നറുനീണ്ടി
ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ് നറുനീണ്ടി, നറുനണ്ടി, നന്നാറി. ധാരാളം വേരുകളുള്ള ഇതിന്റെ കിഴങ്ങ് രൂക്ഷഗന്ധമുള്ളതും ഔഷധഗുണമുള്ളതുമാണ്. സരസപരില, ശാരിബഎന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു. ആയുർവേദമരുന്നുകളുടെ നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഇതിന്റെ ഔഷധഗുണത്തെക്കുറിച്ച് ഇന്നാട്ടുകാർ വളരെക്കാലം മുൻപേ ബോധവാന്മാർ ആയിരുന്നു. 1831ൽ ഡോ. ആഷ്ബർണർ നന്നാറിയെ പരിചയപ്പെടുത്തിയപ്പോൾ മാത്രമാണ് പശ്ചാത്യലോകം ഇതിന്റെ ഗുണങ്ങളെക്കുറിച്ചറിയുന്നത്.