ജയറാം
മലയാളചലച്ചിത്രരംഗത്തെ നായകനടൻമാരിൽ ഒരാളാണ് ജയറാം (ജനനം:ജയറാം സുബ്രഹ്മണ്യൻ ഡിസംബർ 10, 1964). എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. ഒരു ചെണ്ട വിദ്വാൻ കൂടിയാണ് ജയറാം. അനായാസമായി കൈകാര്യം ചെയ്യുന്ന ഹാസ്യകഥാപാത്രങ്ങൾ ജയറാമിനെ കൂടുതൽ ജനശ്രദ്ധേയനാക്കി. 2011ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
ജീവിതരേഖ
പരേതരായ സുബ്രഹ്മണ്യൻ-തങ്കം ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനായി 1964 ഡിസംബർ 10-ന് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് ജയറാം ജനിച്ചത്.പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് ജയറാമിൻറെ സഹോദരങ്ങൾ. ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. കാളിദാസനും ബാലതാരമായി രണ്ടു ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. പ്രശസ്ത മലയാളം എഴുത്തുകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ അനന്തരവൻ കൂടിയാണ് ജയറാം.