അന്താരാഷ്‌ട്ര സ്ഥിരം കലണ്ടര്‍
ജോര്‍ജിയന്‍ കലണ്ടര്‍ പരിഷ്കരിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു.ഇതിലൊന്നാണ് അന്താരാഷ്‌ട്ര സ്ഥിരം കലണ്ടര്‍. മോസസ് ബ്രൂയിന്‍ കോട്സ് വര്‍ത്ത് ആണ് ഇത് രൂപകല്‍പന ചെയ്തത്.
സാധാരണ കലണ്ടറിനെ ആഴ്ച കൊണ്ട് ഹരിച്ചാല്‍ പൂര്‍ണസംഖ്യ കിട്ടില്ല എന്നതായിരുന്നു കോട്സ്‌വര്‍ത്തിനെ കലണ്ടര്‍ പരിഷ്കരണത്തിന് പ്രേരിപ്പിച്ചത്.
കോട്സ്‌വര്‍ത്തിന്റെ കലണ്ടര്‍ ഒരു വര്‍ഷത്തെ 13 മാസങ്ങളായി തിരിച്ചു,ഓരോ മാസവും 28 ദിവസങ്ങള്‍ വീതം, അധികം വന്ന ഒരു മാസത്തിന് സോള്‍ എന്ന് പേരിട്ടു, ജൂണിനും ജൂലൈയ്ക്കും ഇടയിലായിരുന്നു ഇതിന്റെ സ്ഥാനം,ഞായറാഴ്ചയാണ് ഓരോ മാസവും തുടങ്ങുന്നത്, അവസാനിക്കുന്നത് ശനിയാഴ്ചയും.
കോട്സ്‌വര്‍ത്തിന്റെ കലണ്ടര്‍ പ്രകാരം ഒരു വര്ഷം=13x28=364 ദിവസമായിരുന്നു.ആഗ്രഹം പോലെ ഇതിനെ ആഴ്ച കൊണ്ട് ഹരിച്ചാല്‍ പൂര്‍ണസംഖ്യ കിട്ടും.എന്നാല്‍ സാധാരണ കലണ്ടറുമായി ഒരു ദിവസം കുറവായിരുന്നു ഈ അന്താരാഷ്‌ട്ര കലണ്ടറില്‍. ആ കുറവ് പരിഹരിക്കാനും കോട്സ്‌വര്‍ത്ത് വഴി കണ്ടിരുന്നു. ഡിസംബര്‍ 22 ഞായറാഴ്ച ആയിരിക്കണം ക്രിസ്മസ് എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.അന്ന് അവധിയായതിനാല്‍ ആ ദിവസം കണക്കിലെടുക്കേണ്ടതില്ല.അങ്ങനെ വരുമ്പോള്‍ ഡിസംബര്‍ 23-ഉം ഞായറാഴ്ച ആയി കണക്കാക്കാം.
അധിവര്‍ഷം വേണമെങ്കില്‍ അതിനും കോട്സ്‌വര്‍ത്തിനു പരിഹാരമുണ്ടായിരുന്നു.ജൂണ്‍ 29-ന് ഒരു ഞായറാഴ്ച കൂട്ടിച്ചേര്‍ക്കുക!ഈ കലണ്ടറില്‍ ഈസ്റ്റര്‍ എപ്പോഴും ഏപ്രില്‍ 15-നായിരുന്നു.
1902-ല്‍ കോട്സ്‌വര്‍ത്ത് റാഷണല്‍ അല്‍മാനക് എന്നൊരു പുസ്തകം പ്രസദ്ധീകരിച്ചു.ഇതിലായിരുന്നു തന്‍റെ കലണ്ടര്‍ പ്രസദ്ധീകരിച്ചത്. തന്‍റെ കലണ്ടര്‍ പ്രചരിപ്പിക്കുന്നതിന് 1922-ല്‍ അദ്ദേഹം ഇന്‍റര്‍നാഷണല്‍ ഫിക്സഡ് കലണ്ടര്‍ ലീഗ് എന്നൊരു സംഘടന സ്ഥാപിച്ചു.കാനഡയിലെ റോയല്‍ സൊസൈറ്റിയും ലീഗ് ഓഫ് നേഷന്‍സും കോട്സ്‌വര്‍ത്തിന്റെ കലണ്ടര്‍ അംഗീകരിച്ചിരുന്നു.
കലണ്ടര്‍ പരിഷ്കരണ ആശയം പ്രചരിപ്പിക്കുവാന്‍ കോട്സ്‌വര്‍ത്ത് 60 ഓളം രാജ്യങ്ങളില്‍ പര്യടനം നടത്തിയിരുന്നു. എന്നാല്‍ കലണ്ടറില്‍ കാര്യമായ മാറ്റം വരുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.ജോര്‍ജ് ഈസ്റ്റ്മാന്‍ തന്‍റെ കൊഡാക് കമ്പനിയില്‍ ഈ കലണ്ടര്‍ നടപ്പാക്കിയിരുന്നു. ഇതനുസരിച്ച് അവിടത്തെ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ 13 തവണ ശമ്പളം നല്‍കിയിരുന്നു.