ജയിംസ് കെ. പോള്‍ക്ക്
കറുത്ത കുതിര എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രസിഡന്റാണ് ഇദ്ദേഹം. അമേരിക്കന്‍ ആഭ്യന്തരയുദ്ധം വരെയുള്ള പ്രസിഡന്റുമാരില്‍ ഇദ്ദേഹത്തിനു ശേഷം ഇത്രയും കരുത്തുള്ള മറ്റൊരു പ്രസിഡന്റ് ഉണ്ടായിട്ടില്ല.
1795 നവംബര്‍ 2-നു നോര്‍ത്ത് കരോലിനയിലാണ് പോള്‍ക്കിന്റെ ജനനം. ഭൂവുടമയായ സാമുവേല്‍ പോള്‍ക്കാണ് പിതാവ്.അമ്മയുടെ പേര് ജെയ്ന്‍ നോക്സ് പോള്‍ക്ക്.
കരുത്തനായ പ്രസിഡന്റായി പേരെടുത്തുവെങ്കിലും ബാല്യത്തില്‍ അനാരോഗ്യവാനായിരുന്നു. പല അസുഖങ്ങളും പോള്‍ക്കിനെ അലട്ടി, എങ്കിലും പഠനത്തില്‍ അദ്ദേഹം ശ്രദ്ധിച്ചു. ഗ്രീക്കും ലാറ്റിനും തത്ത്വശാസ്ത്രവുമെല്ലാം പഠിച്ചു. നല്ല പ്രസംഗകനായും അദ്ദേഹം പേരെടുത്തു. പിന്നീട് അഭിഭാഷകനായി ജോലി ചെയ്തു,
1821-ല്‍ ഇദ്ദേഹം സൈനിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. ടെന്നിസി പ്രതിനിധി സഭയിലും, യു.എസ് പ്രതിനിധിസഭയുടെ സ്പീക്കര്‍ പദവിയും വഹിച്ചിട്ടുണ്ട്. ടെന്നിസിയുടെ ഗവര്‍ണറായും പ്രവര്‍ത്തിച്ചു.
1844-ല്‍ പോള്‍ക്ക് ഡമോക്രാറ്റുകളുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി. വിഗ് പക്ഷത്തെ ബെന്‍ട്രി ക്ലേയായിരുന്നു മുഖ്യഎതിരാളി. പോള്‍ക്കിന് ജനങ്ങളുടെ വോട്ടിന്‍റെ 50 ശതമാനവുo ക്ലേയ്ക്ക് 48 ശതമാനവും ലഭിച്ചു. ഇലക്ടറല്‍വോട്ട് യഥാക്രമം 170 ഉം 105 ഉം ആയിരുന്നു. അങ്ങനെ ജെയിംസ് കെ. പോള്‍ക്ക് അമേരിക്കയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി.
സംഭവബഹുലമായിരുന്നു പോള്‍ക്കിന്റെ ഭരണകാലം. ഒറിഗോണ്‍ പ്രദേശത്തിന്‍റെ അവകാശത്തെച്ചൊല്ലി ബ്രിട്ടനുമായുണ്ടായ തര്‍ക്കം അവസാനിപ്പിച്ച ഒറിഗോണ്‍കരാര്‍ നിലവില്‍ വന്നത്. പോള്‍ക്കിന്റെ കാലത്താണ്. ഇന്‍ഡിപെന്റന്റ്ട്രഷറി നിയമം വ്യാപാരവുമായി ബന്ധപ്പെട്ട വാക്കര്‍ താരിഫ് നിയമം എന്നിവയെല്ലാം നിലവില്‍ വന്നതും ഇക്കാലത്ത് തന്നെ.1846 മുതല്‍ 1848 വരെ മെക്സിക്കന്‍യുദ്ധവും ഉണ്ടായി.
1849 മാര്‍ച്ച് 4-നു പോള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വിരമിച്ചു. അതേ വര്‍ഷം ജൂണ്‍ 15-നു മരണമടയുകയും ചെയ്തു.