സർപ്പഗന്ധി
ഇന്ത്യയിലേയും മലേഷ്യയിലേയും നിത്യഹരിത വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും കാണപ്പെടുന്ന കുറ്റിച്ചെടി ആണ് സർപ്പഗന്ധി അഥവാ അമൽപ്പൊരി. “അപ്പോസൈനേസീ“ എന്ന കുടുംബത്തിൽ പെട്ട ഈ സസ്യം “റാവോൾഫിയ സെർപ്പെന്റൈന”(Rauwolfia serpentina) എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.ഒരു മീറ്റർ ഉയരത്തിൽ വരെ വളരുന്ന സർപ്പഗന്ധിയുടെ ഇലകൾക്ക് കടും പച്ച നിറമാണ്. കാണ്ഡത്തിലെ പർവ്വസന്ധിയിൽ(Node) നിന്നും മൂന്നിലകളുണ്ടാകും. മൺസൂൺ കാലത്തിനുശേഷമാണ് ചെടി പൂവിടാൻ തുടങ്ങുന്നത്. ചുവന്ന ഞെട്ടും, പുഷ്പവൃതിയുമുള്ള പൂക്കുലകളിൽ വെളുത്ത പൂക്കളാണുണ്ടാവുക. പരാഗണശേഷം പൂങ്കുല അവശേഷിച്ച് പൂക്കൾ കൊഴിയുന്നു, ഏതാനം ദിവസങ്ങൾക്കകം തത്സ്ഥാനത്ത് പച്ച കായ്കൾ പ്രത്യക്ഷപ്പെടുന്നു. ഒരു മാസത്തിൽ താഴ്ന്ന കാലം കൊണ്ട് കായ്കൾ പഴുക്കുന്നു. കായ്കൾ കടുത്ത പിങ്കുനിറം പ്രാപിക്കുമ്പോളിതു മനസ്സിലാക്കാം.തണലും, ചൂടും, ആർദ്രതയുമുള്ള പ്രദേശങ്ങളിലാണ് സർപ്പഗന്ധി വളരുന്നത്. വിത്തുകൾ നട്ടും, കാണ്ഡം, വേര് മുതലായവ മുറിച്ചു മാറ്റിനട്ടും വളർത്തിയെടുക്കാം. ഇതിന്റെ വേരുകൾക്ക് സര്‍പ്പത്തിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു, അങ്ങനെയാണിതിനു സര്പ്പഗന്ധിയെന്ന പേരു വന്നത്.