ഡി.എന്‍.എ
ഡിഓക്സിറൈബോ ന്യൂക്ലിയിക് ആസിഡ് എന്നതിന്റെ ചുരുക്കരൂപമാണ് ഡി.എന്‍.എ മിക്ക ജീവികളും പാരമ്പര്യഗുണങ്ങളുടെ വാഹകമായി വര്‍ത്തിക്കുന്നത് ഡി.എന്‍.എ യാണ് ജീവകോശങ്ങളുടെ ന്യൂക്ലിയസുകളിലെ ക്രോമസോമുകളിലാണ് ഡി.എന്‍.എ പ്രധാനമായും കണ്ടുവരുന്നത്.
ഇംഗ്ലീഷുകാരനായ ഫ്രാന്‍സിസ് ക്രിക്കും അമേരിക്കകാരനായ ജെയിംസ് വാട്സനുമാണ് ഡി.എന്‍.എ.ക്ക് പിരിഞ്ഞ ഘടനയാണുള്ളതെന്ന് കണ്ടെത്തിയത്.എന്നാല്‍ ഇവരുടെ മുന്‍ഗാമികളും ഡി.എന്‍.എ യുടെ ഫോട്ടോയെടുത്തവരായ വില്‍ക്കിന്‍സിനും റോസാലിന്‍സ് ഫ്രാങ്ക്ളിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്.നോബല്‍ സമ്മാനജേതാവും രസതന്ത്രജ്ഞനുമായ ലീനസ് പൗളിങ്ങും ഡി.എന്‍.എ സംബന്ധിച്ച് ധാരാളം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.ഡി.എന്‍.എ ഘടനയുടെ അറിവിന്റെ സഹായത്തോടെയാണ് തന്മാത്രജീവശാസ്ത്രത്തിനു മഹത്തായ നേട്ടങ്ങള്‍ കൈവരിക്കാനായത്.
ഡി ഓക്സിറൈബോസ് പഞ്ചസാരയും ഫോസ്ഫേറ്റും നാലുതരം ബേസുകളുമാണ് ഡി.എന്‍.എ യുടെ മൗലികഘടകങ്ങള്‍.ബേസുകളില്‍ രണ്ടെണ്ണം പ്യൂരിനുകളും മറ്റുള്ളവ പിരമിഡൈനുകളുമാണ്.
പഞ്ചസാരയുടെയും ഫോസ്ഫേറ്റിന്റെയും ഏതെങ്കിലും ഒരു ബേസിന്റെയും തന്മാത്രകള്‍ പരസ്പരം യോജിച്ചുണ്ടാകുന്ന ഡി ഓക്സിറൈബോ ന്യൂക്ലിയോടൈഡുകള്‍ നിരവധിയെണ്ണം ശൃംഖലാരൂപേണ സംഘടിക്കുമ്പോള്‍ അതൊരു ഏകയിഴ ഡി.എന്‍.എ തന്മാത്രയായിത്തീരും ഇങ്ങനെയുള്ള രണ്ട് ഇഴകള്‍ സമാന്തരമായി ചേര്‍ന്ന് അവയിലെ ബേസുകള്‍ പരസ്പരം സംഘടിക്കുമ്പോള്‍ പിരിയന്‍ കോണിയുടെ ആകൃതിയിലുള്ള ഒരു ഇരട്ട ഇഴ ഡി.എന്‍.എ ആയിത്തീരും.
ഓരോ കോശത്തിലും സംശ്ലേഷണ ചെയ്യപ്പെടുന്ന പ്രോട്ടീനുകളുടെയും എന്സൈമുകളുടെയും ഘടന ആ കോശത്തിലടങ്ങിയിട്ടുള്ള ഡി.എന്‍.എ തന്മാത്രകളുടെ ഈ ഘടനയെ ആശ്രയിച്ചിരിക്കും.കോശവിഭജന സമയത്ത് അതിലെ ഇരട്ട ഇഴ ഡി.എന്‍.എ തന്മാത്രകള്‍ ഏക ഇഴകളായി വേര്‍പിരിഞ്ഞു ഓരോ ഇഴയും അതിനു അനുപൂരകമായ ദ്വിതീയ ഇഴയെ സൃഷ്ടിക്കുന്നതിനാല്‍ മാതൃകോശത്തിലെ പാരമ്പര്യഗുണങ്ങള്‍ പുത്രീകോശങ്ങള്‍ക്കും ലഭിക്കുന്നു.
ന്യൂക്ലിയസിലെ ഡി.എന്‍.എ യുടെ സാന്നിധ്യം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് കോശത്തിലെ ജീവന്‍ നിലനിര്‍ത്തുന്നത് ഡി.എന്‍.എ യാണ്.ജനിതക സംപ്രേഷണത്തിന് ഉത്തരവാദിയും ഡി.എന്‍.എ. യാണ് അതിനാല്‍ ഡി.എന്‍.എ കൂടാതെ ഒരു ജീവിക്കും ജീവന്‍ നിലനിര്‍ത്തുക സാധ്യമല്ല.
ജീവികളിലെ ജനിതക വൈകല്യങ്ങളെ ഡി.എന്‍.എ ഉപയോഗിച്ച് തിരുത്തി ശരിയാക്കാന്‍ കഴിയുമെന്ന് ജീവശാസ്ത്രജ്ഞന്മാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.വേര്‍തിരിച്ചെടുത്തശേഷം ജനിതകവൈകല്യമുള്ള ജീവികളിലെ കോശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചുകൊണ്ടാണ് ഇത് നിര്‍വഹിക്കുന്നത്.
പിതൃത്വനിര്‍ണയത്തിന് ഡി.എന്‍.എ പരിശോധന സഹായകമാണെന്ന് വന്നതോടുകൂടി അതൊരു സാമൂഹ്യവിപ്ലവത്തിന് കൂടി വഴിവെച്ചിരിക്കുകയാണ്.ഇത് തന്‍റെ കുഞ്ഞല്ലെന്ന് പറഞ്ഞ് കൈയൊഴിയാന്‍ ഇനി ഒരു പുരുഷനും കഴിയില്ല.