ജഹ്രോം
ജഹ്രോം (പേർഷ്യൻ: جهرم, ജഹ്‌റൂം എന്നും അറിയപ്പെടുന്നു) ഇറാനിലെ ഫാർസ് പ്രവിശ്യയിലെ ജഹ്രോം കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2016 ലെ സെൻസസ് പ്രകാരമുള്ള നഗരത്തിലെ ജനസംഖ്യ 141,634 ആയിരുന്നു. ഫാർസ് പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള ഏറ്റവും വലിയ നഗരവും മുഴുവൻ പ്രവിശ്യയിലേയും രണ്ടാമത്തെ വലിയ നഗരവുമാണ് ജഹ്രോം. ഇറാനിലെ ചരിത്ര നഗരങ്ങളിലൊന്നാണ് ജഹ്രോം. ജഹ്രോം നഗരത്തിന്റെ സ്ഥാപകൻ, അഞ്ചാമത്തെ അക്കീമെനിഡ് രാജാവായിരുന്ന സെർക്‌സസ് ഒന്നാമന്റെ മകനും പേർഷ്യയിലെ രാജാവുമായിരുന്ന അർത്താക്സെർക്‌സസ് ഒന്നാമനായിരുന്നു. ഫിർദോസി ഷാ നാമയിൽ ജഹ്രോം നഗരത്തെക്കുറിച്ച്, പ്രത്യേകിച്ച് അർദാഷിർ ഒന്നാമനുമായി ബന്ധപ്പെട്ട കഥകളിൽ പലതവണ പരാമർശിച്ചിട്ടുണ്ട്. സങ്താരഷൻ ഗുഹ, ജഹ്രോമിലെ ജമേഹ് മസ്ജിദ്, ജഹ്റോം ബസാർ, ഖാൻ സ്കൂൾ, ജഹ്രോമിലെ അഗ്നി ക്ഷേത്രം ( ഖ്വദംഗാഹ്) ഉൾപ്പെടെ ജഹ്രോമിൽ നിരവധി പുരാതന സ്മാരകങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്.
ഫാർസ് പ്രവിശ്യയുടെ തലസ്ഥാനമായ ഷിറാസിൽ നിന്ന് 170 കിലോമീറ്റർ (110 മൈൽ) തെക്കുകിഴക്കായാണ് ജഹ്രോം നഗരം സ്ഥിതി ചെയ്യുന്നത്. ചൂടുള്ള അർദ്ധ വരണ്ട കാലാവസ്ഥയാണ് ജഹ്രോമിനുള്ളത്, പ്രതിവർഷം ശരാശരി 285 മില്ലിമീറ്റർ (11.2 ഇഞ്ച്) മഴ ലഭിക്കുന്ന നഗരത്തിലെ ശരാശരി താപനില ഏകദേശം 20 °C (68 °F) ആണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,050 മീറ്റർ (3,440 അടി) ഉയരത്തിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ജഹ്രോമിലെ ഭൂരിഭാഗം ആളുകളും പേർഷ്യക്കാരും ഷിയ വിഭാഗത്തിലുള്ല മുസ്ലീങ്ങളുമാണ്.
ചരിത്രം
അക്കീമെനിഡുകൾ പേർഷ്യൻ സാമ്രാജ്യം സ്ഥാപിച്ച 2500 വർഷങ്ങൾക്കു മുമ്പുള്ളതാണ് ജഹ്രോമിന്റെ ചരിത്രം. നഗരത്തിന്റെ സ്ഥാപനം പേർഷ്യയിലെ അർത്താക്സെർക്‌സ് ഒന്നാമനുമായി ബന്ധപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്ന ഖ്വദംഗാഹിലെ സസാനിഡ് സ്മാരകം സാസാനിയൻ രാജവംശത്തിന്റെ അവസാന കാലത്താണ് (എഡി 224-651) നിർമ്മിച്ചതെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇത് ഒരു സൊരാഷ്ട്രിയൻ ആരാധനാലയം അഥവാ ഒരു അഗ്നി ക്ഷേത്രം ആയിരുന്നിരിക്കാം. മഹാനായ സസാനിഡ് രാജാവ് ഖോസ്രു രണ്ടാമന്റെ (പർവിസ്) കൊട്ടാരത്തിലെ പ്രധാന ഗാനരചയിതാവും സംഗീതജ്ഞനുമായി മാറിയ ബാർബോഡിന്റെ ജന്മസ്ഥലവുംകൂടിയാണ് ജഹ്രോം നഗരം.
