EncyclopediaIndia

ജമ്മു-കശ്മീർ

ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു കേന്ദ്രഭരണ പ്രദേശമാണ് .തെക്ക് ഹിമാചൽപ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്ക്‌ ചൈന കിഴക്ക് ലഡാക്ക് എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, എന്നിങ്ങനെ രണ്ടു പ്രദേശങ്ങളുടെ സഞ്ചയമാണീ പ്രദേശം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും ഹരിതാഭമായ താഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ പ്രദേശങ്ങളിലൊന്നാണ്. പ്രമുഖ തീർഥാടന കേന്ദ്രങ്ങളായ വൈഷ്ണോ ദേവി, അമർനാഥ്‌ എന്നിവ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഒരു ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു. ജമ്മു-കാശ്മീരിനെ ഇന്ത്യ അതിന്റെ അവിഭാജ്യ ഘടകമായി കരുതുന്നു. എന്നാൽ ഈ ഭൂപ്രദേശത്തിന്റെ പകുതിയോളമേ ഇന്ത്യയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളൂ. എന്നാൽ ജമ്മു-കാശ്മീരിന്റെ മേലുള്ള ഇന്ത്യയുടെ അവകാശവാദത്തെ അയൽ രാജ്യങ്ങളായ പാകിസ്താനും ചൈനയും വർഷങ്ങളായി എതിർക്കുന്നു. വടക്കു പടിഞ്ഞാറുള്ള പ്രദേശങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിലുമാണ്. ഇന്ത്യ ഈ പ്രദേശത്തെ പാക്ക് അധിനിവേശ കശ്മീർ എന്നു വിശേഷിപ്പിക്കുന്നു. കിഴക്കുഭാഗത്തുള്ള അക്സായി ചിൻ പ്രദേശം ചൈനയുടെ നിയന്ത്രണത്തിലുമാണ്. ഇവയ്ക്കൊക്കെ പുറമേ സ്വതന്ത്ര കാശ്മീരിനായി പോരാടുന്നവരും തീവ്രവാദ സംഘങ്ങളും ഇവിടെ സജീവമാണ്. ചുരുക്കത്തിൽ അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും തീവ്രവാദവും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമായി മാറിയിട്ടുണ്ട് ഈ പ്രദേശം. ഭൂരിപക്ഷവും മുസ്ലിംകളാണ്. ഹിന്ദു, സിഖ് എന്നിവയാണ് ഇവിടുത്തെ മറ്റ് മതങ്ങൾ.
ചരിത്രം
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് സ്വതന്ത്രമായി നിന്ന പ്രദേശം ആണ് കാശ്മീർ. പിന്നാലെ പാകിസ്താൻ അവരുടെ കൂടെ ചേർക്കുന്നതിന് കാശ്മീരിൽ സൈനിക മുന്നേറ്റം നടത്തി മൂന്നിലൊന്ന് പ്രദേശം കൈവശപ്പെടുത്തി. അപ്പോൾ കശ്മീർ മഹാരാജാവ് ഹരിസിങ് ഇന്ത്യയുടെ സഹായം തേടുകയും ഇന്ത്യയിൽ ലയിക്കാൻ സമ്മതിക്കുകയും ചെയ്തു. അപ്പോൾ മാത്രം ആണ് ഇന്തൃൻ സൈനൃം കാശ്മീരിൽ പ്രവേശിച്ച് പാകിസ്താനുമായി യുദ്ധം ചെയ്തതും. പക്ഷെ പാകിസ്താൻ പിടിച്ചെടുത്ത പ്രദേശം തിരിച്ചു പിടിക്കാൻ ഇന്ത്യക്ക് പറ്റിയില്ല . ഇത് പാക് അധിനിവേശ കാശ്മീർ എന്നറിയപ്പെട്ടു. പാകിസ്താൻ ഗവൺമെന്റ് ഇതിന്റെ സ്വയംഭരണാവകാശം ഉണ്ട് എന്ന് പ്രഖ്യപിച്ചു കൊണ്ട് ഇന്ത്യയുമായി 1947,1965 യുദ്ധം ചെയ്യുകയുണ്ടായി. രണ്ടു യുദ്ധത്തിലും പാകിസ്താൻ പരാജിതരായി. ഇതിനെ തുടർന്ന് പാകിസ്താനിനെ തീവ്രവാദികൾ ഭൂരിഭാഗ ജനവിഭാഗമായ കാശ്മീരിലെ മുസ്ലീം ജനതയെ മതവികാരത്തിന്റെ പേരിൽ ഇളക്കിവിടുകയും തീവ്രവാദ സംഘടനകൾ ഉണ്ടാക്കുകയും, കാശ്മീരിലെ ജനജീവിതം ദുസ്സഹകമാക്കുകയും കൂട്ടകൊലകൾ നടത്തുകയും ചെയ്തു. ഇത് കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിൽ കലാശിച്ചു. 1985 സിയാച്ചിനിൽ നുഴഞ്ഞുകയറ്റം നടത്തിയ പാകിസ്താൻ സേനക്കെതിരെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയും ഒരു യുദ്ധത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. അതിനുശേഷം 1999ൽ പാകിസ്താൻ സൈന്യം വീണ്ടും കാർഗിലിൽ നുഴഞ്ഞു കയറുകയും ഇന്ത്യയുമായി യുദ്ധത്തിൽ എത്തുകയും ചെയ്റ്റു. യുദ്ധാവസാനം പാകിസ്താൻ സേനയെ തുരത്തി ഓടിക്കുകയും കാർഗിൽ കീഴടക്കുകയും ചെയ്തു. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്നു ജമ്മു കശ്മീർ. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 ആം അനുച്ഛേദം, ജമ്മുകാശ്മീരിൽ മറ്റ് ഇന്ത്യക്കാർക്ക് ഭൂമി വാങ്ങാൻ അനുവാദം നിഷേധിക്കുന്ന 35A അനുച്ഛേദം എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു.