ഇന്‍സുലിന്‍
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ പ്രമേഹമെന്ന രോഗത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഒന്നും അറിഞ്ഞുകൂടായിരുന്നു.അക്കാലത്ത് പ്രമേഹരോഗം പിടിപെട്ടാല്‍ മരണം സുനിശ്ചിതമായിരുന്നു.എന്നാല്‍ പ്രമേഹവും ആഗ്നേയഗ്രന്ഥിയുമായി എന്തോ ബന്ധമുള്ളതായി അക്കാലത്ത് സംശയമുണ്ടായിരുന്നു.ജര്‍മ്മന്‍ ശാസ്ത്രജ്ഞന്മാരായ ലാന്ഗര്‍ഹാന്‍സ്,മിങ്കോവ്സ്കി,വോണ്‍ മെറിങ്ങ് എന്നിവര്‍ പ്രമേഹരോഗത്തില്‍ ആഗ്നേയഗ്രന്ഥിയുടെ പങ്കിനെക്കുറിച്ച് വിശദമായ പഠനം നടത്തി.1869-1889 കാലയളവിലായിരുന്നു ഈ ഗവേഷണങ്ങള്‍.
ആഗ്നേയയഗ്രന്ഥിയുടെ ആന്തരികസ്രവങ്ങള്‍ നേരിട്ടു രക്തത്തിലേക്കാണ് ചെന്ന്ചേരുന്നതാണ് ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെസോന്‍ തെളിയിച്ചു.അന്നജത്തിന്റെ പോഷണോപചയാപചയത്തെ നിയന്ത്രിക്കുന്നത് ഈ സ്രാവമാണ് .ഇന്‍സുലിന്‍ കണ്ടുപിടിത്തത്തിലേക്ക് വഴിതെളിച്ച ഘടകങ്ങളായിരുന്നു മേല്‍പ്പറഞ്ഞവ.
ആഗ്നേയയഗ്രന്ഥിയുടെ ഒരു സ്രാവത്തിന് ഇന്‍സുലിന്‍ എന്നു പേര് നല്‍കിയത്.ഫ്രഞ്ച്കാരനായ ഡിമേല്‍ ആയിരുന്നു.1909ല്‍ ആയിരുന്നു ഇത് എന്നാല്‍ അദ്ദേഹത്തിനു ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
1920ല്‍ കനേഡിയന്‍ ശരീരധര്‍മ്മശാസ്ത്രജ്ഞനായ ഫ്രെഡറിക്ക് ഗ്രാന്‍റ് ബാന്റിങ്ങ് ഒരു ഗവേഷണപ്രബന്ധം വായിക്കാനിടയായി.ആഗ്നേയയഗ്രന്ഥിയുടെ നാളി കെട്ടിവെച്ച് നടത്തിയ ഒരു പരീക്ഷണം അതില്‍ വിവരിച്ചിരിക്കുന്നു.ഗ്രന്ഥിയിലെ ട്രിപ്സിന്‍ എന്‍സൈം ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ നശിച്ചതായും അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും കണ്ടെത്തി.ട്രിപ്സിന്‍ മൂലം ആഗ്നേയയഗ്രന്ഥിയിലെ ഹോര്‍മോണ്‍ നശിച്ചുപോകുന്നതായിരിക്കും എന്നു ബാന്റിങ്ങ് അനുമാനിച്ചു.
കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി ബാന്റിങ്ങ് ,ടോറോണ്‍ടൊസര്‍വ്വകലാശാലയിലെ ശരീരധര്‍മ്മശാസ്ത്ര പ്രൊഫസറായിരുന്ന ജെ.ജെ മാക്ലിയോഡിനെ സമീപിച്ചു.മാക്ലിയോട് വിദേശ പര്യടനത്തിന് പോവുകയായിരുന്നു.തന്‍റെ പരീക്ഷണശാല ഉപയോഗിക്കാന്‍ അദ്ദേഹം ബാന്റിങ്ങിനു അനുമതി നല്‍കി.ചാള്‍സ് ബെസ്റ്റ് എന്നൊരാളെ സഹായിയായി മാക്ലിയോട് നിയോഗിച്ചു.
ബാന്റിങ്ങും ബെസ്റ്റും തങ്ങളുടെ ക്ലേശകരമായ പരീക്ഷണങ്ങള്‍ ആരംഭിച്ചു.അവര്‍ നായ്ക്കളുടെ ആഗ്നേയയഗ്രന്ഥികളുടെ നാളികള്‍ കെട്ടിയിട്ടശേഷം ഏതാനും ആഴ്ചകള്‍ കാത്തിരുന്നു.എന്നിട്ട് ഗ്രന്ഥിയിലെ നീര് പിഴിഞ്ഞെടുത്ത് താഴ്ന്ന താപനിലയില്‍ സൂക്ഷിച്ചു.ഈ സമയo വിദേശപര്യടനം കഴിഞ്ഞ് മാക്ലിയോട് തിരിച്ചെത്തി.ആരംഭത്തില്‍ സംശയാലുവായിരുന്ന അദ്ദേഹം പരീക്ഷണം വിജയിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടപ്പോള്‍ അവരുമായി ഉത്സാഹത്തോടെ സഹകരിച്ചു.അവസാനം അവരെല്ലാവരും കൂടി ആഗ്നേയയഗ്രന്ഥിയില്‍ നിന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കഴിവുള്ള ഒരു ദ്രാവകം വേര്‍തിരിച്ചെടുത്തു.ഇതിലടങ്ങിയ ഹോര്‍മോണാണു ഇന്‍സുലിന്‍.
1921 നവംബര്‍ 14നു ബാന്റിങ്ങും ബെസ്റ്റും ചേര്‍ന്നു ടൊറോണ്‍ടോ സര്‍വ്വകലാശാലയില്‍ വെച്ചു നടന്ന ശരീരധര്‍മ്മശാസ്ത്ര സമ്മേളനത്തില്‍ തങ്ങളുടെ കണ്ടുപിടിത്തത്തെക്കുറിച്ച് വിവരിച്ചു.പിന്നീട് ഏകദേശം രണ്ടുമാസത്തിനകം ടൊറോണ്‍ടോ ജനറല്‍ ആശുപത്രിയിലെ ഒരു രോഗിക്ക് ഇന്‍സുലിന്‍ വിജയകരമായി നല്‍കി.ഇതോടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിന് പ്രമേഹരോഗികളുടെ ജീവന്‍ രക്ഷപ്പെടുമെന്നു വൈദ്യശാസ്ത്രത്തിന് ഉറപ്പായി.വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിനു ബാന്റിങ്ങിനും മാക്ലിയോടിനും നോബല്‍ സമ്മാനം നല്‍കി ആദരിച്ചു.