EncyclopediaGeneralTrees

നെല്ലി

നെല്ലിക്ക എന്ന ഫലം നൽകുന്നതും യൂഫോർബിയാസീ എന്ന സസ്യകുടുംബത്തിൽപ്പെടുന്നതുമായ ഒരു ഇലപൊഴിയുന്ന (Deciduous) മരമാണ് നെല്ലി. സംസ്കൃതത്തിൽ ആമലകി, അമൃതഫലം, ധാത്രിക എന്നും അറിയപ്പെടുന്നു.നെല്ലിമരം 8 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. മരപ്പട്ട ചാര നിറത്തിലുള്ളതാണ്. ഇലകൾ പച്ച നിറമുള്ളതും ചെറുതുമാണ്. മാർച്ച് – മേയ് മാസങ്ങളിൽ‍ പുഷ്പിക്കുന്ന നെല്ലിമരത്തിന്റെ പൂക്കൾ‍ക്ക് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്.ആൺ പൂക്കളും പെൺപൂക്കളും ഒരേ ചെടിയിൽ കാണുന്നു. ഫലങ്ങൾ ചവർപ്പ് കലർന്ന പുളിരസമുള്ളതും ഗോളാകൃതിയിലുള്ളതുമാണ്. നെല്ലിക്കായ കഴിച്ചയുടനേ വെള്ളം കുടിച്ചാൽ, വെള്ളത്തിന് മധുരമുള്ളതായി തോന്നും.ആംഗലേയത്തിൽ ഇൻഡ്യൻ ഗൂസ്ബെറി എന്ന് അറിയുന്ന നെല്ലിക്കയുടെ ശാസ്ത്ര നാമങ്ങൾ Emblica officinalis / Phyllanthus emblica എന്നാണ്. സംസ്കൃതത്തിൽ അമ്ലക, അമ്ലകി, അമ്‌ല. കന്നഡയിലും, തമിഴിലും, മലയാളത്തിലും നെല്ലി എന്ന് പേര്.ഉത്തർപ്രദേശിൽ പ്രതാപ്ഘർരെന്ന സ്ഥലത്ത് ധാരാളം നെല്ലികളുണ്ട്. കായ്കളുണ്ടായിക്കഴിഞ്ഞ് ജനുവരിയോടെ ഇല പൊഴിക്കുന്ന ഇവ ജൂൺ-ജൂലായ് മാസത്തോടെ തളിർത്ത് പൂത്തു തുടങ്ങും. രാജസ്ഥാനിൽ ജനുവരിയിലും കായ്കൾ ഉണ്ടാവും.