EncyclopediaScienceSecret Theories

ടൈം ട്രാവല്‍ ഇപ്പോള്‍ ചെയ്യാന്‍ സാധ്യമോ??

സമയത്തെ പുറകോട്ട് ചലിപ്പിച്ച് കഴിഞ്ഞു പോയ ഭൂതകാലത്തിലേക്ക് പോയി ചെയ്യാന്‍ പറ്റാത്ത അല്ലെങ്കില്‍ ചെയ്യാന്‍ മറന്നു പോയ കാര്യങ്ങള്‍ ചെയ്യാന്‍ ഉള്ള അവസരം ഒരിക്കല്‍ കൂടെ കിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ വളരെ ചുരുക്കമാണ്. അതുപോലെ തന്നെ സമയത്തെ മുന്നിലോട്ടു ചലിപ്പിച്ചു ഭാവിയിലേക്ക് പോയി ഭാവിയില്‍ എന്തൊക്കെ സംഭവിക്കും എന്ന് കാണാന്‍ ഉള്ള ഒരവസരം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവറും ഉണ്ട്. ടൈം ട്രാവല്‍ എന്ന ആശയം മനുഷ്യ മനസ്സുകളില്‍ ഇടം നേടിയിട്ടു കുറച്ചു കാലമായി. ശാസ്ത്രീയ സങ്കല്‍പ്പിക സിദ്ധാന്തങ്ങളിലും ഹോളിവുഡ് സിനിമകളിലും മാത്രം കാണാന്‍ കഴിയുന്ന ഒന്നായിട്ടാണ് ടൈം ട്രാവല്‍ കരുതപ്പെടുന്നത്. എന്നാല്‍ യദാര്‍ത്ഥ ജീവിതത്തില്‍ നമ്മള്‍ കരുതുന്നത് പോലെ തികച്ചും അസാധ്യമായ കാര്യമാണോ ടൈം ട്രാവല്‍???

രാത്രിയില്‍ ആകാശത്തിലേക്ക് നോക്കുമ്പോള്‍ തിളങ്ങി നില്‍ക്കുന്ന നക്ഷത്രങ്ങളെ കാണുമ്പോഴാണ് ടൈം ട്രാവല്‍ എന്ന ആശയം വെറും സാങ്കല്‍പ്പികം അല്ല എന്ന് മനസ്സിലാകുന്നത്. പ്രപഞ്ചത്തിന്റെ മറ്റേതോ കോണില്‍ ഉള്ള പ്രകാശം ഭൂമിയില്‍ എത്തണമെങ്കില്‍ ഒരു പാട് കാലം എടുക്കും. ആകാശത്ത് കാണുന്ന നക്ഷത്രങ്ങള്‍ ഒന്നും തന്നെ യാദാര്‍ത്ഥ്യം അല്ല. കാരണം ലക്ഷക്കണക്കിനും കോടിക്കണക്കിനും പ്രകാശവര്‍ഷങ്ങള്‍ക്ക് സഞ്ചരിച്ചാണ് ഈ പ്രകാശം ഭൂമിയില്‍ എത്തുന്നത്. എത്രയും ദൂരത്തില്‍ നിന്നും ഈ പ്രകാശം ഭൂമിയില്‍ എത്തുന്ന സമയത്തിനിടയില്‍ ആ നക്ഷത്രം ചിലപ്പോള്‍ നശിച്ചു പോയേക്കാം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ 65 ലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ ഉള്ള അന്യഗ്രഹജീവികള്‍ക്ക് ഭൂമിയെ നിരീക്ഷിക്കാന്‍ പറ്റിയാല്‍ അവര്‍ കാണുന്നത് 65 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലനിന്നിരുന്ന ഭൂമിയെ ആണ്. അത് കൊണ്ട് അവര്‍ക്ക് ഡയനോസറുകളെയും അവയുടെ വംശനാശത്തിന്റെ കൃത്യമായ കാരണവും കണ്ടെത്താന്‍ സാധിക്കും. നമ്മള്‍ 65 ലക്ഷം പ്രകാശവര്ഷം സഞ്ചരിച്ച് ഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയാലും ഡിനോസറുകളെ കാണാന്‍ സാധിക്കും. നിര്‍ഭാഗ്യവശാല്‍ അത്രയും ദൂരം സഞ്ചരിക്കാന്‍ ഉള്ള ടെക്നോളജി നമുക്ക് ഇപ്പോള്‍ ഇല്ല. എന്തായാലും ഇതും ഒരു വിധത്തില്‍ നോക്കുമ്പോള്‍ ടൈം ട്രാവല്‍ തന്നെയാണ്.