641-ലോ 644-ലോ രക്തരൂക്ഷിതമായ ഒരു യുദ്ധത്തിനൊടുവിൽ ജഹ്റോം മുസ്ലീം ആക്രമണകാരികൾ കീഴടക്കി. നഗരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന “രക്തസാക്ഷികളുടെ താഴ്വര” ഈ യുദ്ധം നടന്ന സ്ഥലമായിരുന്നു, അതിനാലാണ് ഇതിനെ അങ്ങനെ വിളിക്കുന്നത്. ഫാർസ്-നാമയിൽ വിവരിച്ചിരിക്കുന്നതുപോലെ, ബൈഡ് കാലഘട്ടത്തിൽ ജഹ്രോമിൽനിന്നുള്ള നികുതികൾ കിരീടാവകാശിക്ക് നൽകിയിരുന്നു. സഫാവിഡിന്റെ രാജവംശത്തിൻറെ അവസാനത്തിലും സാൻഡ് കാലഘട്ടത്തിന്റെ തുടക്കത്തിലും, ജഹ്രോമിൽ, മരങ്ങൾ, പ്രത്യേകിച്ച് ഈന്തപ്പനകൾ നട്ടുപിടിപ്പിക്കുന്നതിന്റെ തുടക്കമായിരുന്നു.
ഖ്വജാർ കാലഘട്ടത്തിൽ, നഗരകാര്യങ്ങൾക്കായി കെട്ടിടങ്ങളും സ്ഥലങ്ങളും നിർമ്മിക്കാൻ തുടങ്ങിയ ഈ നഗരത്തിന്റെ ഭരണാധികാരി, ബസാർ നിർമ്മാണം, കൂടാതെ നിരവധി കാരവൻസെറൈകൾ, നഗരത്തിന്റെ വികസനം എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു. 1887-ൽ മുഹമ്മദ് ഹസ്സൻ മിർസ മൊഹൻഡെസ്, ഷിറാസിനും ബുഷെറിനും ശേഷം പേർഷ്യയിലെ ഏറ്റവും വലുതും സമ്പന്നവുമായ നഗരമായി ജഹ്രോമിനെ അവതരിപ്പിച്ചു. ഖ്വജർ കാലഘട്ടത്തിന്റെ അവസാനത്തിൽ, ഖ്വോം, കഷാൻ തുടങ്ങിയ നഗരങ്ങളെക്കാൾ വലിയ നഗരമായിരുന്നു ജഹ്രോം എന്നാണ് എറ്റെമാദ് ഓസ്-സാൽത്താന വിവരിക്കുന്നത്. 1890-ലെ പുകയില പ്രതിഷേധങ്ങളിലും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പേർഷ്യൻ ഭരണഘടനാ വിപ്ലവത്തിലും ജഹ്രോമിലെ ജനങ്ങൾക്ക് ഒരു പ്രധാന പങ്കു വഹിക്കാനുണ്ടായിരുന്നു. അബ്ദ് അൽ-ഹുസൈൻ നജാഫി ലാറിയായിരുന്നു ഈ കാലഘട്ടത്തിൽ നഗരത്തിന്റെ ഇസ്ലാമിക നേതാവ്.
ഇറാനിലെ ഇസ്ലാമിക വിപ്ലവത്തിലും ഒരു പ്രധാന പങ്ക് വഹിച്ച ജഹ്റോം നഗരം, വിപ്ലവത്തിനു മുമ്പുള്ള പ്രതിഷേധങ്ങളിൽ സൈനിക നിയമമുള്ള 11 നഗരങ്ങളിൽ ഒന്നായിരുന്നു . സയ്യിദ് ഹുസൈൻ ആയത്തുല്ലാഹിയായിരുന്നു ആ കാലഘട്ടത്തിലെ ജഹ്‌റോം നഗരത്തിലെ ഇസ്ലാമിക നേതാവ്. 1978 ഒക്ടോബർ 6-ന് മുഹമ്മദ് റെസ പഹ്‌ലവിയുടെ ജന്മദിനത്തിൽ ജഹ്രോമിലെ സൈനിക ഗവർണറെ ഒരു സൈനികൻ വധിച്ചു. ഇറാൻ-ഇറാഖ് യുദ്ധത്തിൽ ജഹ്‌റോമിലെ 1,200 പേർ രക്തസാക്ഷികളായിരുന്നു.