ഇന്ദിരാഗാന്ധി ഇന്ത്യയുടെ ഉരുക്കുവനിത
സ്വതന്ത്ര ഇന്ത്യയുടെ ഒരേയൊരു വനിതാ പ്രധാനമന്ത്രി, പ്രധാനമന്ത്രിയായ അച്ഛന്‍റെ പാതപിന്തുടര്‍ന്ന് പ്രധാനമന്ത്രിയായിത്തീര്‍ന്ന പുത്രി ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. കരുത്തുറ്റ ഒരു ഭരണാധികാരിയായിരുന്നു അവര്‍,മറ്റു പലരും എടുക്കാന്‍ മടിക്കുന്ന ധീരമായ നടപടികളായിരുന്നു അവരുടേത്.സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സൈനികവിജയത്തിന് ആ മഹതി നേതൃത്വം നല്‍കി.ലോകസമാധാനത്തിന്റെ വക്താവായി.കരുത്തുറ്റ ഭരണാധികാരിയും സമര്‍ഥയായ സംഘാടകയുമായിരുന്നു ഇന്ദിരാഗാന്ധി.
ആയിരം പുത്രന്മാരെക്കാള്‍ മികച്ച പുത്രിയാണ് താനെന്ന് ഇവള്‍ തെളിയിക്കും.ഇന്ദിര ജനിച്ചയുടനെ മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളാണിത്.മോത്തിലാലിന്റെ പ്രവചനം തെറ്റിയില്ല.ലോകരാഷ്ട്രങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിച്ച നേതാവായി ഇന്ദിര മാറി. ഇന്ത്യയുടെ ഉരുക്കുവനിതയായി അവര്‍ അറിയപ്പെട്ടു.
അലഹബാദിലെ ആനന്ദ്ഭവനില്‍ 1917-നാണ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെയും കമലാ നെഹ്റുവിന്റെയും പുത്രിയായി ഇന്ദിര ജനിച്ചത്, മുത്തച്ഛനാണ് ഇന്ദിരയ്ക്ക് ആ പേരിട്ടത്.അച്ഛനമ്മമാര്‍ പ്രിയദര്ശിനി എന്ന പേരു കൂടി ചേര്‍ത്തു.അങ്ങനെ ഇന്ദിര, ഇന്ദിര പ്രിയദര്‍ശിനിയായി. ഇന്ദിര ജനിക്കുമ്പോള്‍ മുത്തച്ഛന്‍റെ മോത്തിലാല്‍ നെഹ്‌റു ദേശീയ രാഷ്ട്രീയയത്തിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.
ഗാന്ധിജി,ആനിബസന്‍റ്, ലാലാ ലജ്പത്റായി തുടങ്ങിയ ദേശീയനേതാക്കള്‍ ആനന്ദ് ഭവനിലെ നിത്യസന്ദര്‍ശകരായിരുന്നു.ഇവരൊക്കെ ഇന്ദിരയില്‍ കുട്ടിക്കാലത്തു തന്നെ ശക്തമായ സ്വാധീനം ചെലുത്തി.ദേശീയപ്രസ്ഥാനത്തിന് വേണ്ടി പലവട്ടം ജയിലില്‍ പോകേണ്ടിവന്ന അച്ഛന്‍റെ ജീവിതവും അവള്‍ക്കു വഴികാട്ടിയായി.
മോത്തിലാല്‍ അവളെ ഒരു ഇംഗ്ലീഷ് സ്കൂളില്‍ ചേര്‍ത്തു.പക്ഷെ രാജ്യസ്നേഹിയായ ജവഹര്‍ലാല്‍ അതാ സമ്മതിച്ചില്ല.ഒടുവില്‍ വീട്ടില്‍ ഇരുത്തി ട്യൂഷന്‍ നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചു.അങ്ങനെ ഇന്ദിര ഒറ്റയ്ക്കു പഠനം തുടങ്ങി.