ഇതുപോലെ തന്നെ ഇനി ഭാവിയിലേക്ക് പോകണമെങ്കില്‍ വേണ്ടത് വേഗതയാണ്. ഒരു വസ്തുവിന്റെ സഞ്ചാരവേഗത കൂടുന്നതിന് അനുസരിച്ച് അതിന്റെ സമയത്തിന്റെ വേഗത കുറയും. ഇതാണ് ടൈം ഡയലേഷന്‍(Time Dilation). ഇതിനര്‍ത്ഥം ഒരാള്‍ റോക്കറ്റില്‍ ബഹിരാകാശത്ത്‌ പോയി തിരിച്ചു ഭൂമിയില്‍ വരുമ്പോള്‍ അയാള്‍ വിജയകരമായി ഭാവിയിലേക്കുള്ള ടൈം ട്രാവല്‍ നടത്തി എന്നാണ്. ഇതാണ് ടൈം ട്രാവല്‍ എന്ന ആശയത്തിനുള്ള പ്രധാന ആധാരം. ബഹിരാകാശത്ത്‌ പോയിട്ടുള്ള അസ്ട്രോണമിസ്റ്റ് എല്ലാവരും ഈ പ്രതിഭാസം അനുഭവിച്ചിട്ടുള്ളവര്‍ ആണ്. പക്ഷെ വളരെ വളരെ ചെറിയ രീതിയില്‍ ആണെന്ന് മാത്രം. കാരണം ഭൂമി ചാലിക്കുന്നതിനെക്കാള്‍ കുറച്ചുകൂടി വേഗതയില്‍ മാത്രമാണ് ഭൂമിയിലെ ഭ്രമണപഥത്തില്‍ ഉള്ള സ്പേസ് ക്രാഫ്റ്റുകള്‍ സഞ്ചരിക്കുന്നത്.


