ജബൽ അലി
ഐക്യ അറബ് എമിറേറ്റിലെ ദുബൈ പട്ടണത്തിൽ നിന്നും 35 കി.മീ. തെക്ക്പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു തുറമുഖ നഗരമാണ് ജബൽ അലി(അറബിക്:جبل علي). 1977 ൽ പണിപൂർത്തിയായ ജബൽ അലി വില്ലേജ് മുന്നൂറിലാധികം ഭവനങ്ങളുള്ള വിദേശികളുടെ ഒരു പ്രധാന ആവാസകേന്ദ്രമായി വളർന്നിട്ടുണ്ട്. 67 ബർത്തുകളും 134.68 ചതുരശ്ര കി.മീ(52 ചതുരശ്ര മൈൽ) വലിപ്പവുമുള്ള ഈ തുറമുഖം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത താവളവും മധ്യേഷ്യയിലെ ഏറ്റവും വലിയ തുറമുഖവുമാണ്. 120 രാജ്യങ്ങളിൽ നിന്നുള്ള 5,500 കമ്പനികൾക്ക് ഈ തുറമുഖ നഗരം കൂടൊരുക്കുന്നു.
സ്വതന്ത്ര വ്യാപാര മേഖലയിലെ പ്രത്യേക അവകാശങ്ങൾ ലക്ഷ്യം വെച്ച് കൂടുമാറുന്ന രാജ്യാന്തര സ്ഥാപനങ്ങൾക്ക് പ്രവേശനാനുമതി നൽകുന്ന വ്യവസായിക മേഖലയായ ജബൽ അലി സ്വതന്ത്രമേഖല(Jebel Ali Free Zone -JAFZ) സ്ഥാപിക്കപ്പെടുന്നത് 1985 ലാണ് . കോർപറേറ്റ് നികുതിയിൽ നിന്ന് 50 വർഷത്തേക്കുള്ള ഇളവ്,വരുമാന നികുതി ഇല്ലാത്തത്,കയറ്റുമതി-ഇറക്കുമതി തീരുവയില്ലാത്തത്, കറൻസിയിന്മേൽ നിയന്ത്രണമില്ലാത്തത്, എളുപ്പത്തിലുള്ള തൊഴിൽ നിയമനം എന്നിവ ഇവിടെ ലഭിക്കുന്ന പ്രത്യേക ഇളവുകളാണ്. അൽ മക്തൂം അന്തർദേശീയ വിമാനത്താവളം ഇപ്പോൾ പണി നടന്നു വരുന്നു.
അമേരിക്കക്ക് പുറത്ത് അമേരിക്കൻ വ്യോമയാന കപ്പലുകൾ ഏറ്റവും കൂടുതലായി സന്ദർശിക്കുന്ന ഒരു തുറമുഖമാണ് ജബൽ അലി.