീൻപിടുത്ത പ്രദേശങ്ങളും, ഉല്ലാസ കേന്ദ്രങ്ങളും, ചെങ്കടലിലെ അപൂർവ മത്സ്യങ്ങൾ ഉൾകൊള്ളുന്ന അക്വേറിയങ്ങളും ഉണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട മദായിൻ സ്വാലിഹ് ജിദ്ദയിൽ നിന്നും 950 കിലോമീറ്റർ ദൂരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സൗദി ചരിത്രത്തിന്റെ ഏടുകൾ പലതും ജിദ്ദയുമായി ബന്ധപ്പെട്ടു കിടക്കുന്നന്നവയാണ്. ബി.സി. 500-നോടടുത്ത്, ഒരു മത്സ്യ ബന്ധന ഗ്രാമം സ്ഥാപിച്ചു കൊണ്ടാണ് ജിദ്ദയിൽ ജനവാസം ആരംഭിച്ചത് എന്നാണ്, ജിദ്ദയിലെ പുരാതന നഗര ഭാഗമായ അൽ ബലദിൽ നടത്തിയ പുരാവസ്തു ഗവേഷണങ്ങളിൽ നിന്ന് കണ്ടെത്തിയത്. എ.ഡി 647-ൽ മൂന്നാം ഖലീഫ ഉസ്‌മാൻ ബിൻ അഫ്ഫാന്റെ കാലത്ത് ഹജ്ജിനു വരുന്നവർക്ക് വേണ്ടി ഒരു തുറമുഖമാക്കി മാറ്റിയതോടു കൂടെയാണ് ജിദ്ദ നഗരം പ്രാധാന്യം കൈവരിക്കുന്നത്.