2015 ല്‍ ഗെനടിക് പടാല്‍ക്ക എന്ന കോസ്മോണറ്റ് ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചു എന്ന വേള്‍ഡ് റെക്കോര്‍ഡ് സ്ഥാപിച്ചു. പലപല ദൗത്യങ്ങളുടെ ഭാഗമായി ഇദ്ദേഹം 879 ദിവസങ്ങള്‍ ബഹിരാകാശത്തില്‍ ആയിരുന്നു. കണക്കു കൂട്ടി നോക്കിയപ്പോള്‍ ഭൂമിയില്‍ ഉണ്ടായിരുന്നവരെക്കള്‍ ഏകദേശം 6.9 മില്ലിസെക്കന്റുകള്‍ ഭാവിയിലേക്ക് ഇദ്ദേഹം പോയി. 6.9 മില്ലി സെക്കന്റ് എന്ന് പറയുമ്പോള്‍ വളരെ വളരെ നിസ്സാരമാണ്. പക്ഷെ എന്ത് പറഞ്ഞാലും ബെനടിക് പടാല്‍ക്ക അക്ഷരംപ്രതി ഒരു ടൈം ട്രാവലര്‍ തന്നെയാണ്. അതുപോലെ തന്നെ ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ഉള്ള എല്ലാ അസ്ട്രോനെറ്റ്സും ടൈം ട്രവല്ലെഴ്സ് ആണ്. കാരണം ഐഎസ്എസ്(ISS) സഞ്ചരിക്കുന്നത് സെക്കന്റില്‍ 7.66 km വേഗതയില്‍ ആണ്. എന്ന് വച്ച് ഐഎസ്എസ്സിലൂടെ ഒരു വലിയ ടൈം ട്രാവല്‍ നടത്താന്‍ ഒന്നും പറ്റില്ല. ഉദാഹരണത്തിന് 100 വര്‍ഷങ്ങള്‍ ഐഎസ്എസ്സില്‍ ജീവിക്കുമ്പോള്‍ ഭാവിയിലേക്ക് വെറും ഒരു സെക്കന്റ് മാത്രമേ മുന്നോട്ടു പോകാന്‍ പറ്റൂ. അതുകൊണ്ട് വേഗതയില്‍ സഞ്ചരിച്ച് ടൈം ട്രാവല്‍ ചെയ്യുന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. എന്നാല്‍ സമയത്തെ നിയന്ത്രിക്കാന്‍ പറ്റുന്ന ശക്തി ഉണ്ട്. അതാണ് ഗുരുത്വകര്‍ഷണബലം,ഗുരുത്വകര്‍ഷണബലം കൂടുതല്‍ ഉള്ള സ്ഥലത്ത് സമയത്തിനു വേഗത കുറവായിരിക്കും. അറ്റോമിക് ക്ലോക്കുകള്‍ ബഹിരാകാശത്ത്‌ എത്തുമ്പോള്‍ വേഗത കൂടും എന്നത് തെളിയിക്കപ്പെട്ടിട്ടുള്ളത് ആണ്. പക്ഷെ വളരെ ചെറിയ രീതിയില്‍ ആണെന്ന് മാത്രം.

എന്നാല്‍ ഭൂമിയെക്കാള്‍ ഗുരുത്വകര്‍ഷണ ബലം കൂടുതല്‍ ഉള്ള ഒരു വസ്തുവിനെ ഉപയോഗിച്ചാല്‍ വലിയ രീതിയില്‍ ടൈം ട്രാവല്‍ ചെയ്യാന്‍ ആകും എന്നാണ് കരുതപ്പെടുന്നത്. ഉദാഹരണത്തിന് ഒരു സൂപ്പര്‍ മാസ്സിവ് ബ്ലാക്ക് ഹോള്‍, ബ്ലാക്ക് ഹോളുകളുടെ ഗുരുത്വകര്‍ഷണബലം അതിതീവ്രം ആണ്. ഒരു ബ്ലാക്ക് ഹോളിന്റെ ഉപരിതലത്തില്‍ എത്തി അതിനെ കുറച്ചു നേരം ഭ്രമണം ചെയ്ത ശേഷം തിരിച്ചു വന്നാല്‍ ഭാവിയിലേക്കുള്ള ടൈം ട്രാവല്‍ ചെയ്ത് എന്നാണ് അര്‍ത്ഥം. ശാസ്ത്രീയ കണക്ക് കൂട്ടലുകളുടെ അടിസ്ഥാനത്തില്‍ ഈ സിദ്ദാന്തം ശരിയാണെന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുണ്ട്. എങ്കിലും ഒരു റിയല്‍ ലൈഫ് ടൈം ട്രവലിനു പറ്റിയ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ഇത് തന്നെയാണോ എന്ന്‍ പരിശോധിച്ചു നോക്കാം,

