വൈറസ്
കോശങ്ങളില്ലാത്ത അതിസൂക്ഷ്മങ്ങളായ അണുക്കളാണു വൈറസുകള്‍.രോഗബാധക്ക് കാരണമായ വൈറസ് കണമാണ് വിറിയോന്.ഒരു ന്യൂക്ലിക്ക് ആസിഡ് ഭാഗം മാത്രമേ വൈറസിനുള്ളൂ.വൈറസിലുള്ള ന്യൂക്ലിക്ക് ആസിഡിനെ ആധാരമാക്കി വൈറസുകളെ ഡി.എന്‍.എ വൈറസ്, ആര്.എന്‍.എ വൈറസ് എന്നിങ്ങനെ തിരിക്കാം.വൈറസുകള്‍ ജന്തുക്കളിലും സസ്യങ്ങളിലും പല രോഗങ്ങളും ഉണ്ടാകുന്നു.ജന്തുകോശങ്ങളിലെയും സസ്യകോശങ്ങളിലേയും എന്‍സൈമുകള്‍ ഉപയോഗിച്ചാണ് ഇവ വിഭജിക്കുന്നത്.
1892ല്‍ റഷ്യക്കാരനായ ഇവാനോവാസ്കി പുകയിലച്ചെടിയുടെ നീര് അരിച്ചെടുക്കുമ്പോള്‍ പിഞ്ഞാണപാത്രത്തില് അതിസൂക്ഷ്മങ്ങളായ അണുക്കളെ കാണാനിടയായി.ഈ അണുക്കള്‍ ആരോഗ്യമുള്ള പുകയിലച്ചെടികളില്‍ രോഗം പരത്തിയിരുന്നു.മാത്രമല്ല,കന്നുകാലികളുടെ കാലിലും വായയിലും രോഗബാധ’ ഉണ്ടാക്കിയിരുന്നു.ചില രോഗങ്ങള്‍ക്ക് കാരണം വൈറസുകളാണെന്ന് അക്കാലത്ത് കണ്ടുപിടിക്കപ്പെട്ടിരുന്നുവെങ്കിലും എന്താണ് വൈറസുകള്‍ ആണെന്ന് അറിഞ്ഞിരുന്നില്ല.
1913ല്‍ ജര്‍മന്‍കാരനായ ഗ്രൂട്ടര്‍ നവജാതശിശുക്കളില്‍ മെനിന്‍ജോ-എന്സഫലാറ്റിസ് എന്ന രോഗമുണ്ടാക്കുന്ന ഹെര്‍പസ് വൈറസുകളെ കണ്ടുപിടിച്ചു.കാലങ്ങള്‍ കടന്നുപോയതോടെ വൈറസ്മൂലമുള്ള രോഗങ്ങളുടെ എണ്ണവും വര്‍ധിച്ചു.വസൂരി,ചൊള്ള,ജര്‍മന്‍ മീസില്‍സ്,ഫ്ലൂ,പോളിയോ,മംപ്സ്,ഹെപാറ്റിറ്റിസ്,എന്സഫലാറ്റീസ്,ടോണ്സിലിറ്റിസ് എന്നിവ ഇതിനു ഉദാഹരണങ്ങളാണ്.
വൈറസുകളുടെ അതിസൂക്ഷ്മത്വം കാരണം അവയെക്കുറിച്ചുള്ള ഗവേഷണം ദുഷ്കരമായിരുന്നു.ഏറ്റവും വലിയ വൈറസിന്റെ വലിപ്പം 300 നാനോമീറ്ററാണ്.
അമേരിക്കകാരനായ ഗുഡ്പാസ്ചര് കോഴിയുടെ ഭ്രൂണത്തില്‍ വളര്‍ത്തിയെടുക്കാവുന്ന ചില വൈറസുകളെ കാണാനിടയായി.ഇത് പോളിയോ വൈറസിനെ വളര്‍ത്തിയെടുക്കാന്‍ ഉപകരിച്ചു.ഇതാണ് ആന്റി പോളിയോ വാക്സിന് ഉത്പാദനത്തിനു വഴി തെളിയിച്ചത്.
ഇലക്ട്രോണ്‍ മൈക്രോസ്കോപ്പിയുടെ വികാസത്തോടുകൂടി വിവിധതരത്തിലുള്ള വൈറസുകളെക്കുറിച്ച് അറിയാനിടയായി.ആഫ്രിക്കയിലെയും ചൈനയിലെയും ജനങ്ങളിലെ മൂക്കിലും തൊണ്ടയിലും കണ്ടുവരുന്ന അര്‍ബുദത്തിനു കാരണം വൈറസുകളാണെന്നു അമേരിക്കകാരനായ റൌസ് 1910ല്‍ തന്നെ കണ്ടുപിടിച്ചിരുന്നത്.
1981ല്‍ പെട്ടെന്നാണ് എയ്ഡ്സ് എന്ന രോഗം പൊട്ടിപുറപ്പെട്ടത്.ഈ മാരകരോഗത്തിനു കാരണക്കാരനായ വൈറസിനെ 1984ല്‍ ഫ്രഞ്ചുകാരനായ മോണ്ടാഗ്നിയറും അമേരിക്കകാരനായ ഗാല്ലോയും കണ്ടുപിടിച്ചു.ഈ വൈറസിന്റെ പേര് എച്ച്.ഐ.വി എന്നാണ്.എച്ച്.ഐ.വി പകര്‍ച്ച വ്യാധിയാണെന്നും കണ്ടുപിടിക്കപ്പെട്ടു.