ജയസൂര്യ
മലയാള ചലച്ചിത്ര അഭിനേതാവ്, നിർമ്മാതാവ്, ഗായകൻ എന്നീ നിലകളിൽ പ്രശസ്തനായ കലാകാരനാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയായ ജയസൂര്യ (ജനനം : 31 ഓഗസ്റ്റ് 1978) 2002-ൽ റിലീസായ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെ മലയാളത്തിൽ സജീവ സാന്നിധ്യമായ ജയസൂര്യ മലയാള സിനിമയിലെ മുൻനിര നായകന്മാരിലൊരാളാണ്.
ജീവിതരേഖ
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ താലൂക്കിൽ മണിയുടേയും തങ്കത്തിൻ്റേയും മകനായി 1978 ഓഗസ്റ്റ് 31ന് ജനിച്ചു. ചമ്പക്കര സെൻ്റ് ജോർജ് യു.പി.സ്കൂൾ, തൃപ്പൂണിത്തുറ ഗവ.സംസ്കൃത ഹൈസ്കൂൾ, എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം ഓൾ സെയിൻ്റ്സ് കോളേജിൽ നിന്ന് ബിരുദം നേടി പഠനം പൂർത്തിയാക്കിയ ജയസൂര്യ കോട്ടയം നസീറിൻറെ കൊച്ചിൻ ഡിസ്കവറി എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. ക്രൗൺ ഓഫ് കൊച്ചിൻ എന്ന ട്രൂപ്പിലും സജീവമായി പ്രവർത്തിച്ച ജയസൂര്യ എഷ്യാനെറ്റ് കേബിൾ വിഷനിലെ ഫൺവേ ജാക്ക്പോട്ട് എന്ന പ്രോഗ്രാമിലും കൈരളി ചാനലിലെ ജഗതി-ജഗതിമയം എന്ന പ്രോഗ്രാമിലും അവതാരകനായിരുന്നു. അക്കാലത്ത് വിവിധ സീരിയലുകളിൽ നിരവധി അഭിനേതാക്കൾക്ക് ശബ്ദം നൽകി.
അഭിനയ ജീവിതം
2001-ൽ റിലീസായ അപരന്മാർ നഗരത്തിൽ എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത് മലയാള ചലച്ചിത്ര രംഗത്തെത്തി. 2002-ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിൽ നായകനായി അഭിനയിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്. ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക പ്രശംസ നേടി. പിന്നീട് സ്വപ്നക്കൂട്, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു എന്നീ സിനിമകളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുൻനിര നായകനായി ഉയർന്നു. ആദ്യകാലങ്ങളിൽ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തത്. 2010-ൽ റിലീസായ കോക്ക്ടെയിൽ എന്ന സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൊന്നാണ്. 2011-ൽ ടി.വി.ചന്ദ്രൻ സംവിധാനം ചെയ്ത ശങ്കരനും മോഹനനും എന്ന സിനിമയിൽ ഇരുപത് ഗെറ്റപ്പുകളിൽ ജയസൂര്യ അഭിനയിച്ചു. ആ വർഷം തന്നെ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ നേടിയ സിനിമയാണ്. തുടർന്ന് ട്രിവാൻഡ്രം ലോഡ്ജ്, മുംബൈ പോലീസ്, ഹോട്ടൽ കാലിഫോർണിയ, അപ്പോത്തിക്കരി തുടങ്ങിയ സിനിമകളിൽ വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് തൻറേതായ ഇടം കണ്ടെത്തി. 2014-ൽ റിലീസായ ഇയ്യോബിൻറെ പുസ്തകം എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് ഏത് വേഷങ്ങളിലും അഭിനയിക്കാനുള്ള കഴിവ് അദ്ദേഹം പ്രകടമാക്കി. 2013-ൽ ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് വഴിമാറിയ ജയസൂര്യ രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലെ നായകനായി അഭിനയിച്ചു കൊണ്ട് തൻറെ ആദ്യ നിർമ്മാണ ചിത്രം മലയാള സിനിമയുടെ അരങ്ങിലെത്തിച്ചു. 2018-ൽ ജയസൂര്യ നിർമ്മിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഞാൻ മേരിക്കുട്ടി എന്ന സിനിമയിൽ ട്രാൻസ്ജെൻററായി അഭിനയിച്ചു. ആ വർഷം തന്നെ അകാലത്തിൽ പൊലിഞ്ഞു പോയ കേരള പോലീസിലെ ഫുട്ബോൾ താരം വി.പി.സത്യൻറെ ജീവിതക്കഥ പറഞ്ഞ ക്യാപ്റ്റൻ എന്ന സിനിമയിൽ ജയസൂര്യ സത്യനായി അഭിനയിച്ചു. 2018-ലെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യയ്ക്ക് ലഭിച്ചു.