ബ്ലാക്ക് ഹോളുകളെ സംബന്ധിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സൂപ്പര്‍ മാസ്സിവ് ആയ ബ്ലാക്ക് ഹോളുകള്‍ക്ക് സമയത്തിന്റെ ഏകദേശം അമ്പതു ശതമാനത്തോളം വേഗത കുറയ്ക്കാന്‍ പറ്റും. അതായത് പത്തു വര്‍ഷം ബ്ലാക്ക് ഹോളിന്റെ ഉപരിതലത്തില്‍ കൂടി പറന്നാല്‍ അത് ഭൂമിയിലെ ഇരുപതു വര്‍ഷം ആയിരിക്കും. ഇത് തികച്ചും വലിയ രീതിയില്‍ ഉള്ള ടൈം ട്രാവലര്‍ ആണ്. പക്ഷെ ഈ മാര്‍ഗ്ഗം അത്രത്തോളം പ്രായോഗികം അല്ല. പ്രധാനകാരണം ദൂരം ആണ്. ഉദാഹരണത്തിന് ടൈം ട്രാവല്‍ ചെയ്യാനായി ഒരു സൂപ്പര്‍ മാസ്സിവ് ബ്ലാക്ക് ഹോള്‍ ഉപയോഗിക്കാന്‍ ആണ് പദ്ധതിഎങ്കില്‍ ഏറ്റവും അടുത്തുള്ള സൂപ്പര്‍ മാസ്സിവ് ബ്ലാക്ക് ഹോള്‍ എന്ന് പറയുന്നത് നമ്മുടെ സ്വന്തം ഗാലക്സി മില്‍ക്കി വേ അതായത് ക്ഷീരപഥത്തിന്റെ മധ്യത്തു സ്ഥിതി ചെയ്യുന്ന സഗിറ്റാരിയസ് A(Sagittarius A) എന്ന ബ്ലാക്ക് ഹോള്‍ ആണ്. 26000 പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. അതായത് പ്രകാശത്തിന്റെ വേഗതയില്‍ സഞ്ചരിച്ചാലും 26000 വര്‍ഷങ്ങള്‍ കഴിഞ്ഞായിരിക്കും അവിടെ എത്തുന്നത്. അവിടെ എത്തി പത്തു വര്ഷം ബ്ലാക്ക് ഹോളിനു ചുറ്റും സഞ്ചരിക്കുന്നു.പിന്നെയും വീണ്ടും 26000 വര്ഷം എടുത്ത് ഭൂമിയിലേക്ക് തിരിച്ചു വരുന്നു. അപ്പോള്‍ ആകെ മൊത്തം 52000 വര്‍ഷങ്ങള്‍ക്ക് മേലെ സമയം എടുക്കും. അങ്ങനെ 20 വര്‍ഷങ്ങള്‍ മാത്രം ഭാവിയിലേക്ക് പോകാന്‍ ഉദ്ദേശിച്ച് 52000 വര്‍ഷങ്ങള്‍ ഭാവിയിലേക്ക് പോകും. അതുകൊണ്ട് ബ്ലാക്ക് ഹോളിനെ ഉപയോഗിച്ച് ടൈം ട്രാവല്‍ ചെയ്യാമെന്ന ആശയം അടുത്ത കാലത്തൊന്നും നടക്കില്ല. എന്തായാലും ഭാവിയിലേക്കുള്ള ടൈം ട്രാവല്‍ തികച്ചും സാധ്യമാണ്. പക്ഷെ ഭാവിയിലേക്ക് മാത്രമല്ല കഴിഞ്ഞ കാലത്തിലേക്ക് പോകാനും ഒരു സംവിധാനം വേണം.

