EncyclopediaWild Life

സൂത്രക്കാരന്‍ ഒപ്പോസം

സഞ്ചിമൃഗങ്ങളില്‍ പ്രധാനികളായ മറ്റൊരു കൂട്ടരാണ് ഒപ്പോസങ്ങള്‍. അമേരിക്കയാണ് ഒപ്പോസത്തിന്റെ നാട്.അമേരിക്കയിലെ സഞ്ചിമൃഗങ്ങളില്‍ ഏറ്റവും വലിപ്പമുള്ള കൂട്ടരും ഇവരാണ്.തെക്കെ അമേരിക്കയിലും മധ്യ അമേരിക്കയിലുമാണ് ഇക്കൂട്ടര്‍ ധാരാളമായി കാണുന്നത്.വടക്കെ അമേരിക്കയിലും ഒരിനം ഒപ്പോസങ്ങളുണ്ട്. അവ വെര്‍ജീനിയ ഒപ്പോസം എന്നറിയപ്പെടുന്ന ധാരാളം മഴ ലഭിക്കുന്ന കാട്ടുപ്രദേശങ്ങളിലും ഇവയെ കൂടുതലിഷ്ടം. മറ്റു പ്രദേശങ്ങളിലും ഇവയെ കണ്ടുവരുന്നു. മനുഷ്യരുടെ താമസസ്ഥലങ്ങള്‍ക്കടത്തും വെര്‍ജീനിയ ഒപ്പോസം കൂടുണ്ടാക്കാറുണ്ട്. ചിലപ്പോള്‍ അവ തീറ്റതേടുന്നതിനിടയില്‍ കൃഷിക്കും തോട്ടങ്ങള്‍ക്കും നാശമുണ്ടാക്കാറുണ്ട്.
നല്ല വെളുത്ത മുഖം അതില്‍ കറുത്തപുള്ളികളും വരകളും വെളുത്തതും ചാരനിറത്തിലുള്ളതുമായ രോമങ്ങള്‍ ശരീരം നിറയെ കാണാം. എന്നാല്‍ വാലില്‍ രോമങ്ങള്‍ ഉണ്ടാവില്ല. ഇവയാണ് വെര്‍ജീനിയ ഒപ്പോസത്തിന്റെ പ്രത്യേകതകള്‍ 33 മുതല്‍ 50 സെന്റിമീറ്റര്‍ വരെയായിരിക്കും വലിപ്പം.
കുഞ്ഞുങ്ങള്‍ ജനിച്ചയുടനെ അമ്മയുടെ സഞ്ചിയിലെത്തി പാല്‍ കുടിക്കാന്‍ തുടങ്ങും. ഒരു സെന്റിമീറ്റര്‍ നീളവും രണ്ടു ഗ്രാം വീതം ഭാരവുമുള്ള ഇരുപതിലേറെ കുഞ്ഞുങ്ങള്‍ വരെ ഒറ്റത്തവണ ഉണ്ടാകാറുണ്ട്. 50 ദിവസം കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ പുറത്തു കയറി കളിക്കാന്‍ തുടങ്ങും. 70 ദിവസം കഴിയുന്നതോടെ സഞ്ചി വിട്ടു പുറത്തുപോകുകയും ചെയ്യും. പാല്‍ കുടിക്കാന്‍ സാധിക്കാതെ ചില കുഞ്ഞുങ്ങള്‍ ചത്തുപോകാറുമുണ്ട്. എട്ടുമാസത്തിനുള്ളില്‍ ഈ കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തും. മൂന്നു വര്‍ഷമാണു ഒപ്പോസത്തിന്റെ ആകെ ആയുസ്.
മരപ്പൊത്തിലും മണ്ണില്‍ കുഴിച്ചുണ്ടാക്കുന്ന മാളങ്ങളിലു മൊക്കെയാണ് ഒപ്പോസങ്ങള്‍ കൂടുണ്ടാക്കി താമസിക്കുന്നത്. കൂട്ടില്‍ ഇലയും പുല്ലും നിരത്തും, പകല്‍ സമയം കിടന്നുറങ്ങുന്ന അവ രാത്രിയിലാണ് ഇരതേടി പുറത്തിറങ്ങുക.
മരം കയറാനും വാല്‍ മരക്കൊമ്പില്‍ ചുറ്റി തൂങ്ങിക്കിടക്കാനും അവയ്ക്ക് കഴിയും.ഒന്നാന്തരം നീന്തല്‍ക്കാരുമാണ് ഒപ്പോസങ്ങള്‍! ചെടികളും പഴകിയ മാംസവും ചെറുജീവികളുമാണ് ഇവയുടെ ഭക്ഷണം. തണുപ്പുകാലത്തേക്കു വേണ്ടി ഇക്കൂട്ടര്‍ കൊഴുപ്പു രൂപത്തില്‍ ശരീരത്തില്‍ ആഹാരം സംഭരിച്ചു വയ്ക്കാറുണ്ട്. അവയുടെ രോമമില്ലാതെ വാലിനും ചെവിക്കും വലിയ തണുപ്പ് ദോഷകരമാണ്, അതിനാല്‍ കൊടുoതണുപ്പില്‍ അവ ഇര തേടാന്‍ പോകാറില്ല.
അമേരിക്കയില്‍ മാത്രമല്ല, ഓസ്ട്രേലിയയിലും ഒപ്പോസങ്ങളുണ്ട്. സഞ്ചിയില്ലാത്ത കൂട്ടരേയും ഒപ്പോസങ്ങളില്‍ കണ്ടുവരുന്നു. ഒപ്പോസത്തിന്റെ മാംസത്തിനു നല്ല രുചിയുള്ളതിനാല്‍ മനുഷ്യര്‍ വന്‍തോതില്‍ അവയെ വേട്ടയാടാറുണ്ട്.