EncyclopediaInventionsScience

ഇലക്ട്രോപ്ലേറ്റിങ്ങ്

വൈദ്യുതി ഉപയോഗിച്ച് ലോഹം പൂശുന്ന പ്രക്രിയക്കാണ് ഇലക്ട്രോപ്ലേറ്റിങ്ങ് എന്നു പറയുന്നത്.ഏതു ലോഹത്തിന്മേലാണോ ലോഹം പൂശേണ്ടത് അത് കാഥോഡായി ഉപയോഗിക്കുന്നു.ഇത് ഒരു ഇലക്ട്രോലൈറ്റായി മുക്കിവെക്കുന്നു.പൂശാന്‍ ഉദ്ദേശിക്കുന്ന ലോഹത്തിന്റെ ഒരു ലവണലായിനിയായിരിക്കണം ഇലക്ട്രോലൈറ്റ്.ആനോഡിന്റെ സ്ഥാനത്ത് പൂശുന്ന ലോഹവും എടുക്കുന്നു.താഴ്ന്ന വോള്‍ട്ടേജില്‍ ലായിനിയിലൂടെ നേര്‍ധാര വൈദ്യുതി കടത്തിവിട്ടാല്‍ ഇലക്ട്രോളിസിസ് വഴി ലോഹത്തിന്റെ അയോണുകള്‍ വേര്‍പെട്ട് കാഥോഡിന്‍റെ പറ്റിപിടിക്കുന്നു.

  പാത്രങ്ങളും മറ്റും വെള്ളിപൂശുക പതിവുണ്ട്.ഇരുമ്പുസാധനങ്ങള്‍ തുരുമ്പുപിടിക്കുന്നതു തടയാന്‍ ക്രോമിയം,കാഡ്മിയം എന്നിവയാണ് പൂശുന്നത്.നല്ല മേനിക്കും തിളക്കത്തിനും വേണ്ടിയാണ് നിക്കല്‍ പൂശുന്നത്.ചെമ്പ്,നാകം,സ്വര്‍ണം എന്നിവകൊണ്ട് ഇലക്ട്രോപ്ലേറ്റ് ചെയ്യാറുണ്ട്.ചെമ്പുപൂശുന്നതിന് കോപ്പര്‍ സള്‍ഫേറ്റും വെള്ളിപൂശുന്നതിന് നിക്കല്‍ അമോണിയം സള്‍ഫേറ്റും സ്വര്‍ണ്ണം പൂശുന്നതിന് പൊട്ടാസ്യം സയനൈഡിന്റെയും ഗോള്‍ഡ്‌  സയനൈഡിന്റെയും മിശ്രിതലായിനിയും ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്നു.

  ഇലക്ട്രോപ്ലേറ്റിങ്ങിന്റെ ഒരു ശാഖയാണ്‌ ഇലക്ട്രോടൈപ്പിങ്ങ്.ഇതിനു ആദ്യമായി ടൈപ്പിന്റെ ഒരു മെഴുകുമാതൃക തയ്യാറാക്കുന്നു.മെഴുകിന്റെ ഉപരിതലം ചാലകമാക്കുന്നതിനു അതിന്മേല്‍ ഗ്രാഫൈറ്റ് പൂശുന്നു.പിന്നീട് അതിനെ കോപ്പര്‍ സള്‍ഫേറ്റ് ലായിനിയിലിട്ടു ഇലക്ട്രോപ്ലേറ്റിങ്ങ് നടത്തുന്നു.ഇപ്രകാരം മെഴുകുമൂശയില്‍ കനം കുറഞ്ഞ ചെമ്പു മാതൃകകള്‍ രൂപപ്പെടുന്നു.ഇതിനു ശേഷം മെഴുകില്‍നിന്ന് അവയെ വേര്‍പ്പെടുത്തിയെടുക്കുന്നു.