EncyclopediaWild Life

ഇന്‍ലാന്‍ഡ് നിങ്ക്വായി

കാഴ്ചയ്ക്ക് അണ്ണാറക്കണ്ണനെപ്പോലെ തോന്നിക്കുന്ന ഒരു സഞ്ചിമൃഗമാണ്‌ നിങ്ക്വായി. ഇത്തിരി കുഞ്ഞന്മാരാണ് നിങ്ക്വായികള്‍. വെങ്ക്വായി നിങ്ക്വായി എന്നും ഇക്കൂട്ടരെ വിളിക്കാറുണ്ട്.1975-ല്‍ മാത്രമാണ് ഇക്കൂട്ടരെ പറ്റിയുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞന്‍മാര്‍ക്ക് കിട്ടിയത്.
5 മുതല്‍ 7.5 സെന്റിമീറ്റര്‍ വരെയാണ് വലിപ്പം. വാലിനു 7 സെന്റിമീറ്റര്‍ നീളമുണ്ടാകും. 12 ഗ്രാമാണ് അക്കൂട്ടരുടെ കൂടിയ ഭാരം! തിങ്ങി വളരുന്ന കുറ്റിക്കാടുകളില്‍ കഴിയുന്ന അവ പകല്‍സമയത്ത് വിശ്രമിക്കാന്‍ പല്ലിയോ അതുപോലുള്ള ഇഴജന്തുക്കളോ ഉണ്ടാക്കിയ മാളങ്ങള്‍ സ്വന്തമാക്കുന്നു. ഒരു സെന്റിമീറ്റര്‍ താഴെ മാത്രം നീളമുള്ള വണ്ടുകളെയും ചീവീടുകളേയും ചിലന്തികളേയും ഇവ പിടികൂടി ശാപ്പിടും. ഹമ്മക്ക് ഗ്രാസ് എന്ന ഒരിനം പുല്ലുകളില്‍ നിന്നാണ് ഇവ ഇരകളെ വേട്ടയാടുന്നത്.
പെണ്‍ നിങ്ക്വായി ഒരു പ്രാവശ്യം 7 കുഞ്ഞുങ്ങളെ വരെ പ്രസവിക്കും. അവ അമ്മയുടെ സഞ്ചിക്കുള്ളില്‍ പാല്‍ കുടിച്ച് ആറാഴ്ച കഴിഞ്ഞുകൂടുന്നു. പതിമൂന്നു ആഴ്ച വേണം പ്രായപൂര്‍ത്തിയെത്താന്‍. ഒറ്റപ്പെട്ടു കഴിയാനിഷ്ടപ്പെടുന്ന ഇക്കൂട്ടരുടെ നാട് മധ്യ ഓസ്ട്രേലിയയാണ്.