എന്നാല്‍ നിലവില്‍ ഉള്ള ഫിസിക്സിലെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ സമയത്തെ പുറകിലോട്ടു ചലിപ്പിക്കണം എങ്കില്‍ ഫിസിക്സിലെ പല നിയമങ്ങളും തെറ്റാണെന്ന് തെളിയിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഇതൊരു അസാധ്യമായ കാര്യമാണ്. എങ്കിലും ഭൂതകാലത്തിലേക്കുള്ള ടൈം ട്രാവല്‍ സാധ്യമാകും എന്ന് റൊണാള്‍ഡ്‌ മാലറ്റ്(Ronald Mallet) എന്ന ഫിസിസ്റ്റ് ഇപ്പോഴും വിശ്വസിക്കുന്നു. വര്‍ഷങ്ങളായിട്ടു ടൈം ട്രാവല്‍ സാധ്യമാകും എന്നു തെളിയിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് അദ്ദേഹം. ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് ഇദ്ദേഹം ഇതിനു ശ്രമിക്കുന്നത്. റൊണാള്‍ഡ്‌ പറയുന്ന സിദ്ധാന്തങ്ങള്‍ വച്ച് നോക്കുമ്പോള്‍ മനസിലാക്കാന്‍ പറ്റുന്നത് ലേസര്‍ കിരണങ്ങളുടെയും ഗുരുത്വകര്‍ഷണബലത്തിന്റെയും സഹായത്തോടെ ആണ് ഈ സങ്കല്‍പ്പിക യന്ത്രം പ്രവര്‍ത്തിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇത്തരമൊരു യന്ത്രം നിര്‍മ്മിക്കുക എന്നത് വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് റൊണാള്‍ഡ്‌ മാലറ്റ് തന്നെ പറയുന്നു. അതുകൊണ്ട് അടുത്ത കാലത്തൊന്നും തന്നെ ടൈം ട്രാവലിംഗ് സാധ്യമാകില്ല.

ചിലപ്പോള്‍ ഒരുപക്ഷെ നമ്മുടെ ഇടയില്‍ തന്നെ ഇതുപോലെ ഭാവിയില്‍ നിന്നും ടൈം ട്രാവല്‍ ചെയ്ത വന്നിട്ടുള്ളവര്‍ ഉണ്ടായിരിക്കാം. കഴിഞ്ഞ ചില വര്‍ഷങ്ങളായിട്ടു ഇങ്ങനെ ഭാവിയില്‍ നിന്ന് ടൈം ട്രാവല്‍ ചെയ്ത് വന്നു എന്ന് അവകാശപ്പെടുന്ന കുറച്ചു പേരുണ്ട്. അതില്‍ ഒരാള്‍ ആണ് ജോണ്‍ ടിറ്റോര്‍(John Titor). താന്‍ 2036 നിന്നും 2000 ത്തിലേക്ക് ടൈം ട്രാവല്‍ ചെയ്ത് വന്നതാണെന്നയിരുന്നു ഇയാളുടെ വാദം. 2000 ത്തിനും 2036 നും ഇടയില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളെ കുറിച്ച് ധാരാളം പ്രവചനങ്ങള്‍ ഇയാള്‍ പറഞ്ഞിരുന്നു എങ്കിലും ഒരു പ്രവചനം പോലും സത്യമായില്ല.

അതുപോലെ തന്നെ വളരെ പ്രശസ്ഥനായ ഒരാളാണ് നോവ(Noah). ഇന്റര്‍നെറ്റില്‍ വളരെയേറെ ചര്‍ച്ചാവിഷയമായ സംഭവമാണ് നോവയുടെ വെളിപ്പെടുത്തലുകള്‍ 2030 ല്‍ നിന്നും വന്നു എന്നാണ് നോവ അവകാശപ്പെട്ടത്. തന്റെ കയ്യില്‍ ഒരുപാടു തെളിവുകള്‍ ഉണ്ടെന്നും നോവ പറഞ്ഞിരുന്നു. ഒടുവില്‍ അതെല്ലാം വെറും കള്ളമായിരുന്നു എന്ന് തെളിയിക്കപ്പെട്ടു. ഇതുപോലെ ഒട്ടനവധി പേര്‍ ടൈം ട്രവല്ലെഴ്സ് ആണെന്ന അവകാശവാദവുമായി മുന്നോട്ടു വന്നിട്ടുണ്ട്. പക്ഷെ ഇതുവരെ വ്യക്തമായ തെളിവുകള്‍ കാണിക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. എന്തായാലും നമ്മള്‍ എല്ലാവരും മറ്റൊരു രീതിയില്‍ ടൈം ട്രാവലെഴ്സ് ആണ്. എന്നുവച്ചാല്‍ ഭാവിലെക്കുള്ള യാത്രയില്‍ ആണ് നമ്മള്‍ എല്ലാവരും.