EncyclopediaInventionsScience

ജര്‍മേനിയം

റഷ്യന്‍ ശാസ്ത്രജ്ഞനായ ദിമിത്രി ഇവാനോവിച്ച് മെന്‍ഡലേയേവ് 1871ല്‍ പിരിയോഡിക്ക് ടേബിളിന്റെ രൂപത്തില്‍ മൂലകങ്ങളെ അണിനിരത്തി.അറ്റോമിക് നമ്പര്‍ 32 ആയ ഒരു മൂലകമുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.ഇതിനദ്ദേഹം താല്‍ക്കാലികമായി എക്കാസിലിക്കോണ്‍ എന്നു പേരിട്ടു.

1886ല്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ക്ലമന്‍സ് വിങ്ക്ള൪ അര്‍ജിറോസൈറ്റ് അയിരുകളെക്കുറിച്ച് പഠിക്കുകയും അപഗ്രഥനം നടത്തുകയും ചെയ്തു.ഇതില്‍ കുറഞ്ഞ അളവില്‍ സില്‍വര്‍ സള്‍ഫൈഡ് അടങ്ങിയിരുന്നു.ലോഹത്തിനും അലോഹത്തിനും ഇടയിലുള്ള ഈ ഉപലോഹത്തെ അദ്ദേഹം ജര്‍മേനിയ൦ എന്നു വിളിച്ചു.ഇത് അര്‍ദ്ധ വൈദ്യുതവാഹിയുടെ ഗുണം പ്രദര്‍ശിപ്പിച്ചു.ജര്‍മേനിയം ഭൂമിയുടെ ഉപരിപടലത്തില്‍ 0.0004 ശതമാനത്തിനും 0.0007 ശതമാനത്തിനും ഇടയില്‍ വളരെ കുറഞ്ഞ അനുപാതത്തില്‍ കാണപ്പെടുന്നു.

ട്രാന്‍സിസ്റ്റ൪ കണ്ടുപിടിച്ച പ്രാരംഭകാലഘട്ടങ്ങളില്‍ ജര്‍മേനിയം ഉപയോഗത്തിലുണ്ടായിരുന്നു.പിന്നീട് അതിന്‍റെ സ്ഥാനം സിലിക്കോണ്‍ അപഹരിച്ചു.ജര്‍മേനിയത്തിന്റെ പ്രധാന ഉപയോഗം ഇന്‍ഫ്രാറെഡ് ഡിറ്റക്ടറുകളിലും ഇന്‍ഫ്രാറെഡ് ലെന്സുകളിലും ആണ്.പെരിസ്കോപ്പ് നിര്‍മ്മിക്കാന്‍ ഈ ഉപലോഹമാണ് ഉപയോഗിച്ചു വരുന്നത്.

ട്രാന്‍സിസ്റ്റര്‍, ഫോട്ടോ ഇലക്ട്രിക്ക് സെല്ലുകള്‍,വൈദ്യുതപ്രവാഹ റെക്ടിഫയറുകള്‍,പോളിയസ്റ്റ൪ നിര്‍മാണം,ലെന്‍സുകള്‍ എന്നിവയില്‍ ഇക്കാലത്ത് ജര്‍മേനിയം വ്യാപകമായി ഉപയോഗിച്ചു വരുന്നു.